കളമശ്ശേരി സ്ഫോടനം: ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി; യുഎപിഎ ചുമത്തി
കൊച്ചി: കളമശ്ശേരി സ്ഫോടന കേസിൽ പ്രതി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യു എ പി എ, സ്ഫോടക വസ്തു നിയമം, കൊലപാതക ശ്രമം, വധശ്രമം ഗൂഢാലോചന തുടങ്ങിയ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പോലീസിന്റെ ഉന്നതതല യോഗത്തിന് ശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇപ്പോൾ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിന് സമീപം ഉള്ള എ ആർ ക്യാമ്പിലാണ് ഡോമനിക് മാർട്ടിനെ കസ്റ്റഡിയിൽ വെച്ചിരിക്കുന്നത്.

ഡൊമിനിക്കിനെ ഇന്ന് കോടതിയിൽ ഹാജരാരക്കാനുള്ള സാധ്യത കുറവാണെന്നാണ് പോലീസ് പറയുന്നത്. നാളെ രാവിലെയോടെയായിരിക്കും പ്രതിയെ കോടതിയിൽ ഹാജർ ആക്കുന്നത്. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് 24 മണിക്കൂർ പിന്നിടുന്നതിന് മുൻപാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്നലെ രാവിലെ കളമശ്ശേരിയിൽ സ്ഫോടനം നടന്നതിന് പിന്നാലൊയണ് തൃശ്ശൂരിലെ കൊടകര പോലീസ് സ്റ്റേഷനിൽ എത്തി ഡൊമിനിക് കീഴടങ്ങിയത്. ഇയാൾ എറണാകുളം കടവന്ത്ര സ്വദേശിയാണ്. തെളിവുകൾ പരിശോധിച്ച ശേഷം പോലീസ് പ്രതി ഡൊമനിക് മാർട്ടിനാണെന്ന് സ്ഥിരീകരിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിനിടയിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വിശദമായ അന്വേഷണത്തിന് ഒടുവിലാണ് ഉന്നതതല യോഗം ചേർന്ന് പോലീസ് ഡൊമനികിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇപ്പോഴും കളമശ്ശേരിയിലെ എ ആർ ക്യാമ്പിൽ ഡൊമിനിക് മാർട്ടിനെ ചോദ്യം ചെയ്ത് വരികയാണ്. സംസ്ഥാന പൊലീസ്, എൻ ഐ എ, എൻ എസ്ജി തുടങ്ങിയ ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥർ കൊച്ചിൽ ക്യാമ്പ് ചെയ്യുന്നുണ്ട്
അതേസമയം, ഇന്നലെ സ്ഫോടനം നടന്ന കളമശ്ശേരി സമ്ര കൺവെൻഷൻ സെന്റർ മുഖ്യമന്ത്രി സന്ദർശിച്ചു. കളമശ്ശേരി സമ്ര കൺവെൻഷൻ സെന്റർ സന്ദർശിച്ച് സ്ഥിതിഗതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വിലയിരുത്തിയതായി അദ്ദേഹം അറിയിച്ചു. മരിച്ച കുമാരിയുടെയും ലിയോണ പൗലോസിന്റെയും ബന്ധുക്കളെ നേരിൽ കണ്ടു സംസാരിക്കുകയും അവരുടെ ദു:ഖത്തിൽ പങ്കു ചേരുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
തുടർന്നു മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുകയും അവർക്കാവശ്യമായ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനു വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. അന്വേഷണം കുറ്റമറ്റ രീതിയിൽ മുന്നോട്ടു നീങ്ങുകയാണ്. അപകടകരമായ പ്രചരണങ്ങളും അനാവശ്യമായ വിവാദങ്ങളും ഒഴിവാക്കി സംയമനത്തോടെ ഈ സാഹചര്യത്തെ നേരിടാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു , ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications