കളമശ്ശേരിയിലേത് ബോബ് സ്ഫോടനം തന്നെ: ഐഇഡി സാന്നിധ്യം കണ്ടെത്തിയെന്ന് ഡിജിപി
എറണാകുളം: കളമശ്ശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായത് ബോംബ് സ്ഫോടനം തന്നെയെന്ന് സംസ്ഥാന പൊലീസ് മേധാവി. ഐഇഡി(ഇംപ്രുവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ആക്രമണമാണ് നടന്നത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. അന്വേഷണത്തിന് ഇന്ന് തന്നെ പ്രത്യേക സംഘത്തിന് രൂപം നല്‍കും. കുറ്റക്കാരെ കണ്ടെത്തി കർശനം നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
ഭീകരാക്രമണ സാധ്യത ഈ ഘട്ടത്തിൽ പറയാനാകില്ല. അന്വേഷണത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തമായ കാര്യം പറയാനാകൂ. ഇന്റലിജൻസിന് ഇത് സംബന്ധിച്ച പ്രത്യേക വിവരം ഒന്നുമുണ്ടായിരുന്നില്ല. വിഷയത്തില്‍ ഞാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി സംസാരിച്ചിട്ടില്ല. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷം പടർത്തുന്നവർക്കെതിരെ കർശന നിലപാട് സ്വീകരിക്കും സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.

കളമശ്ശേരിയില്‍ നടന്നത് ടിഫിന്‍ ബോംബ് സ്ഫോടനമാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ടിഫിൻ ബോക്സിനുള്ളിലാണു സ്ഫോടകവസ്തു വച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവസ്ഥലത്തു വെടിമരുന്നിന്റെ സാന്നിധ്യവുമുണ്ടെന്നും പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
യഹോവയുടെ സാക്ഷികളുടെ സമ്മേളനം നടക്കുന്ന കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് രാവിലെ 9.45 നാണ് സ്ഫോടനം നടക്കുന്നത്. ആദ്യ സ്ഫോടനത്തിന് ശേഷം തുടർ സ്ഫോടനങ്ങളും ഉണ്ടായെന്നാണ് ദൃക്സാക്ഷികള്‍ വ്യക്തമാക്കിയത്. അപകടത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. മുപ്പതിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. ഇവർക്ക് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നല്‍കി വരികയാണ്.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു. എന്‍ ഐ എ ഉദ്യോഗസ്ഥരും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും സംസ്ഥാനത്തെ ഉന്നത പോലീസ് സംഘവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഭീകരാക്രമണ സാധ്യതയുടെ പശ്ചാത്തലത്തില്‍ കേസ് അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തേക്കും.
അതേസമയം, കളമശ്ശേരിയിലെ സ്ഫോടനം അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. അപകടത്തിന്റെ മറ്റ് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. എറണാകുളം ജില്ലയിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഡി ജി പി അടക്കമുള്ള സംസ്ഥാനത്തെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ അങ്ങോട്ട് പുറപ്പെട്ടിട്ടുമുണ്ട്. ഏതാനും സമയം കൊണ്ട് അവിടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications