പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’
പറഞ്ഞുവെട്ടലും പറന്നുവെട്ടലും പുതുമയല്ലാത്ത കളരിയുടെ നാട്ടിൽ വിമതരുടെ അങ്കച്ചുവടുകൾ മുറുകുന്നതിന് സാക്ഷ്യം വഹിച്ചാണ് കണ്ണൂർ ജില്ലയിലെ പോർക്കളമുണർന്നത്. തളിപ്പറമ്പ് സീറ്റിനെ ചൊല്ലി സിപിഎം കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദനും പയ്യന്നൂരിൽ ടി.ഐ. മധുസൂദനനെതിരെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെട്ടിപ്പ് ആരോപിച്ച് പാർട്ടി ജില്ല കമ്മിറ്റി മുൻ അംഗം വി. കുഞ്ഞികൃഷ്ണനുമാണ് ഇടതുകോട്ടയിൽ വിള്ളലുണ്ടാക്കിയത്. ഇരുവരും ഇപ്പോൾ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥികൾ. ഇവർ പിടിക്കുന്ന വോട്ടോർത്ത് പാർട്ടിക്ക് നെഞ്ചിടിപ്പ് കൂടുന്നുണ്ട്. പയ്യന്നൂരിൽ ഭൂരിപക്ഷം കുറയുമെന്നുറപ്പ്. തളിപ്പറമ്പിൽ എന്തും സംഭവിക്കാം.
തളിപ്പറമ്പിലെ വിമത സാന്നിധ്യം യുഡിഎഫിനും തിരിച്ചടിയായിട്ടുണ്ട്. കെപിസിസി മുൻ അംഗം കൊയ്യം ജനാർദ്ദനൻ ആണ് യുഡിഎഫിന്റെ സാധ്യതകൾക്ക് മങ്ങലേൽപിച്ച് ഇവിടെ രംഗത്തുള്ളത്. സിപിഎമ്മിലെ പൊട്ടിത്തെറി മുതലെടുക്കാൻ യുഡിഎഫ് ഒരുങ്ങുമ്പോഴായിരുന്നു കെ. സുധാകരൻ എംപി വൈകാരിക കുറിപ്പിട്ടും അനുയായികളെ തെരുവിലിറക്കിയും കണ്ണൂർ സീറ്റിനായി കലാപക്കൊടി ഉയർത്തിയത്. എംപിമാർക്ക് സീറ്റില്ലെന്ന നിലപാട് ഹൈക്കമാൻഡ് എടുത്തതോടെ സുധാകരൻ ഒതുങ്ങിയെങ്കിലും യുഡിഎഫ് സ്ഥാനാർഥിയായെത്തിയ എതിർചേരിയിലെ ടി.ഒ. മോഹനനെ സുധാകരൻ ഫാൻസ് പാലം വലിക്കുമോ എന്ന ആശങ്കയുണ്ട്. തദ്ദേശത്തിലും ലോക്സഭയിലും യുഡിഎഫിന് വൻ ഭൂരിപക്ഷമുള്ള മണ്ഡലമാണ് കണ്ണൂർ. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി.

2021ൽ 11 മണ്ഡലങ്ങളിൽ ഒമ്പതിടത്തും എൽഡിഎഫും രണ്ടിടത്ത് യുഡിഎഫുമാണ് (ഇരിക്കൂർ, പേരാവൂർ) വിജയിച്ചത്. ഇത്തവണ പയ്യന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ്, തലശ്ശേരി, ധർമ്മടം, മട്ടന്നൂർ, കൂത്തുപറമ്പ്, കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങൾ നിലനിർത്തുകയെന്നത് തന്നെയാണ് എൽഡിഎഫ് നേരിടുന്ന വെല്ലുവിളി. ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ട് അനുപാതമാണ് സമവാക്യങ്ങൾ മാറ്റിമറിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് കണക്ക് പ്രകാരം ജില്ലയിൽ ആറിടത്ത് യുഡിഎഫും അഞ്ചിടത്ത് എൽഡിഎഫുമാണ്. തദ്ദേശ ഫലം വിലയിരുത്തിയാൽ ആറിടത്ത് എൽഡിഎഫും അഞ്ചിടത്ത് യുഡിഎഫും. ഭൂരിപക്ഷം കുറഞ്ഞാലും ധർമടം, പയ്യന്നൂർ, കല്യാശ്ശേരി, തലശ്ശേരി, മട്ടന്നൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ എൽഡിഎഫിന് സാധ്യതയുണ്ട്. കണ്ണൂരിലും ഇരിക്കൂറിലും യുഡിഎഫ് പ്രതീക്ഷ വെക്കുന്നു. തളിപ്പറമ്പ്, അഴീക്കോട്, പേരാവൂർ എന്നിവിടങ്ങളിൽ കടുത്ത പോരുമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മുൻ മന്ത്രി കെ.കെ.ശൈലജ തുടങ്ങി ഒട്ടേറെ പ്രമുഖർ പോരാട്ടത്തിനിറങ്ങുന്ന ജില്ല കൂടിയാണ് കണ്ണൂർ. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും മഹിളാ അസോസിയേഷൻ നേതാവുമായ പി.കെ. ശ്യാമള മത്സരിക്കുന്ന തളിപ്പറമ്പിലെ ജയം പാർട്ടിക്ക് അഭിമാനപ്രശ്നമാണ്. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട ടി.കെ. ഗോവിന്ദൻ നേരെ യുഡിഎഫ് പാളയത്തിലേക്ക് കയറി സ്ഥാനാർഥിയായത് സിപിഎമ്മിന് ചില്ലറ തലവേദനയൊന്നുമല്ല നൽകിയിരിക്കുന്നത്. ചെങ്കോട്ടയായ പയ്യന്നൂരിലും സിപിഎമ്മിന് ഏറെ വിയർക്കേണ്ടിവരുന്നുണ്ട്. ഫണ്ട് വിവാദത്തിൽ ആരോപണവിധേയനായ സിറ്റിങ് എംഎൽഎ ടി.ഐ. മധുസൂദനനെ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനമാണ് വി. കുഞ്ഞികൃഷ്ണനെ വിമതവേഷത്തിൽ യുഡിഎഫ് പാളയത്തിലെത്തിച്ചത്.
താൻ ഉന്നയിച്ച വിവാദ കണക്കിന്റെ രേഖകൾകൂടി തിങ്കളാഴ്ച കുഞ്ഞികൃഷ്ണൻ പുറത്തുവിട്ടത് സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കി. കുഞ്ഞികൃഷ്ണന് നിരവധി പാർട്ടി വോട്ടുകൾ ലഭിക്കുമെന്ന സൂചനയുള്ളതിനാൽ അതൃപ്തരെ രഹസ്യമായി കണ്ട് അനുനയിപ്പിക്കാനുള്ള ശ്രമം നേതൃത്വം നടത്തുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിമതനായി മത്സരിച്ച വൈശാഖ് ജയിച്ചതിന്റെ ക്ഷീണവും പാർട്ടി പയ്യന്നൂരിൽ അഭിമുഖീകരിക്കുന്നുണ്ട്. തളിപ്പറമ്പിലും പയ്യന്നൂരിലും പാർട്ടി വോട്ടുകൾ മറിയാതിരിക്കാൻ സിപിഎം നേതൃത്വം കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. അടിയൊഴുക്കുകളിലാണ് രണ്ടിടത്തെയും യുഡിഎഫ് പ്രതീക്ഷ.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ എത്തിയതോടെയാണ് പേരാവൂരിൽ പോര് കനത്തത്. 2011 മുതൽ സണ്ണി ജോസഫാണ് ഇവിടെ എംഎൽഎ. 2006ൽ പേരാവൂരിൽനിന്ന് വിജയിച്ച ശൈലജ 2011ൽ സണ്ണി ജോസഫിനോട് പരാജയപ്പെട്ട് മണ്ഡലമിറങ്ങിയതാണ്. 2026ൽ മൂന്നാമങ്കത്തിന് ഇവർ വീണ്ടും പേരാവൂരിൽ എത്തുമ്പോൾ പോരാട്ടം തീപാറും. കെ.വി. സുമേഷും അബ്ദുൽ കരീം ചേലേരിയും നേരിട്ട് ഏറ്റുമുട്ടുന്ന അഴീക്കോട്ടും ശക്തമായ മത്സരമാണ് അരങ്ങേറുന്നത്.
-
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
നിയമസഭാ തിരഞ്ഞെടുപ്പ്; ഹോം വോട്ടിങ് തുടങ്ങി, നാലര ലക്ഷം വോട്ടര്‍മാര്‍, സംഘം വീട്ടിലെത്തും -
'ബിജെപി ഉളളതുകൊണ്ടാണ് ക്രിസ്ത്യാനികൾ ഇവിടെ ജീവിക്കുന്നത്, പിതാക്കൻമാർ ഊളത്തരം പറയുന്നു';പിസി ജോർജ് -
'പിണറായിയെ സതീശന് മൂക്ക് കൊണ്ട് റൃത്വിക് റോഷന് എന്നെഴുതിക്കും, പുലിമടയിൽ തലവെക്കരുത്', ട്രോളി സലിം കുമാർ -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
വട്ടിയൂർക്കാവിൽ കൂലിക്ക് ആളെ കൊണ്ടുവന്നിട്ടല്ല ഞാൻ രണ്ട് തവണ ജയിച്ചത്'; കെ മുരളീധരൻ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
'എന്നാൽ സംവാദമാവാം'; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കളത്തിൽ തീപാറും -
ഡീൽ പ്രചാരണം രാഷ്ട്രീയ വഞ്ചനയ്ക്കുള്ള മുൻകൂർ ജാമ്യം; മറുപടിയുമായി തോമസ് ഐസക് -
വോട്ട് ചെയ്യാൻ ഫ്രീയായി ടാക്സിയിൽ പോകാം; വോട്ടർമാരെ ഞെട്ടിച്ച് പ്രഖ്യാപനം! -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications