26 യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസ്; ഐശ്വര്യ യാത്രയുടെ പ്രയാണം പ്രതിസന്ധിയിലാകുമോ
കണ്ണൂര്‍: ഐശ്വര്യ കേരളയാത്രയോട് അനുബന്ധിച്ച് 26 യുഡിഎഫ് നേതാക്കള്‍ക്കെതിരെ കണ്ണൂരില്‍ കേസ്. തളിപ്പറമ്പ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര പകര്‍ച്ചവ്യാധി നിരോധന നിയമത്തിന്റെ ലംഘനമാണെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം യാത്രയ്‌ക്കെതിരെ മന്ത്രി എകെ ബാലന്‍ രംഗത്തുവന്നിരുന്നു. കൊറോണ പ്രോട്ടോകോള്‍ ലംഘിച്ചാണ് യാത്ര എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തൊട്ടുപിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ചൊവ്വാഴ്ച കണ്ണൂര്‍ ജില്ലയിലെ യാത്രയുടെ സമാപനം തളിപ്പറമ്പിലായിരുന്നു. സിപി ജോണ്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്ന് വയനാട്ടിലും കോഴിക്കോട് ജില്ലയിലുമാണ് ഐശ്വര്യ കേരള യാത്രയുടെ പ്രയാണം. വയനാട്ടിലെ മാനന്തവാടിയില്‍ നിന്നാണ് ഇന്ന് ആരംഭിച്ചത്. യാത്ര കടന്നുപോകുന്ന എല്ലായിടത്തും കൊറോണ ക്ലസ്റ്ററുകള്‍ ആയി മാറുമെന്ന് മന്ത്രി ബാലന്‍ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ ശൈലി അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
ഐശ്വര്യ കേരള യാത്ര രണ്ടു ജില്ലകളേ പിന്നിട്ടിട്ടുള്ളൂ. തളിപ്പറമ്പിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇനി ഓരോ ജില്ലയിലും കേസ് രജിസ്റ്റര്‍ ചെയ്യാനാണ് സാധ്യത. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ് എന്നതും എടുത്തുപറയേണ്ടതാണ്. കഴിഞ്ഞ ദിവസം 13000 കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പകുതിയോളം കേരളത്തിലായിരുന്നു.












Click it and Unblock the Notifications