കണ്ണൂര്‍ വിസി പുനര്‍നിയമനം; ആര്‍ ബിന്ദുവിന് ലോകായുക്തയുടെ ക്ലീന്‍ ചിറ്റ്, ചെന്നിത്തലയ്ക്ക് തിരിച്ചടി
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വി സി പുനര്‍ നിയമനക്കേസില്‍ ഉന്നത വിദ്യാഭ്യസ മന്ത്രി ആര്‍ ബിന്ദുവിന് ക്ലീന്‍ചിറ്റ്. ലോകായുക്തയാണ് മന്ത്രിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. ഗവര്‍ണര്‍ക്ക് മുന്നില്‍ മന്ത്രി അനാവശ്യ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് ലോകായുക്ത പറഞ്ഞു. മന്ത്രി നല്‍കിയത് നിര്‍ദേശം മാത്രമാണെന്നും വീണ്ടും അവസരം നല്‍കുന്നത് നല്ലാതാകുമെന്ന് മാത്രമാണ് മന്ത്രി നിര്‍ദേശിച്ചതെന്നും ലോകായുക്ത നിരീക്ഷിച്ചു. ആ നിര്‍ദേശം ചാന്‍സലര്‍ സ്വീകരിക്കുകയായിരുന്നെന്നും ലോകായുക്ത പറഞ്ഞു.
'ചാന്‍സലറായ ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ മന്ത്രിയുടെ നിര്‍ദേശം തള്ളാമായിരുന്നു. മന്ത്രി എന്ന നിലയില്‍ ആര്‍ ബിന്ദു പക്ഷപാതപരമായി പെരുമാറിയിട്ടില്ല. തെറ്റായ വഴി സ്വീകരിച്ചുവെന്നതിന് വ്യക്തയില്ല,' ലോകായുക്ത കൂട്ടിച്ചേര്‍ത്തു. പരാതിക്കാരനായ മുന്‍ പ്രതിപക്ഷ നേതാവും എം എല്‍ എയുമായ രമേശ് ചെന്നിത്തയുടെ ഹര്‍ജി ലോകായുക്ത തള്ളുകയും ചെയ്തു. ലോകായുക്തയുടെ പരിധിയില്‍ ചാന്‍സലറോ പ്രോ ചാന്‍സലറോ വരില്ലെന്നും കത്ത് ഇടപാട് ഇരുകൂട്ടരും സമ്മതിക്കുന്നതിനാല്‍ അന്വേഷണത്തിന്റെ പ്രസക്തിയെന്തെന്നും ജസ്റ്റിസ് സിറിയക് ജോസഫ് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

ഗവര്‍ണറുടെ ഓഫീസിനെതിരേയും ലോകായുക്ത വിമര്‍ശനം ഉന്നയിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാക്കിയ രേഖകളിലാണ് ഗവര്‍ണറുടെ ഓഫീസ് നല്‍കിയ കത്തുള്ളത്. ഗവര്‍ണര്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞിട്ടില്ലെന്നും ലോകായുക്ത വിശദീകരിച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഗവര്‍ണറുടെ ഓഫീസ് വാര്‍ത്താക്കുറിപ്പ് ഇറക്കേണ്ടിയിരുന്നില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ച് കാര്യങ്ങള്‍ വ്യക്തത വരുത്താമായിരുന്നുവെന്നും ലോകായുക്ത വിധിയില്‍ പറയുന്നുണ്ട്.

അതേസമയം ലോകായുക്ത വിധി യുക്തി ഭദ്രമല്ലെന്നും ഉന്നയിച്ച വാദങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നതടക്കമുള്ള വാദങ്ങള്‍ നൂറു ശതമാനവും വസ്തുതാപരമാണ്. അതിപ്പോഴും പ്രസക്തവുമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ലോകായുക്തയെ അല്ല വിധിയെയാണ് വിമര്‍ശിക്കുന്നതെന്നും ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത വിധിയാണ് ലോകായുക്തയുടേതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ വിസിയെ നിയമിക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയെ ഗവര്‍ണ്ണറാണ് നിയമിച്ചത്. സെര്‍ച്ച് കമ്മിറ്റി നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുമ്പോഴാണ് അത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി കത്തെഴുതിയത്. അത് നിയമ വിരുദ്ധമല്ലേയെന്ന് ചെന്നിത്തല ചോദിച്ചു. മന്ത്രി ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ നടത്തിയതെന്നും അദ്ദേഹം ആരാഞ്ഞു. വ്യക്തിപരമായി മന്ത്രിയോട് എതിര്‍പ്പില്ല. തനിക്ക് ഇച്ഛാഭംഗമെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
Recommended Video

മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടു എന്നായിരുന്നു ആര്‍ ബിന്ദുവിനെതിരായി ലോകായുക്തയില്‍ നല്‍കിയ ഹര്‍ജിയില്‍ പ്രധാനമായും ഉന്നയിച്ചിരുന്നത്. കണ്ണൂര്‍ വി.സിയെ പുനര്‍ നിയമിക്കുന്നതിന് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ നിര്‍ദേശം ക്രമവിരുദ്ധമാണ് എന്നതായിരുന്നു രമേശ് ചെന്നിത്തല ഉന്നയിച്ച ഹര്‍ജിയിലെ പരാതി. എന്നാല്‍ വാദത്തിനിടെ സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചത് ഇത്തരമൊരു നിര്‍ദ്ദേശമുണ്ടായത് ഗവര്‍ണറുടെ ആവശ്യ പ്രകാരമാണ് എന്നതാണ്. അതേസമയം കഴിഞ്ഞ ദിവസം ഇതില്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്നും വിശദീകരണ കുറിപ്പ് ഉണ്ടായിരുന്നു. എ ജിയുടെ ഭാഗത്ത് നിന്നുണ്ടായ നിയമോപദേശ പ്രകാരമാണ് ഇത്തരമൊരു നടപടി ഉണ്ടായത്.

ഇതിനെ മുഖ്യമന്ത്രിയുടെ ഓഫീസും കൂടാതെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ടിട്ടാണ് ഇത്തരമൊരു നിര്‍ദ്ദേശത്തിലേക്ക് എത്തിയതെന്നായിരുന്നു ഗവര്‍ണറുടെ വിശദീകരണം. കണ്ണൂര്‍ വി സിയായുള്ള പ്രഫ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനമാണ് വിവാദത്തിനാധാരമായത്. അതേസമയം ദുരിതാശ്വാസ നിധിയിലെ തുക വിനിയോഗത്തില്‍ ചട്ടലംഘനം ആരോപിച്ച് മുഖ്യമന്ത്രിക്കെതിരായ ഹര്‍ജിയും ലോകായുക്ത ഇന്ന് പരിഗണിക്കുന്നുണ്ട്. ചെങ്ങന്നൂര്‍ എം എല്‍ എയായിരുന്ന കെ കെ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിനും ജോലിക്കിടെ അപകടത്തില്‍ മരിച്ച കോടിയേരി ബാലകൃഷ്ണന്റെ ഗണ്‍മാന്റെ കുടുംബത്തിനും ഉള്‍പ്പെടെ ദുരിതാശ്വാസനിധിയില്‍ നിന്ന് പണം അനുവദിച്ചത് ചട്ടങ്ങള്‍ മറികടന്നെന്നാണ് മുഖ്യമന്ത്രിക്കെതിരായ ഹര്‍ജി.












Click it and Unblock the Notifications