ശുഹൈബ് കൊല്ലപ്പെട്ട ദിവസം ദുരൂഹ നീക്കങ്ങള്‍; കിര്‍മാണി മനോജ് ജയിലിലില്ല!! നിയന്ത്രണങ്ങള്‍ ലംഘിച്ചു
നേരത്തെ ടിപി കേസ് പ്രതികള്‍ പുറത്തിറങ്ങിയപ്പോള്‍ പോലീസ് കാവലുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ പോലീസ് കാവലുണ്ടായിരുന്നില്ല.
തൃശൂര്‍/കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട കേസന്വേഷണം എവിടെയും എത്താതിരിക്കെ, കൊലപാതകം നടന്ന ദിവസവും മുമ്പുള്ള ദിവസങ്ങളിലും ചില ദുരൂഹ നീക്കങ്ങള്‍ നടന്നുവെന്ന് രേഖകള്‍. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കിപ്പെട്ട് ജയിലില്‍ കഴിയുന്ന നിരവധി പ്രതികള്‍ ശുഹൈബ് കൊല്ലപ്പെട്ടതിന് തൊട്ടുമുമ്പും ശേഷവും ജയിലിന് പുറത്തായിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. നേരത്തെ പാലിച്ചിരുന്ന നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് ടിപി കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത്. ടിപിയെ കൊലപ്പെടുത്തിയതിന് സമാനമായ രീതിയില്‍, വളരെ ക്രൂരമായിട്ടാണ് ശുഹൈബിനെയും കൊലപ്പെടുത്തിയത് എന്ന വിവരങ്ങള്‍ പുറത്തുവന്നതാണ് പരോളും കൊലപാതകവും ദുരൂഹത പടര്‍ത്തുന്നത്.

കിര്‍മാണി മനോജ്
ശുഹൈബിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത് ഇക്കഴിഞ്ഞ 12നാണ്. ഈ ദിവസം ടിപി കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് ജയിലിലുണ്ടായിരുന്നില്ല. ഇയാള്‍ക്ക് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചിരുന്നു.

കൊടി സുനി തിരിച്ചെത്തിയത്
ടിപി കേസില്‍ മൂന്നാം പ്രതിയാണ് കൊടി സുനി. ഇയാള്‍ ശുഹൈബ് കൊല്ലപ്പെട്ട ദിവസം പകല്‍ പരോളിലായിരുന്നു. അന്ന് വൈകീട്ടാണ് സുനി പരോള്‍ തീര്‍ന്ന് ജയിലില്‍ തിരിച്ചെത്തിയത്.

അനൂപും പുറത്തിറങ്ങി
ടിപി കേസിലെ ഒന്നാം പ്രതിയാണ് എംസി അനൂപ്. ശുഹൈബ് കൊല്ലപ്പെട്ട പിറ്റേന്ന് രാവിലെ അനൂപിന് പരോള്‍ ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങുകയും ചെയ്തു. ടിപി കേസിലെ പ്രതികള്‍ക്ക് ഒരേ സമയം പരോള്‍ അനുവദിക്കുന്നതിന് നേരത്തെ നിയന്ത്രണമുണ്ടായിരുന്നു.

ഒരേ സമയം
എന്നാല്‍ നിയന്ത്രണം ഇത്തവണ ലംഘിക്കപ്പെട്ടു. കൊടി സുനിയും കിര്‍മാണി മനോജും ഒരേ സമയം ജയിലിന് പുറത്തുണ്ടായിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 12ന് രാത്രിയാണ് ശുഹൈബ് കൊല്ലപ്പെടുന്നത്.

19 തടവുപുള്ളികള്‍
ശുഹൈബിന്റെ കൊലപാതകത്തിന് മുമ്പ് ടിപി കേസ് പ്രതികള്‍ അടക്കം സിപിഎമ്മുമായി ബന്ധമുള്ള 19 തടവുപുള്ളികള്‍ ജയിലിന് പുറത്തായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ടിപിയെ കൊലപ്പെടുത്തിയതിന് സമാനമായ രീതിയില്‍ തന്നെയാണ് ശുഹൈബിനെയും കൊലപ്പെടുത്തിയത്.

വെട്ടുകളിലെ ക്രൂരത
ശുഹൈബിന്റെ അരയ്ക്ക് താഴെ മാത്രം 37 വെട്ടുകളുണ്ടായിരുന്നു. ശരീരത്തില്‍ മൊത്തം 41 വെട്ടുകളും. കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ ശരീരത്തില്‍ 51 വെട്ടുകളാണുണ്ടായിരുന്നത്.

നിര്‍ദേശം ലംഘിച്ചു
ടിപി കേസിലെ പ്രതികള്‍ക്ക് ഒന്നിച്ച് പരോള്‍ അനുവദിക്കരുതെന്നാണ് നേരത്തെ നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ കൊടി സുനി, പികെ രജീഷ്, അനൂപ് എന്നിവരടക്കമുള്ളവര്‍ ഒരേ സമയം പരോളിലായിരുന്നു.

ദിവസങ്ങള്‍ ജയിലിന് പുറത്ത്
ജനുവരി 24നാണ് കിര്‍മാണി മനോജ് 30 ദിവസത്തെ പരോളിലിറങ്ങിയത്. ഇയാള്‍ ഇപ്പോഴും ജയിലിന് പുറത്താണ്. 13 രാവിലെ പുറത്തിറങ്ങിയ അനൂപും ജയിലിന് പുറത്താണ്. സുനി 15 ദിവസത്തിന് ശേഷം തിരിച്ചെത്തിയത് 12നാണ്. ടിപി കേസിലെ പ്രതികള്‍ ഒരേ സമയം ജയിലിന് പുറത്തുണ്ടായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

കണ്ണൂരില്‍ പ്രവേശിക്കരുത്
പരോള്‍ കാലത്ത് കണ്ണൂരില്‍ പ്രവേശിക്കരുതെന്ന് ടിപി കേസിലെ പ്രതികള്‍ക്ക് ഉപാധിയുണ്ട്. എന്നാല്‍ ഇതില്‍ പലരും കണ്ണൂരില്‍ എത്തിയെന്ന് ആക്ഷേപമുണ്ട്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കുറ്റവാളികള്‍ കണ്ണൂരിലെത്തിയത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

പോലീസില്ലാതെ ആദ്യം
നേരത്തെ ടിപി കേസ് പ്രതികള്‍ പുറത്തിറങ്ങിയപ്പോള്‍ പോലീസ് കാവലുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ പോലീസ് കാവലുണ്ടായിരുന്നില്ല. ആദ്യമായാണ് ഇങ്ങനെ സംഭവിച്ചത്. ഇതെല്ലാം ഭരണതലത്തില്‍ നടന്ന ഇടപെടലുകളുടെ ഭാഗമായിട്ടാണോ എന്ന ചോദ്യമാണ് ഉയരുന്നത്.












Click it and Unblock the Notifications