പൗരത്വ ഭേദഗതി ബില്ലിനെതിരെ കാന്തപുരം കോടതിയിലേക്ക്; പ്രധാനമന്ത്രിയെ കാണും
കോഴിക്കോട്: വിവാദമായ പൗരത്വ ഭേദഗതി ബില്ലിനെതിരെ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. ബില്ല് മുസ്ലിങ്ങളോടുള്ള വിവേചനമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടന വിരുദ്ധമായ ബില്ലിനെതിരെ കോടതിയെ സമീപിക്കാനാണ് കാന്തപുരത്തിന്റെ തീരുമാനം. ബില്ല് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും കാന്തപുരം പറഞ്ഞു. ബില്ല് തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്ല് അവതരിപ്പിക്കുക. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് അഭയം ചോദിച്ചെത്തിയ മുസ്ലിങ്ങളല്ലാത്ത ആറ് മതക്കാര്‍ക്ക് പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെടുന്നതാണ് ബില്ല്.
ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ബുദ്ധ, ജൈന മതക്കാര്‍ക്കാണ് പൗരത്വം നല്‍കുക. മുസ്ലിങ്ങളെ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തുണ്ട്. ലോക്‌സഭയില്‍ ബിജെപിക്ക ഭൂരിപക്ഷമുള്ളതിനാല്‍ ബില്ല് പാസാകുന്നതിന് തടസമുണ്ടാകില്ല.
രാജ്യസഭയില്‍ ബില്ല് പാസാക്കാന്‍ അല്‍പ്പം പ്രയാസപ്പെടും. പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്താല്‍ ബില്ല് പരാജയപ്പെട്ടേക്കാം. എന്നാല്‍ സമാനമായ സാഹചര്യത്തില്‍ പല ബില്ലുകളം അടുത്തിടെ പാസായിട്ടുണ്ട്. ഈ ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ സര്‍ക്കാര്‍.
അതേസമയം, ബില്ല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബാധകമാകില്ല. അസം, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളില്‍ ബില്ല് ബാധകമാകില്ല. ഇതുസംബന്ധിച്ച് ബിജെപിയും ഈ സംസ്ഥാനങ്ങളിലെ ഭരണകക്ഷികളും തമ്മില്‍ ധാരണയായിരുന്നു.












Click it and Unblock the Notifications