ലിംഗായത്തുകള്‍ കോണ്‍ഗ്രസ് ചേരിയിലേക്ക്?; 2023 ല്‍ അധികാരം പിടിക്കും, തന്ത്രമൊരുക്കി ഡികെ
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുമുള്ള ബിഎസ് യദ്യൂരപ്പയുടെ പടിയിറക്കം ബിജെപി നടത്തിയ ഒരു ഞാണില്‍മേല്‍ കളിയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സംസ്ഥാനത്തെ പ്രബല സാമുദായിക വിഭാഗമായ ലിംഗായത്തുകള്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള നേതാവാണ് യദ്യൂരപ്പ.
അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കയതില്‍ കടുത്ത അതൃപ്തിയാണ് ലിംഗായത്ത് വിഭാഗത്തിനുള്ളില്‍ രൂപപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രധാന വോട്ട് ബാങ്കായ സമുദായത്തിന്‍റെ ഈ അതൃപ്തി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അടക്കം ബിജെപിക്ക് തിരിച്ചടി നല്‍കിയേക്കും.

കോണ്‍ഗ്രസ്-ജെഡിഎസ് വോട്ട് ബാങ്കായ വൊക്കലിംഗ വിഭാഗത്തിലേക്ക് കടന്ന് കയറുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് യദ്യൂരപ്പയെ ബിജെപി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയത്. യഡ്ഡിക്ക് പകരക്കാരനായി ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി, ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരുടെ പേരുകള്‍ പരിഗണനയ്ക്ക് വരുന്നതും ഈ ഘട്ടത്തിലാണ്.

എന്നാല്‍ ഉറച്ച ലിംഗായത്ത് പിന്തുണയില്‍ ഇത് ഇളക്കം തട്ടുമെന്നുറപ്പിച്ച ബിജെപി യഡ്ഡിക്ക് പകരക്കാരനായി ആ വിഭാഗത്തില്‍ നിന്ന് തന്നെയുള്ള ഒരു നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിയമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എല്ലാ വിഭാഗങ്ങള്‍ക്കും പരിഗണന നല്‍കുന്നതിയനായി ഉപമുഖ്യമന്ത്രിമാരുടെ എണ്ണം 3 ല്‍ നിന്നും നാലായി ഉയര്‍ത്തുകയും ചെയ്തേക്കും.

എന്നാല്‍ യഡ്ഡിക്ക് പകരം ലിംഗായത്ത് വിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രി വന്നാലും അത് സമുദായത്തിനുള്ളിലുണ്ടാക്കിയ അതൃപ്തികള്‍ പരിഹരിക്കപ്പെടണമെന്നില്ല. യഡ്ഡിയോയും സ്വധീനമുള്ള ലിംഗായത്ത് നേതാക്കള്‍ ബിജെപിയില്‍ ഇല്ലെന്ന് തന്നെ പറയാം. ഈ സാഹചര്യത്തിലാണ് നഷ്ടപ്പെട്ട ലിംഗായത്ത് പിന്തുണ തിരികെ പിടിക്കാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത് ഇറങ്ങുന്നത്.

പല ഉറപ്പുകളും നല്‍കിയിരുന്നെങ്കിലും യദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ലിംഗായത്ത് മഠാധിപതികള്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയത്. ഇതിനോട് തുടര്‍ന്നുള്ള ലിംഗായത്ത് വിഭാഗത്തിന്‍റെ പ്രതികരണം കൂടി നോക്കിയാവും കോണ്‍ഗ്രസ് നീക്കങ്ങള്‍.

യദ്യൂരപ്പയെ മാറ്റിയതില്‍ അതൃപ്തികള്‍ കര്‍ണാടകയില്‍ ശക്തമായി തുടരുന്നുണ്ട്. പ്രതിഷേധങ്ങളെ തുടര്‍ന്ന് യദ്യൂരപ്പയുടെ മണ്ഡലത്തില്‍ ഇന്നലെ പൊലീസ് നിയന്ത്രണങ്ങള്‍ ശക്തമാക്കേണ്ടി വരികയും ചെയ്തു. പുതിയ മുഖ്യമന്ത്രി ലിംഗായത്ത് സമുദായത്തിന് പുറത്ത് നിന്നാണെങ്കില്‍ അത് കോണ്‍ഗ്രസിന് കൂടുതല്‍ സഹായകരമായേക്കും.

ലിംഗായത്തുകള്‍ക്കിടയില്‍ രൂപപ്പെട്ട ബിജെപി അതൃപ്തി മുതലെടുക്കാന്‍ പാര്‍ട്ടിയിലെ ലിംഗായത്ത് നേതാക്കളെ രംഗത്ത് ഇറക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. എംബി പാട്ടീല്‍, ഷാമന്നൂര്‍ ശിവശങ്കരപ്പ എന്നിവരാണ് കോണ്‍ഗ്രസിലെ പ്രമുഖ ലിംഗായത്ത് നേതാക്കള്‍. യദ്യൂരപ്പയെ മാറ്റുന്നതില്‍ ഇവര്‍ പരസ്യമായ എതിര്‍പ്പുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു.

ബിജെപിയിലെ ലിംഗായത്ത് എംഎല്‍എമാരേയും നേതാക്കളേയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പരസ്യമായി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതും ശ്രദ്ധേയമാണ്. 1990 ന് ശേഷമാണ് ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് നഷ്ടമാവുന്നത്. ഇത് തിരിച്ച് പിടിക്കാനാണ് നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്‍റെ ശ്രമം.

ലിംഗായത്തുകളിലേക്ക് കടന്നു ചെല്ലാന്‍ ശ്രമിക്കുമ്പോള്‍ തന്നെ മറ്റ് വിഭാഗങ്ങളെ പിണക്കാതിരിക്കാനും കോണ്‍ഗ്രസ് ശ്രദ്ധക്കും. വൊക്കലിഗ സമുദായത്തില്‍ നിന്നുള്ള നേതാവാണ് ഡികെ ശിവകുമാര്‍. അദ്ദേഹത്തിനും കോണ്‍ഗ്രസിനും ആ സമുദായത്തില്‍ നിര്‍ണ്ണായക സ്വാധീനമുണ്ട്. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ കുറുമ്പ സമുദായവുമാണ്.

ലിംഗായത്തുകളുടെ പിന്തുണ കൂടെ ലഭിച്ചാല്‍ 2023 ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എളുപ്പത്തില്‍ സംസ്ഥാനത്ത് അധികാരത്തിലേറാന്‍ കഴിഞ്ഞേക്കും. നിലവില്‍ സംസ്ഥാനത്തെ ദളിത് പിന്നാക്ക കൂട്ടായ്മയുടേയും മുസ്ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടേയും പിന്തുണ കോണ്‍ഗ്രസിനുണ്ട്. ബിജെപി സഖ്യത്തിന് ശ്രമിക്കുന്നുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് ഒരു പരിധിവരെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ജെഡിഎസില്‍ നിന്നും അകന്നതും കോണ്‍ഗ്രസിന് ഗുണകരമായി.
ബറോസ് ലുക്കില്‍ കിടുക്കി ബിഗ് ബോസ് താരം സായ് വിഷ്ണു: വൈറലായി ചിത്രങ്ങള്‍
ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി












Click it and Unblock the Notifications