വിളക്ക് കൊളുത്താന്‍ മടിച്ച് സിഡിഎസ്; പാണക്കാട് തങ്ങളുടെ മാതൃക ചൂണ്ടിക്കാട്ടി ഗണേഷിന്റെ മറുപടി
കൊട്ടാരക്കര: പൊതുചടങ്ങിനിടെ വിശ്വാസത്തിന് എതിരാണ് എന്ന് പറഞ്ഞ് വിളക്ക് കൊളുത്താന്‍ വിസമ്മതിച്ച സി ഡി എസ് ചെയര്‍പേഴ്‌സണെ വിമര്‍ശിച്ച് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ വെച്ചാണ് സംഭവം. പാണക്കാട് തങ്ങളുടെ ഉദാഹരണം ചൂണ്ടിക്കാട്ടി കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നിലവിളക്ക് തെളിയിക്കുന്നത് മതപരമായ പ്രവൃത്തിയായി കാണേണ്ടതില്ലെന്ന് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. അടുത്ത ചടങ്ങില്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വിളക്ക് തെളിയിക്കം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിളക്ക് കൊളുത്താന്‍ വിളിച്ചപ്പോള്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ തയാറായില്ലെന്നും തനിക്ക് അത് തമാശയായാണ് തോന്നിയത് എന്നും അദ്ദേഹം പറഞ്ഞു.

വിളക്ക് കൊളുത്താതിരുന്നതിന് കാരണം തിരക്കിയപ്പോള്‍ പാസ്റ്റര്‍ പറഞ്ഞിട്ടാണ് കൊളുത്താതിരുന്നത് എന്നാണ് പറഞ്ഞത്. താന്‍ ദിവസവും ബൈബിള്‍ വായിക്കുന്നവാണ് എന്നും വിളക്ക് കൊളുത്താന്‍ പാടില്ല എന്ന് പറഞ്ഞു തന്ന ആ വ്യക്തിക്ക് എന്തോ കുഴപ്പമുണ്ടെന്ന് വേണം കരുതാന്‍ എന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. പള്ളികളില്‍ അടക്കം ഇപ്പോള്‍ വിളക്ക് കൊളുത്തുന്നുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'മലബാറിലെ ഒരു ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് പാണക്കാട് തങ്ങളാണ്. ഒരിക്കല്‍ ആ വേദിയില്‍ വച്ച് അദ്ദേഹത്തിന് അമ്പലത്തില്‍ നിന്നും ഒരു ഉണ്ണിയപ്പം കൊടുത്തു. ആ നല്ല വ്യക്തി, മതേതരത്വത്തില്‍ വിശ്വസിക്കുന്ന പാണക്കാട് തങ്ങള്‍ അത് കഴിച്ചു. ഇസ്ലാം മത വിശ്വാസിയും പ്രവാചകന്റെ കുടുംബ പരമ്പരയില്‍പ്പെട്ടവരാണ് പാണക്കാട് തങ്ങള്‍മാര്‍ എന്നാണ് പറയുന്നത്.
ഹിന്ദുക്കളുടെ ഉണ്ണിയപ്പമാണ്, തിന്നേണ്ട, തിന്നാല്‍ അള്ളാഹു പിണങ്ങും എന്ന് ചിന്തിച്ചില്ല മഹാനായ ആ നേതാവ്. അദ്ദേഹം അത് രുചിയോടെ ആ വേദിയില്‍ വെച്ച് തന്നെ കഴിക്കുകയാണ് ഉണ്ടായത്. വെളിച്ചം വെക്കേണ്ട എന്ന് യേശു പറഞ്ഞിട്ടില്ല. പ്രവാചകന്‍ പറഞ്ഞിട്ടില്ല. വിളക്ക് ഹിന്ദുവിന്റേതാണ് എന്ന തെറ്റിദ്ധാരണ മണ്ടന്‍ ധാരണയാണ്. വിളക്ക് കത്തിച്ചാല്‍ ക്രിസ്ത്യാനി അല്ലാതെ ആയി പോകില്ല.
ആരാണ് ക്രിസ്ത്യാനി? ആരാണ് യേശുവിനെ അറിയാന്‍ ശ്രമിക്കുകയും പിന്തുടരാന്‍ ശ്രമിക്കുകയും ചെയ്യുന്നവനാണ് ക്രിസ്ത്യാനി,' അദ്ദേഹം പറഞ്ഞു. അന്ധവിശ്വാസത്തിന് അടിമപ്പെട്ട് പോകരുത് എന്നാണ് എനിക്ക് കുടുംബശ്രീയിലെ സ്ത്രീകളോട് പറയാനുള്ളത്. മാര്‍ത്തോമ്മാ പള്ളിയിലെ അച്ചന്‍മാരും ബിഷപ്പും വിളക്ക് കൊളുത്താറുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഓര്‍ത്തഡോക്‌സ് സഭയിലെ എല്ലാ പള്ളികളിലും വിളക്ക് കത്തിക്കാറുണ്ട്. കൊടിമരം ഉയര്‍ത്താറുണ്ട് എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications