'ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ മാത്രം ക്ഷേത്രത്തിൽ പോയാൽ മതി'; മുഖ്യമന്ത്രിയെ തള്ളി കെബി ഗണേഷ് കുമാർ
കോഴിക്കോട്: ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ മാത്രം ക്ഷേത്രങ്ങളിൽ പോയാൽ മതിയെന്ന നിലപാടുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമുണ്ടെന്നും ഭരണാധികാരികൾക്ക് മാറ്റം വേണമെങ്കിൽ തന്ത്രിയുമായി കൂടിയാലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി ഗണേഷ് കുമാർ.
ക്ഷേത്ര ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാടിൽ നിന്ന് വ്യത്യസ്‌തമായാണ് ഗണേഷ് ഇപ്പോൾ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രിയുടെയും ശ്രീനാരായണ ധർമസംഘം ട്രസ്‌റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെയും നിലപാടുകൾ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

അതിനിടയിലാണ് മന്ത്രിയായ ഗണേഷ് തന്റെ നിലപാട് വ്യക്തമാക്കുന്നത്. ഞാന്‍ എന്റെ അഭിപ്രായമാണ് പറയുന്നത്. ഓരോ ദേവാലയങ്ങള്‍ക്കും അതിന്റേതായ ആചാരങ്ങളുണ്ട്. അത് ഹിന്ദു ദേവാലയങ്ങള്‍ എന്ന് മാത്രമല്ല, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും മുസ്ലിം ദേവാലയങ്ങള്‍ക്കും അതിന്റേതായ ആചാരമാണുള്ളത്. അനുസരിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്' ഗണേഷ് ചൂണ്ടിക്കാട്ടി.
ഞാനൊരു ക്ഷേത്രത്തില്‍ പോവുകയാണെങ്കിൽ ഷര്‍ട്ട് അഴിച്ചാലേ കയറാന്‍ സാധിക്കൂ എന്ന് പറഞ്ഞാല്‍ അത് അഴിക്കാന്‍ സന്നദ്ധനാണെങ്കില്‍ മാത്രം ഞാൻ അവിടേക്ക് പോയാല്‍ മതി. അല്ലാതെ അവിടെ പോയി വഴക്കുണ്ടാക്കേണ്ട കാര്യമില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. ആചാരങ്ങളിൽ മാറ്റം വരുത്തണോ എന്നത് തന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും ഗണേഷ് പറഞ്ഞിരുന്നു.
നേരത്തെ ആരാധനാലയങ്ങളിൽ മേൽ വസ്ത്രം ഊരി പ്രവേശിക്കണമെന്ന നിബന്ധനയിൽ കാലാനുസൃതമായി മാറ്റംവരണമെന്നായിരുന്നു സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടത്. ശിവഗിരിയിൽ വച്ചായിരുന്നു ഇത്. പിന്നാലെ ശിവഗിരി തീർത്ഥാടന മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ആവശ്യത്തെ പിന്തുണച്ച് രംഗത്ത് വരികയായിരുന്നു.
വിവാദങ്ങൾ ഉണ്ടായിട്ടും നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ശിവഗിരി മഠം. മേൽ വസ്ത്രം ധരിച്ച് ക്ഷേത്രത്തിൽ കയറിയത് കൊണ്ട് ഒരു പ്രശ്‌നവുമില്ലെന്നായിരുന്നു സച്ചിദാനന്ദ സ്വാമികൾ കഴിഞ്ഞ ദിവസം പറഞ്ഞത്. ക്ഷേത്രങ്ങളിൽ ആനയും വെടിക്കെട്ടും പാടില്ലെന്ന് പറഞ്ഞ ശ്രീനാരയണ ഗുരുവിന്റെ ക്ഷേത്രങ്ങളിൽ പോലും ആനയും വെടിക്കെട്ടുമുണ്ടെന്നും സ്വാർത്ഥ ലാഭത്തിന് വേണ്ടി ഗുരുവിന്റെ ദർശനത്തിന് വിപരീതമായി പ്രവർത്തിക്കുകയാണ് ചിലരെന്നും അദ്ദേഹം ആരോപിച്ചിരുന്നു.


Click it and Unblock the Notifications