കോണ്‍ഗ്രസില്‍ അടിതുടങ്ങി, കെസി നയിക്കട്ടെയെന്ന് സുധാകരന്‍; തിരിച്ചടിച്ച് വിഡി അനുകൂലികള്‍
വോട്ടെണ്ണലിന് മുന്‍പെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. കഴിഞ്ഞ ദിവസം മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, എ ഐ സി സി സെക്രട്ടറി കെ സി വേണുഗോപാലിനെ നേതൃസ്ഥാനത്തേക്ക് പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്ക് വെച്ചിരുന്നു. ഇതിന് പിന്നാലെ നേതാക്കളും പ്രവര്‍ത്തകരും കെസി വേണുഗോപാലിനും വിഡി സതീശനുമായി ചേരിതിരിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.
വേണുഗോപാല്‍ കേരള രാഷ്ട്രീയത്തിലേക്ക് സജീവമായി മടങ്ങിവരണമെന്നും സംസ്ഥാനത്തെ നയിക്കണമെന്നുമുള്ള ആഗ്രഹം പ്രകടമാക്കിയായിരുന്നു കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരള രാഷ്ട്രീയത്തില്‍ വേണുഗോപാലിന്റെ സാന്നിധ്യം അനിവാര്യമാണ് എന്ന് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് തെളിയിച്ചു എന്നാണ് സുധാകരന്‍ പറയുന്നത്. കരുണാകരന്‍, ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കളുടെ പാത പിന്തുടര്‍ന്ന് കേരളത്തെ നയിക്കാന്‍ കെസിക്ക് കഴിയും എനന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങളെയും പ്രവര്‍ത്തകരെയും പ്രചോദിപ്പിച്ച് നാളെയുടെ ഭരണത്തിന് ദിശാബോധം നല്‍കാന്‍ കെസി. വേണുഗോപാലിന് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. അതേസമയം സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വിഡി സതീശന്‍ മുഖ്യമന്ത്രിയാകണം എന്ന് പറഞ്ഞ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി.
ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏറ്റവും കൂടുതല്‍ ഡാമേജുണ്ടാക്കിയത് സുധാകരനാണ് എന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. അതേസമയം കെസി വേണുഗോപാലിനായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയില്‍, തിരുവനന്തപുരം മുട്ടട വാര്‍ഡ് കൗണ്‍സിലര്‍ വൈഷ്ണ സുരേഷ്, തൃശൂര്‍ ഡിസിസി സെക്രട്ടറി ശോഭ സുബിന്‍, മുന്‍ എംപി രമ്യ ഹരിദാസ് എന്നിവരും കെസിക്കായി രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മീഡിയ വണ്‍ ചാനലിലെ ഔട്ട് ഓഫ് ഫോക്കസ് പരിപാടിക്കിടെ അവതാരകനായ നിഷാദ് റാവുത്തര്‍ കെസി വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയും ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹം തോല്‍ക്കാനുള്ള സാധ്യതയും വിശദീകരിച്ച് രംഗത്തെത്തിയിരുന്നു. ചാനല്‍ ചര്‍ച്ചയിലെ ഈ നിലപാടിനെതിരെയാണ് കെസിയെ പിന്തുണയ്ക്കുന്നത് എന്ന തരത്തിലാണ് നേതാക്കളുടെ പോസ്റ്റുകള്‍ വരുന്നത്.
എന്നിരുന്നാലും കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ കൂടിയാണ് ഇത് ലക്ഷ്യമിടുന്നത് എന്ന് വ്യക്തം. കെ സുധാകരന്‍ കെസി നയിക്കട്ടെ എന്ന് വ്യക്തമാക്കിയതും അതിനാലാണ്. നേരത്തെ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയായി വരണം എന്നായിരുന്നു സുധാകരന്റെ നിലപാട്. അതിനിടെ വിഡി സതീശന്‍ അനുകൂല ഫേസ്ബുക്ക് അക്കൗണ്ടുകള്‍ അദ്ദേഹത്തിനായി സജീവമായി രംഗത്തുണ്ട്.
കഴിഞ്ഞ ദിവസം സതീശന്‍ ഇടുക്കിയില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. 'വനത്തിലാണ്... വനവാസത്തിന് അല്ല കട്ടായം. മേയ് നാലിന് പെട്ടി പൊട്ടിക്കുമ്പോള്‍ വിസ്മയം പൂര്‍ത്തിയാകും', എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. കേരളത്തില്‍ യുഡിഎഫ് 100 ലേറെ സീറ്റ് നേടി അധികാരത്തിലെത്തും എന്നാണ് വിഡി സതീശന്‍ വോട്ടെടുപ്പിന് മുമ്പും ശേഷവും അവകാശപ്പെടുന്നത്.












Click it and Unblock the Notifications