ഒരു മലപ്പുറം വീരഗാഥ ; ലീഗിന്റെ പടയോട്ടം നടക്കുന്ന മണ്ണ്
ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ എന്നും വേറിട്ടു നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ആരും പ്രതീക്ഷിക്കാതെയുള്ള ഒട്ടനവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് കേരളം വേദിയായിട്ടുണ്ട്. ലോകത്തില്‍ തന്നെ ജനാധിപത്യപ്രക്രിയയിലൂടെ നിലവില്‍ വന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിലാണ്. അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് അടി പതറിയെങ്കിലും കേരളം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ തന്നെ ജയപഥത്തില്‍ എത്തിക്കുകയായിരുന്നു.
ഇത്തരം വ്യത്യസ്ത രാഷ്ട്രീയ ചരിത്രം നിലനിര്‍ത്തി പോന്ന കേരളം ഇതുവരെ ഒരു മുന്നണിയേയും തുടര്‍ ഭരണത്തിന് അനുവദിച്ചിട്ടുമില്ല. കഴിഞ്ഞ തവണ രണ്ട് സീറ്റിന്‍റെ വ്യത്യാസത്തിലാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടമായത്. ഇത്തവണ ഒരു ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന അവകാശവാദവുമായി യു.ഡി.എഫ് നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.

ഇത്തവണ ഭരണത്തുടര്‍ച്ചയുണ്ടായാല്‍ അതില്‍ പ്രധാനപ്പെട്ട കക്ഷി മുസ്ലീം ലീഗ് തന്നെയാവുമെന്നതില്‍ഒരു തര്‍ക്കവുമില്ല. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു നിര്‍ണായക സ്ഥാനമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്ലീംലീഗ്. ഇടതുപക്ഷത്തിനൊപ്പം പ്രവര്‍ത്തിച്ച പാരന്പര്യവും ലീഗിനുണ്ട്. കേരളത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയും മുസ്ലീം ലീഗ് തന്നെ. ഇരുപത് സീറ്റാണ് ലീഗിന്റെ കൈവശമുള്ളത്.
മലപ്പുറം ജില്ലയിലുള്ള ലീഗിന്റെ അപ്രമാധിത്യം വിജയങ്ങളുടെ മുതല്‍ക്കൂട്ട്. മുന്നണിയില്‍ നിന്ന് തങ്ങള്‍ക്കാവശ്യമുള്ളതെല്ലാം തന്ത്രപൂര്‍വം നേടിയെടുക്കുന്നതിനുള്ള കഴിവും ലീഗ് നേതൃത്വത്തിനുണ്ട്. ഒരൊറ്റ തവണ മാത്രമേ ലീഗിനെ മലപ്പുറം കൈവെടിഞ്ഞിട്ടുള്ളൂ. 2006 ലെ നിയമസഭാതിരഞ്ഞെടുപ്പിലായിരുന്നു ലീഗിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്.
ഐസ്‌ക്രീം പാര്‍ലര്‍ കേസ് മലപ്പുറത്ത് ലീഗിനെ ഐ.സി.യു.വില്‍ കയറ്റിയപ്പോള്‍ അനിഷേദ്ധ്യനായ നേതാവ് കുഞ്ഞാലിക്കുട്ടിക്കു പോലും അടിയറവ് പറയേണ്ടി വന്നു. പിന്നീടിങ്ങോട്ട് തോല്‍വിയെന്താണെന്നറിയാത്ത ചരിത്രഗാഥയുമായാണ് ലീഗ് മുന്നേറിയത്. യു.ഡി.എഫ്. വിരുദ്ധ വികാരം പൊതുവില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും മലപ്പുറത്ത് അതൊന്നും ലീഗിന് ഭീഷണിയല്ലെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ലീഗ് മന്ത്രിമാര്‍ക്കെതിരെ കാര്യമായ അഴിമതിയാരോപണങ്ങള്‍ ഇല്ല എന്നുള്ളതും അവര്‍ക്ക് കരുത്തേകുന്നു.
ഇത്തവണ എല്‍.ഡി.എഫ് കൂടുതല്‍ സ്വതന്ത്രന്മാരെയിറക്കി മലപ്പുറം സ്വന്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ ആ പരിപ്പ് ഈ കലത്തില്‍ വേവില്ല എന്ന മറുപടി മാത്രമാണ് ലീഗിനുള്ളത്. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു അയഞ്ഞ സമീപനം സ്വീകരിയ്ക്കാനും ലീഗ് തയ്യാറല്ല. യുവാക്കളെയും പാരമ്പര്യ വോട്ടുകളും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തന പരിപാടികളുമായി ലീഗും, ലീഗില്‍ നിന്ന് മലപ്പുറത്തെ രക്ഷിക്കൂ എന്ന ആപ്ത വാക്യവുമായി എല്‍.ഡി.എഫും കളം നിറയുന്നതോടെ ആവേശകരമായ മത്സരം തന്നെ മലപ്പുറത്തു കാണാം.












Click it and Unblock the Notifications