ചിഞ്ചു റാണിയെ തോൽപ്പിക്കും; സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ സിപിഐയ്ക്ക് വെല്ലുവിളിയായി പരസ്യ പ്രതിഷേധം
രണ്ട് മണ്ഡലം കമ്മിറ്റികളും ജില്ലാ കൗണ്‍സിലും നിര്‍ദേശിച്ച പേരുകളില്‍ ഇല്ലാത്ത ചിഞ്ചുറാണിയെ സ്ഥാനാര്‍ഥിയാക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നു
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐ മത്സരിക്കുന്ന മണ്ഡലങ്ങളിലെയെല്ലാം സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായപ്പോൾ ചടയമംഗലത്ത് പാർട്ടിക്ക് വെല്ലുവിളിയായി പ്രവർത്തകരുടെ പരസ്യ പ്രതിഷേധം. ചടയമംഗലത്ത് സിപിഐ ദേശീയ കൗൺസിൽ അംഗം ചിഞ്ചുറാണിയെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എന്നാൽ ചിഞ്ചുറാണിയെ സ്ഥാനാർഥിയായി അംഗികരിക്കില്ലെന്ന് അറിയിച്ച് സിപിഐ പ്രവർത്തകർ പരസ്യമായി രംഗത്തെത്തി.

ചിഞ്ചുറാണിയുടെ സ്ഥാനാർഥിത്വത്തിനെതിരെ പ്രാദേശിക തലത്തിൽ നേരത്തെയും പ്രതിഷേധങ്ങളുണ്ടായിരുന്നു. എന്നാൽ അത്തരം പ്രതിഷേധങ്ങളെ മറികടന്നാണ് സംസ്ഥാന നേതൃത്വം ചിഞ്ചുറാണിക്ക് തന്നെ സീറ്റ് നൽകിയത്. രണ്ട് മണ്ഡലം കമ്മിറ്റികളും ജില്ലാ കൗണ്‍സിലും നിര്‍ദേശിച്ച പേരുകളില്‍ ഇല്ലാത്ത ചിഞ്ചുറാണിയെ സ്ഥാനാര്‍ഥിയാക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്.
ചിഞ്ചു റാണിയെ തോല്‍പ്പിക്കും, ചിഞ്ചു റാണി ഗോ ബാക്ക് എന്നീ മുദ്രാവാക്യങ്ങളാണ് സിപിഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ ഉയര്‍ന്നത്. എ മുസ്തഫയെ അനുകൂലിച്ചായിരുന്നു പ്രകടനം. ചങ്ങനാശേരി സീറ്റി നേടിയെടുക്കാൻ സാധിക്കാത്തതിലുള്ള വിമർശനം നിലനിൽക്കെ തന്നെയാണ് സ്ഥാനാർഥി നിർണയത്തിലും ഉൾപാർട്ടി പ്രതിഷേധം ശക്തമാകുന്നത്.
കൊല്ലം ജില്ലയിലെ സ്ഥാനാർഥികളിൽ ഒരു വനിത വേണമെന്ന നിലപാടിൽ സംസ്ഥാന നേതൃത്വം ഉറച്ചുനിന്നതോടെയാണ് ചിഞ്ചുറാണിക്ക് അവസരമൊരുങ്ങിയത്. ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറവായിരുന്നതും വിമർശനത്തിന് കാരണമായതോടെ ചടയമംഗലത്ത് മറ്റൊരാളെ തേടേണ്ട എന്ന തീരുമാനത്തിലേക്ക് സംസ്ഥാന നേതൃത്വം എത്തുകയായിരുന്നു.
ഇന്നാണ് അവശേഷിച്ച നാല് സീറ്റുകളിൽകൂടി സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഹരിപ്പാട് അഡ്വ. ആര്‍ സജിലാലും പറവൂര്‍ എംടി നിക്‌സണും നാട്ടികയില്‍ സിപി മുകുന്ദനും മത്സരിക്കും. നേരത്തെ 21 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും പാർട്ടി പ്രഖ്യാപിച്ചിരുന്നു. 13 സിറ്റിങ് എംഎൽഎമാരാണ് ഇത്തവണ സിപിഐയ്ക്കായി മത്സരിക്കുന്നത്.
നെടുമങ്ങാട്- ജി.ആര്‍.അനില്‍, പുനലൂര്‍- പി.എസ്.സുപാല്‍, ചാത്തന്നൂര്‍- ജി.എസ്.ജയലാല്‍, വൈക്കം- സി.കെ.ആശ, പട്ടാമ്പി- മുഹമ്മദ് മുഹ്‌സിന്‍, അടൂര്‍-ചിറ്റയം ഗോപകുമാര്‍, നാദാപുരം-ഇ.കെ.വിജയന്‍, കരുനാഗപ്പള്ളി- ആര്‍.രാമചന്ദ്രന്‍, ചിറയിന്‍കീഴ്- വി.ശശി, ഒല്ലൂര്‍-കെ.രാജന്‍, കൊടുങ്ങല്ലൂര്‍- വി.ആര്‍.സുനില്‍കുമാര്‍, ചേര്‍ത്തല-പി.പ്രസാദ്, മൂവാറ്റുപുഴ- എല്‍ദോ എബ്രഹാം, കയ്‌പമംഗലം- ടി.ടി.ടൈസണ്‍, മഞ്ചേരി- ഡിബോണ നാസര്‍, മൂവാറ്റുപുഴ- എല്‍ദോ എബ്രഹാം, പീരുമേട്- വാഴൂര്‍ സോമന്‍, തൃശൂര്‍-പി.ബാലചന്ദ്രന്‍, മണ്ണാര്‍ക്കാട്- സുരേഷ് രാജ്, തിരൂരങ്ങാടി- അജിത് കോളാടി, ഏറനാട്-കെ.ടി.അബ്‌ദുൾ റഹ്മാന്‍, കാഞ്ഞങ്ങാട്-ഇ.ചന്ദ്രശേഖരന്‍ എന്നിവരാണ് മറ്റ് സിപിഐ സ്ഥാനാർഥികൾ.












Click it and Unblock the Notifications