കലാപക്കൊടിയുമായി മുരളീധരന്‍, കോണ്‍ഗ്രസിലുള്ളത് മൂന്നംഗ കമ്മിറ്റി, ഉമ്മന്‍ ചാണ്ടിക്കെതിരെ പോര്?
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ വീണ്ടും കലാപക്കൊടിയുയര്‍ത്തി കെ മുരളീധരന്‍. തന്നോടൊന്നും ആലോചിക്കാതെയാണ് കോണ്‍ഗ്രസില്‍ എല്ലാ കാര്യങ്ങളും നടക്കുന്നതെന്നും, പത്തംഗ സമിതി വെറുതെയാണെന്നും അദ്ദേഹം പറയുന്നു. ഇതോടെ കേരള രാഷ്ട്രീയത്തില്‍ ഇക്കുറിയും ഗ്രൂപ്പിസമാണ് ശക്തമായി നടക്കുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. താന്‍ മത്സരിക്കില്ല എന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് അദ്ദേഹം. അതേസമയം സംഘടനാ രംഗത്തെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മുരളീധരന്‍ രംഗത്തിറങ്ങിയതും ശ്രദ്ധേയമായി.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു

അവര്‍ മൂന്ന് പേര്‍ മാത്രം
നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പരാജയമാണെന്ന് മുരളീധരന്‍ പറയുന്നു. വേണ്ടത്ര കൂടിയാലോചനകളൊന്നും നടന്നിട്ടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പത്തംഗം സമിതിയുണ്ടെങ്കിലും മൂന്നംഗ സമിതിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഒരുകാര്യവും ആരോടും ഇവര്‍ പങ്കുവെക്കുന്നില്ല. അനുകൂലമായ സാഹചര്യം കളഞ്ഞ് കുളിക്കരുതെന്നാണ് പാര്‍ട്ടി നേതൃത്വത്തോട് തനിക്ക് പറയാനുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ തിരഞ്ഞെടുപ്പ് സമിതി
കേന്ദ്ര നേതൃത്വമാണ് പത്തംഗ സമിതിയെ നിയമിച്ചത്. ഉമ്മന്‍ ചാണ്ടിക്ക് ചുമതലയും നല്‍കി. കെ മുരളീധരനും സുധാകരനുമൊക്കെ ഈ സമിതിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ സമിതി പരാജയമായോ എന്ന ചോദ്യമാണ് ഉയരുന്നത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും മാത്രം കാര്യങ്ങള്‍ തീരുമാനിക്കുന്ന നിലയിലാണ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നതെന്ന സൂചനയാണ് മുരളീധരന്‍ നല്‍കിയത്. പല ജില്ലകളിലും പ്രശ്‌നം തുടങ്ങിയെങ്കിലും പരിഹരിക്കാനാവാത്തത് തിരഞ്ഞെടുപ്പ് സമിതിയുടെ പരാജയം കൊണ്ടാണ്.

പ്രചാരണത്തിന് ഇറങ്ങും
വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുന്നത് സംബന്ധിച്ചോ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടോ താനുമായി പാര്‍ട്ടി നേതൃത്വം യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഞാനങ്ങോട്ട് അഭിപ്രായം പറയാനും പോയില്ല. ബന്ധപ്പെടുമ്പോള്‍ മാത്രം അക്കാര്യം നോക്കാം. വട്ടിയൂര്‍ക്കാവിലെ ആരെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാലും അവിടെ പ്രചാരണത്തിന് പോകും. സ്ഥാനാര്‍ത്ഥി നിര്‍ണയം വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ നടത്തണമെന്നും മുരളീധരന്‍ പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കില്ല
ഇത്തവണ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കില്ല. അത്തരമൊരു സാഹചര്യമേയില്ല. ഏഴാം തീയതി ഞാന്‍ ദില്ലിക്ക് പോകും. തിരിച്ചുവരവ് സ്ഥാനാര്‍ത്ഥികള്‍ നോമിനേഷന്‍ കൊടുത്ത ശേഷമേ ഉണ്ടാവൂ. ആര്‍എംപിയുമായി ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. വടകരയില്‍ അവര്‍ ഒപ്പം വേണം. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ താനുമായി സംസാരിച്ചിരുന്നു. ആര്‍എംപിയുമായി സഖ്യമുള്ളത് കൊണ്ടാണല്ലോ മൂന്ന് പഞ്ചായത്തുകളില്‍ ഭരിക്കുന്നത്. കുറ്റ്യാടി, നാദാപുരം, എന്നിവിടങ്ങളില്‍ ആര്‍എംപിയുടെ സ്വാധീനം ഉറപ്പായും ഉണ്ടാവും. എല്ലായിടത്തും കോണ്‍ഗ്രസിന് മത്സരിക്കാന്‍ സാധിക്കില്ലെന്നും മു രളീധരന്‍ പറഞ്ഞു.

അനുനയത്തിന് എത്തി
സംഘടനാ പ്രശ്‌നങ്ങളില്‍ മുരളീധരന്‍ സജീവമായി ഇടപെടുന്നുണ്ട്. നേതൃത്വത്തോട് കലിപ്പിലാണെങ്കിലും മുരളി രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ എത്തി. ഒപ്പം കെ സുധാകരനുമുണ്ട്. എന്നാല്‍ മുരളീധരന്‍ ഇടപെടാത്ത പാലക്കാട്ടെ പ്രശ്‌നം തീര്‍ക്കാനും സാധിച്ചിട്ടില്ല. വയനാട്ടില്‍ പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയെന്നാണ് സൂചന. പുറത്താക്കിയവരെ അടക്കം തിരിച്ചെടുത്തേക്കും. എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തര്‍ക്കം തീര്‍ന്നിട്ടില്ലെന്നാണ് സൂചന.

പ്രശ്‌നം തീര്‍ന്നു
വയനാട്ടില്‍ കോണ്‍ഗ്രസില്‍ നിന്ന് ആരും രാജിവെക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞു. രോഗം മാറ്റുമെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. മരുന്ന് എന്താണെന്ന് പറയുന്നില്ല. ഇനി പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. ജില്ലയില്‍ നിന്ന് നിരവധി പേര്‍ കൊഴിഞ്ഞുപോയതാണ് ഇവര്‍ രണ്ടുപേരും ഇടപെടാന്‍ കാരണം. ഡിസിസി ഓഫീസിലേക്ക് നേതാക്കളെ വിളിച്ച് വരുത്തിയായിരുന്നു ചര്‍ച്ച. ഇവര്‍ക്ക് സംഘടനാ ചുമതല അടക്കം വാഗ്ദാനം ചെയ്‌തെന്നാണ് സൂചന.

ഹൈക്കമാന്‍ഡുമായി അടുക്കുന്നു
മുരളീധരന്‍ കേരളത്തില്‍ വലിയ പദവി പ്രതീക്ഷിക്കുന്നുണ്ട്. അത് കെപിസിസി അധ്യക്ഷ സ്ഥാനമാണെന്ന് സൂചനയുണ്ട്. സുധാകരനെ വെട്ടി ആ പദവിയിലേക്ക് വരാനുള്ള നീക്കമാണ് നടത്തുന്നത്. അതിനായി ഹൈക്കമാന്‍ഡിനെ കൈയ്യിലെടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ജില്ലയുടെ ചുമതല തന്നെ അദ്ദേഹത്തിന് ലഭിച്ചത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കിയിരിക്കുകയാണ്. വയനാട്ടിലെ പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിച്ചാല്‍ രാഹുലില്‍ നിന്ന് അഭിനന്ദനവും പ്രതീക്ഷിക്കാം. അത് അധ്യക്ഷ സ്ഥാനത്തേക്കുള്ള പിന്തുണ ശക്തമാക്കും.
സാരിയില്‍ തിളങ്ങി മേഘ ആകാശ്: ചിത്രങ്ങള്‍ കാണാം