തൃപ്പൂണിത്തുറ നിലനിർത്താൻ രമേഷ് പിഷാരടിയോ? കൊച്ചിയിൽ ഷിയാസിനെ ഇറക്കി ഇടതിന് വീഴ്ത്താൻ നീക്കം
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പതിവില്ലാത്ത വിധം ആവേശത്തിലാണ് യുഡിഎഫ് ക്യാമ്പുകൾ. അതിന്റെ പ്രധാന കാരണമായി വിലയിരുത്തുന്നത് അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നണി ഉണ്ടാക്കിയ നേട്ടമാണ്. അതിന്റെ തുടർച്ചയെന്നോണം വിവിധ മേഖലകളിൽ അതേ മുന്നേറ്റം സാധ്യമാക്കാൻ കഴിയുമെന്നും മൂന്നാം ഇടത് സർക്കാർ എന്ന മോഹം തടഞ്ഞ് അധികാരത്തിൽ എത്താമെന്നുമാണ് യുഡിഎഫ് കണക്കുകൂട്ടൽ.
ഇപ്പോഴിതാ അതിനായി കൂടുതൽ ശക്തമായ നീക്കങ്ങളാണ് അവർ നടത്തുന്നതെന്നാണ് ലഭ്യമായ വിവരം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരുകാലത്തെ തങ്ങളുടെ ശക്തി കേന്ദ്രമായ മധ്യ കേരളം ഒന്നടങ്കം വരുതിയിലാക്കുക എന്ന മോഹവുമായാണ് ഇക്കുറി കോൺഗ്രസും യുഡിഎഫും സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടക്കുന്നതെന്നാണ് വിവരം.

അതുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. യുഡിഎഫിനായി ഇക്കുറി ചില സെലിബ്രിറ്റി സ്ഥാനാർത്ഥികൾ തന്നെ കളത്തിൽ ഇറങ്ങുമെന്നാണ് വിവരം. അതിൽ പാർട്ടിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന ചില സിനിമാ താരങ്ങളുടെ പേരുകൾ ഇതിനോടകം പുറത്തുവന്നതാണ്. അതിൽ പ്രധാനപ്പെട്ട ഒരു പേരായിരുന്നു ഹാസ്യതാരവും നടനും സംവിധായകനും ഒക്കെയായ രമേഷ് പിഷാരടിയുടേത്.
എല്ലാ പ്രതിസന്ധി ഘട്ടത്തിലും പാർട്ടിക്ക് ഒപ്പം നിന്നിട്ടുള്ള, സിനിമയിൽ നിന്ന് കോൺഗ്രസിന്റെ മുഖമായിട്ടുള്ള പിഷാരടിക്ക് ഇക്കുറി സീറ്റ് നൽകണമെന്ന് തന്നെയാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കിൽ മധ്യ കേരളത്തിൽ നിന്ന് തന്നെ രമേഷ് പിഷാരടിയെ മത്സരിപ്പിക്കുക എന്നതാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രമേഷ് പിഷാരടിയുടെ സഹപ്രവർത്തകനായ ധർമ്മജൻ വടക്കൻ കേരളത്തിൽ നിന്നായിരുന്നു മത്സരിച്ചത്, കോഴിക്കോട്ടെ ബാലുശ്ശേരി സീറ്റിൽ പക്ഷേ ജയം സച്ചിൻ ദേവിനൊപ്പമായിരുന്നു. എന്നാൽ രമേഷ് പിഷാരടിയെ കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കാനാണ് ആലോചന. പിഷാരടിക്ക് മണ്ഡലത്തിൽ ജയ സാധ്യത ഉണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഇത്തവണ മത്സരത്തിന് ഇല്ലെന്നാണ് സിറ്റിങ് എംഎൽഎ ആയ കെ ബാബു അറിയിച്ചിരിക്കുന്നത്. ഇതോടെ മണ്ഡലത്തിൽ കെ ബാബുവിന് പകരം കോൺഗ്രസ് വക്താവ് രാജു പി നായർ, കെപിസിസി വൈസ് പ്രസിഡന്റ് എം ലിജു എന്നിവർക്കും പിഷാരടിക്ക് ഒപ്പം തന്നെ സാധ്യത കൽപ്പിക്കുന്നുണ്ട്. 25 വർഷക്കാലം തൃപ്പൂണിത്തുറയിൽ നിന്നുള്ള നിയമസഭാംഗമായിരുന്ന കെ ബാബുവിനെ 2016ൽ സിപിഎമ്മിന്റെ എം സ്വരാജ് തോൽപ്പിച്ചെങ്കിലും കഴിഞ്ഞ തവണ വീണ്ടും മണ്ഡലം തിരിച്ചു പിടിക്കുകയായിരുന്നു.
അതേസമയം, കൊച്ചിയിൽ ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും സിപിഎം ജയിച്ച മണ്ഡലത്തിൽ വിജയക്കൊടി പാറിക്കാൻ ഷിയാസിന് കഴിയുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ മേഖലയിൽ ഉണ്ടാക്കിയെടുത്ത നേട്ടങ്ങൾ തന്നെയാണ് അതിന്റെ പ്രധാന കാരണം.
എറണാകുളം ജില്ലാ യുഡിഎഫ് ചെയർമാൻ ഡോമിനിക് പ്രസന്റേഷനും ഇവിടെ പരിഗണനയിലുണ്ടെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വിഡി സതീശനും ഷിയാസ് മത്സരിക്കുന്നതിനോട് താൽപര്യമുണ്ടെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഷിയാസിനെ കൊച്ചിയിൽ തന്നെയാവും കോൺഗ്രസ് രംഗത്ത് ഇറക്കുക എന്നുറപ്പാണ്.
വൈപ്പിനിൽ മുതിർന്ന നേതാവ് അജയ് തറയിൽ, ടോണി ചമ്മിണി, യുവ നേതാവും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ ഷാരോൺ പനയ്ക്കൽ എന്നിവരാണ് പരിഗണനയിലുള്ളത്. ഇവിടെ സാമുദായിക സമവാക്യം പരിഗണിച്ചായിരുന്നു സ്ഥാനാർത്ഥി നിർണയം എന്നാണ് വിവരം. ഇതല്ലാതെയുള്ള പേരുകൾ സർപ്രൈസായി മണ്ഡലത്തിൽ വരാനും സാധ്യതയുണ്ട്.












Click it and Unblock the Notifications