അടിയന്തര പ്രമേയം തള്ളി നിയമസഭ: ഇറങ്ങിപ്പോയി പ്രതിപക്ഷം, മറുപടി തൃപ്തികരമല്ല
തിരുവനന്തപുരം: സംസ്ഥാനത്തെ ധനപ്രതിസന്ധി സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളി നിയമസഭ. സർക്കാർ മറുപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. രണ്ടര മണിക്കൂർ നീണ്ട് നിന്ന ചർച്ചയ്ക്ക് ഒടുവിലായിരുന്ന സർക്കാറിന്റെ മറുപടി. പ്രതിപക്ഷം ഇറങ്ങിപ്പോയതിന് പിന്നാലെയായിരുന്നു പ്രമേയം ശബ്ദവോട്ടിനിട്ട് തള്ളിയത്.
സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാർ തന്നെയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഉള്‍പ്പെടേയുള്ളവരുടെ ആരോപണം. സർക്കാറിന്റെ ധൂർത്ത് ധനപ്രതിസന്ധി ഗുരുതരമാക്കുന്നുവെന്ന ആരോപണവും പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. കേരളത്തില്‍ നിന്നും കിട്ടാനുള്ള തുകയുടെ കണക്കുകളില്‍ സംസ്ഥാനത്തെ ധനമന്ത്രാലയത്തിന് വ്യക്തയില്ലെന്നും യു ഡി എഫ് ആരോപിച്ചു.

അതേസമയം, സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് പൂർണ്ണ ഉത്തരവാദികള്‍ കേന്ദ്രസർക്കാർ ആണെന്നായിരുന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കിയത്. സംസ്ഥാനത്തെ എല്ലാ വിധത്തില്‍ കേന്ദ്ര സർക്കാർ ഞെരുക്കുകയാണ്. കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ ഡല്‍ഹിയിലേക്ക് പ്രതിപക്ഷവും വരണമെന്നും കെഎന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.
സർക്കാറിന്റെ ഭാഗത്ത് നിന്നും ധൂർത്തൊന്നും ഇല്ല. സ്വാഭാവികമായും നടക്കേണ്ട നവീകരണ പ്രവർത്തനങ്ങള്‍ മാത്രമാണ് നടക്കുന്നത്. അല്ലാതെയുള്ളതെല്ലാം വ്യാജ പ്രചരണമാണ്. കേന്ദ്രം സംസ്ഥാനത്തിൽ നിന്നും പിടിച്ചുപറിക്കുകയാണ്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെ പറഞ്ഞ ഇക്കാര്യമെങ്കിലും കോൺഗ്രസ് ഉൾക്കൊള്ളണം എന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും കേന്ദ്രം സംസ്ഥാനത്തോട് അങ്ങേയറ്റം നിഷേധ മനോഭാവമാണ് കാണിക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ളത് 57,000 കോടി രൂപയാണ്. നികുതി വരുമാനം രണ്ടുവര്‍ഷം കൊണ്ട് 47,000 കോടിയില്‍ നിന്ന് 71,000 കോടിയായി. ചര്‍ച്ചയില്‍ കേരളത്തെ മാത്രം കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ നിലപാട് ദൗര്‍ഭാഗ്യകരമാണ്.
റോജി എം ജോൺ എംഎൽഎയായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലാണ്. സർക്കാർ 26,000 കോടിയോളം രൂപ കുടിശ്ശിക നല്‍കാനുണ്ട്. സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം നികുതി ഭരണ സംവിധാനത്തില്‍ സർക്കാർ പൂര്‍ണമായും പരാജയപ്പെട്ടതാണ്. നികുതി പിരിവില്‍ കാര്യമായ വര്‍ധന ഇല്ലെന്ന് ധന മന്ത്രി തന്നെ സമ്മതിച്ചതാണെന്നും റോജി എം ജോണ്‍ ആരോപിച്ചു.
സ്വർണ വില്പനയുടെ 20 ശതമാനത്തിന് പോലും നികുതി ഈടാക്കാൻ കഴിയുന്നില്ല എന്നാണ് പഠനം. സർക്കാർ ചെയ്യേണ്ട കാര്യം ചെയ്യാതെ കൈ കെട്ടി ഇരുന്നു. പ്രതിസന്ധിയുടെ പേരിൽ നികുതിയും, സെസും കൂട്ടി. ഇന്ധന സെസ് മൂലം ഇന്ധന ഉപഭോഗം കുറഞ്ഞു. ഇന്ധന സെസ് പിൻവലിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications