രണ്ട് കോര്‍പറേഷന്‍ ഭരണം പിടിക്കണം; 100 പഞ്ചായത്തുകളും... അടുത്ത ദൗത്യത്തിന് ബിജെപി
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്തിയ ബിജെപി കേരളത്തില്‍ അടുത്ത പദ്ധതിയുമായി വരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മിന്നും വിജയമാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന നേതൃതലത്തില്‍ കാര്യമായ മാറ്റം ഉടനുണ്ടാകുമെന്നാണ് വിവരം. കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി തുടരാനാണ് സാധ്യത. അതേസമയം, ശോഭ സുരേന്ദ്രന് കൂടുതല്‍ ചുമതലകള്‍ നല്‍കിയേക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് വിഹിതം 19 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. 9 നിയമസഭാ മണ്ഡലങ്ങളില്‍ ജയിക്കാന്‍ വേണ്ട വോട്ട് ലഭിച്ചിട്ടുണ്ടെന്നും 11 ഇടങ്ങളില്‍ രണ്ടാം സ്ഥാനത്താകുമെന്നും ഈ വോട്ട് വിഹിതം പരിശോധിച്ച് പാര്‍ട്ടി മനസിലാക്കുന്നു. ഈ സാഹചര്യത്തില്‍ ആഞ്ഞുപിടിച്ചാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടം കൊയ്യാമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തില്‍ കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ പദവിയില്‍ തുടരാനാണ് സാധ്യത. ദേശീയ അധ്യക്ഷ പദവിയില്‍ നിന്ന് ജെപി നദ്ദ മാറുകയാണ്. അദ്ദേഹം കേന്ദ്രമന്ത്രിയായ പശ്ചാത്തലത്തിലാണിത്. പുതിയ ദേശീയ അധ്യക്ഷന്‍ വരുമ്പോള്‍ ചില സംസ്ഥാനങ്ങളിലും മാറ്റംവരും. ഇക്കൂട്ടത്തില്‍ കേരളവും തമിഴ്‌നാടുമില്ല എന്നാണ് വിവരം.
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി എന്നാണ് കെ സുരേന്ദ്രന്റെ പ്രതികരണം. വരുംദിവസങ്ങളില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുമെന്നും വിശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളും വരികയാണ്. ദേശീയ നേതൃത്വം ഭാരിച്ച ഉത്തരവാദിത്തമാണ് കേരള ബിജെപി നേതാക്കളില്‍ നല്‍കിയിട്ടുള്ളത്. അത് നേടിയെടുക്കുകയാണ് ലക്ഷ്യം.
രണ്ട് കോര്‍പറേഷന്‍ ഭരണം പിടിക്കണമെന്നാണ് ഒരു നിര്‍ദേശം. കൂടാതെ 25 നഗരസഭകള്‍, 100 പഞ്ചായത്തുകള്‍ എന്നിവയുടെ ഭരണം പിടിക്കണമെന്നും ദേശീയ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. ഈ ഒരു ലക്ഷ്യത്തോടെയാണ് സംസ്ഥാന നേതാക്കള്‍ അടുത്ത കരുനീക്കം നടത്തുന്നത്. തൃശൂര്‍, തിരുവനന്തപുരം കോര്‍പറേഷനുകളുടെ ഭരണം പിടിക്കാനാണ് നിര്‍ദേശം.
ജോര്‍ജ് കുര്യന്‍ കേന്ദ്ര സഹമന്ത്രിയായ സാഹചര്യത്തില്‍ അദ്ദേഹം വഹിച്ചിരുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയിലേക്ക് പുതിയ ആളെത്തും. സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്‍, ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന എസ് സുരേഷ്, തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ അനീഷ് കുമാര്‍ എന്നിവരുടെ പേരുകളാണ് ജനറല്‍ സെക്രട്ടറി പദവിയിലേക്ക് പരിഗണിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മുക്കാല്‍ ലക്ഷത്തോളം വോട്ടിനാണ് സുരേഷ് ഗോപി തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം മണ്ഡലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ രണ്ടാം സ്ഥാനത്തെത്തി. ആറ്റിങ്ങലില്‍ വി മുരളീധരന്‍ അര ലക്ഷത്തോളം വോട്ട് ഉയര്‍ത്തി. കൂടാതെ മിക്ക മണ്ഡലങ്ങളിലും ബിജെപിക്ക് വോട്ട് കൂടുകയും ചെയ്തു. ഇതെല്ലാം ദേശീയ നേതൃത്വത്തിന്റെ പ്രീതി പിടിച്ചുപറ്റാന്‍ സഹായിച്ചിട്ടുണ്ട്. കേരളത്തില്‍ അക്കൗണ്ട് തുറന്നത് നരേന്ദ്ര മോദി നിരവധി പ്രസംഗങ്ങളില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications