പാലക്കാട് സരിന്‍, ചേലക്കരയില്‍ യുആര്‍ പ്രദീപ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം
തിരുവനന്തപുരം: പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം, പാലക്കാട് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പി സരിന്‍ മത്സരിക്കും. ചേലക്കരയില്‍ യുആര്‍ പ്രദീപും മത്സരിക്കും. സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.
പാലക്കാട് കോണ്‍ഗ്രസില്‍ കലാപം ഉയര്‍ത്തി പാര്‍ട്ടി വിട്ട സരിന്‍ സിപിഎം സ്വതന്ത്രനാവുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം മുന്‍ എംഎല്‍എ കൂടിയായ യുആര്‍ പ്രദീപിന്റേതും ഉറച്ച സ്ഥാനാര്‍ത്ഥിത്വമായിരുന്നു. വികസനം പറഞ്ഞ് ജനങ്ങളോട് വോട്ട് ചോദിക്കും. കെ രാധാകൃഷ്ണന്‍ തുടങ്ങിവെച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും പ്രദീപ് പറഞ്ഞു.

അതേസമയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രദീപിന്റെ പ്രചാരണം ചേലക്കരയില്‍ ആരംഭിച്ചു. പാലക്കാടും ചേലക്കരയിലും വയനാട്ടിലും ഇടതുമുന്നണി വിജയിക്കുമെന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശേഷം എംവി ഗോവിന്ദന്‍ പറഞ്ഞു.
രാഷ്ട്രീയ നിലപാട് അനുസരിച്ചാണ് ആളുകളെ ഉള്‍ക്കൊള്ളുകയും പുറന്തള്ളുകയും ചെയ്യുന്നതെന്ന് സരിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ വിശദീകരിച്ച് കൊണ്ട് എംവി ഗോവിന്ദന്‍ പറഞ്ഞു.പാലക്കാട്ട് ബിജെപി-കോണ്‍ഗ്രസ് ഡീല്‍ ഉണ്ടാകുമെന്ന് അന്നേ ഞങ്ങള്‍ പറഞ്ഞതാണ്. പാലക്കാട് ഇന്നത്തെ സ്ഥിതിയില്‍ സരിന്‍ തന്നെ മത്സരിക്കണം എന്നാണ് തീരുമാനമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് ആളുകള്‍ കാലുമാറുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ടത് വിഡി സതീശനും കെ സുധാകരനുമാണ്. പാലക്കാടും ചേലക്കരയിലും കോണ്‍ഗ്രസിന്റെ രണ്ട് നേതാക്കളാണ് കോണ്‍ഗ്രസിന് എതിരായി മത്സരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ സ്വാധീനം ഉണ്ടാകാന്‍ പോകുന്ന ജനവിധിയാണ് ഉണ്ടാകാന്‍ പോകുന്നത്. പാലക്കാട് ബിജെപി തന്നെയാണ് പ്രധാന എതിരാളി. അവിടെ ബിജെപിയെ ജയിപ്പിക്കാന്‍ ശ്രമിക്കുന്ന യുഡിഎഫിനെയും പരാജയപ്പെടുത്തും. ജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. യുഡിഎഫില്‍ ഇപ്പോഴേ തമ്മിലടിയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
ഷാഫി പറമ്പില്‍ വടകരയില്‍ മത്സരിക്കാന്‍ പോയത് ഡീലാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വരുമെന്നും, ബിജെപിക്ക് അനുകൂലമായ സാഹചര്യം ഉണ്ടാവുമെന്നും ഷാഫിക്കറിയാം. അത് ഡീലാണെന്ന് ഞങ്ങള്‍ അന്നേ പറഞ്ഞിരുന്നു. വടകരയില്‍ ജയിച്ച മുരളിയെ മാറ്റി ഒരു സ്ഥാനാര്‍ത്ഥി നിര്‍ണയകം കോണ്‍ഗ്രസ് നടത്തിയപ്പോള്‍ തന്നെ കേരളത്തിലെ മതനിരപേക്ഷ സമൂഹം ആ ഡീല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാ കാലത്തേക്കും ആരുമായും ശത്രുത പുലര്‍ത്താനാവില്ല. പ്രഗത്ഭരയാ പലരെയും സ്വതന്ത്രരായി പാര്‍ട്ടി ഒപ്പം ചേര്‍ത്തിട്ടുണ്ട്. അവര്‍ പിന്നീട് പ്രസ്ഥാനത്തിന് മുതല്‍ക്കൂട്ടായി മാറിയിട്ടുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications