രണ്ട് ദിവസത്തില്‍ 11000 കൊവിഡ് രോഗികള്‍; രോഗമുക്തി നിരക്കിലും പിന്നില്‍; കേരളത്തില്‍ സ്ഥിതി ഗുരുതരം
തിരുവനന്തപുരം: പ്രാരംഭ ഘട്ടത്തില്‍ കൊവിഡ്-19 വൈറസിനെ കൃത്യമായ പ്രതിരോധ നടപടികളിലൂടെ നേരിട്ട കേരളം ഇന്ന് ഇന്ത്യയില്‍ പ്രതിദിനം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ചത്തീസ്ഗഡ് ഒഴികെയുള്ള് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. പ്രതിദിനം രാജ്യത്ത കൊവിഡ് നിരക്ക് 1.8 ശതമാനമാണെങ്കില്‍ കേരള്ത്തില്‍ അത് 3.38 ശതമാനമാണ്. അതായത് ദേശീയ വളര്‍ച്ചാ നിരക്കിനേക്കാള്‍ രണ്ട് ഇരട്ടി കൂടുതല്‍.

രോഗികള്‍ ഉയരുന്നു
വ്യാഴ്ച്ച മാത്രം കേരളത്തില്‍ 6324 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചതില്‍ ഏറ്റവും കൂടിയ കൊവിഡ് നിരക്കാണിത്. ബുധനാഴ്ച്ച 5376 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കേരളത്തില്‍ കൊവിഡ് രോഗികള്‍ 5000 കടക്കുന്നതും ബുധനാഴ്ച്ച ആയിരുന്നു.

ഗുരുതരമായ സ്ഥിതി
കേരളത്തില്‍ ഇതുവരേയും 1.54 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 46000 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പല ജില്ലകളിലും പോസിറ്റീവ് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണെന്നും സംസ്ഥാനം ഗുരുതരമായ സ്ഥിതിയിലേക്കാണ് നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ സമരം
കൊവിഡ്-19 പ്രോട്ടോകോള്‍ പോലും പാലിക്കാതെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരേയും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട കൊണ്ടുള്ള പ്രതിപക്ഷസമരം അനുദിനം ശക്തിപ്പെടുകയാണ്. കൊവിഡിനെതിരെ പോരാട്ടം ചിലരുടെ വിജയമായും മറ്റുള്ളവരുടെ പരാജയമായും കാണരുതെന്നും പിണറായി വിജയന്‍ പറഞ്ഞു.

രോഗമുക്തി നിരക്കിലും പിന്നില്‍
കേരളത്തില്‍ ദിനം പ്രതി കൊവിഡ് മുക്തി നേരിടുന്നവരേക്കാള്‍ കൂടുതലാണ് പുതുതായി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം എന്നത് തന്നെയാണ് ആശങ്കപ്പെടുത്തുന്ന കാര്യം. വ്യാഴാഴ്ച്ച 3168 പേരായിരുന്നു കൊവിഡ് മുക്തി നേടിയത്. ഇത് രോഗം പുതിയ രോഗികളുടെ നേര്‍ പകുതിയാണ്. ദേശീയ തലത്തില്‍ 81.55 ശതമാനമാണ് രോഗമുക്തി നിരക്കെങ്കില്‍ കേരളത്തില്‍ 69.83 ആയി ചുരുങ്ങി.

പരിശോധന നിരക്ക്
കേരളത്തിനേക്കാള്‍ കൂടുതല്‍ കൊവിഡ് കേസുകളുള്ള മറ്റ് സംസ്ഥാനങ്ങളിലെല്ലാം ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞ് വരികയാണ്. ഇതിനിടയിലും കേരളം നേരിടുന്ന പ്രധാന ആരോപണം കേരളം കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കുന്നില്ലായെന്നതാണ്. ടെസ്റ്റിംഗ് നിരക്ക് ഉയര്‍ത്താതേ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം പ്രവചിക്കാന്‍ പോലും കഴിയില്ലെന്ന് ഐഐഎം കോഴിക്കോട് പ്രാഫസര്‍ എം ജോണ്‍ വ്യക്തമാക്കി.ഇതിന് പുറമേ രോഗലക്ഷണമില്ലാത്ത രോഗികളെ വീട്ടിലേക്ക് തന്നെ ഐസൊലേറ്റ് ചെയ്യാനുള്ള് നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരമാണ് ഇത്തരത്തില്‍ ഹോം ഐസൊലേഷന്‍ സംവിധാനം സജ്ജമാക്കിയത്.
പ്രതിപക്ഷം ഇനി കാഴ്ചക്കാര്‍; ബിജെപിക്ക് സീറ്റ് കൂടും; ബില്ലുകള്‍ അതിവേഗം കടക്കാന്‍ രാജ്യസഭ റെഡി
'കുറച്ച് ദിവസങ്ങളായി താന്‍ പലതും കേള്‍ക്കുന്നു'; പ്രതികരണവുമായി ബിഗ് ബോസ്സ് താരം രജിത് കുമാര്‍