നീതി കിട്ടിയില്ല; ഇനിയും മത്സരിക്കുമെന്ന് കെ എം മാണി
തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് തന്റെ രക്തത്തിനുവേണ്ടി ചിലര്‍ ദാഹിച്ചെന്ന് കെ എം മാണി. രാജിവെച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ ബുധനാഴ്ച വൈകിട്ട് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഗൂഢാലോചനയെക്കുറിച്ച് മാണി വീണ്ടും ആവര്‍ത്തിച്ചത്. എന്നാല്‍ അത് ആരാണെന്ന് പറയാന്‍ മാണി വിസമ്മതിച്ചു.
രാഷ്ട്രീയ ഗൂഢാലോചനയാണ് തനിക്കെതിരെ നടന്നത്. എഫ്‌ഐആര്‍ എടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരെന്ന് വ്യക്തമായി തനിക്കറിയാം. എന്നാല്‍ മാന്യതകൊണ്ട അവരുടെ പേരുകള്‍ പറയുന്നില്ല. കേസില്‍ തനിക്ക് നീതി കിട്ടിയിട്ടില്ല. യു ഡി എഫില്‍ നിന്നും കൂടുതല്‍ പരിഗണന താന്‍ പ്രതീക്ഷിച്ചിരുന്നതായും മാണി പറഞ്ഞു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന സൂചനയും മാണി നല്‍കി. പാലായിലെ ജനങ്ങള്‍ അതാണ് ആഗ്രഹിക്കുന്നതെങ്കില്‍, ആരോഗ്യം സമ്മതിക്കുമെങ്കില്‍ താന്‍ വീണ്ടും മത്സരിക്കും. അതില്‍ ആര്‍ക്കും സംശയം വേണ്ടെന്നും മാണി പറഞ്ഞു. രാജിയുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തോമസ് ഉണ്യാടനോടോ പി ജെ ജോസഫിനോടോ മന്ത്രിസ്ഥാനം രാജിവെക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല. ഉണ്യാടന്‍ തന്നോടുള്ള സ്‌നേഹാധിക്യത്താല്‍ രാജിവെച്ചതാകാം. ഉമ്മന്‍ ചാണ്ടി നല്ല സുഹൃത്താണ്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്നയാളാണ്. ആരോടും പരിഭവമില്ല. എല്ലാ പിന്തുണയും നല്‍കുന്ന പാലാ നിവാസികള്‍ക്ക് നന്ദിയെന്നും കെ എം മാണി പറഞ്ഞു.












Click it and Unblock the Notifications