മാണി സി കാപ്പന് വേണ്ട; ജോസിന്‍റെ സീറ്റില്‍ കേരള കോണ്‍ഗ്രസ് തന്നെ, എംപി സ്ഥാനം ഇന്ന് രാജിവച്ചേക്കും
കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവുമായി ജോസ് കെ മാണി എംപിയെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നു ജോസ് കെ മാണിയുടെ തിരഞ്ഞെടുപ്പ്. നേരത്തെ പാര്‍ട്ടി പിളര്‍പ്പിന് മുന്‍പ് ജോസ് കെ മാണിയെ ചെയര്‍മാനാക്കിയ തീരുമാനം കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേ നിലനില്‍ക്കുമ്പോള്‍ തന്നെ ജോസ് വിഭാഗത്തെ കേരള കോൺഗ്രസ് (എം) ഔദ്യോഗിക വിഭാഗമായി കേന്ദ്ര തെരഞ്ഞെടുപ് കമീഷൻ അംഗീകരിച്ചു. ഈ വിധിയില്‍ പറയുന്നതിന് അനുസരിച്ചാണ് പുതിയ തിരഞ്ഞെടുപ്പ് നടന്നത്. ജോസ് കെ മാണി എത്രയും പെട്ടെന്ന് തന്നെ രാജ്യസഭാഗത്വം രാജിവെക്കുക എന്ന തീരുമാനവും യോഗത്തിലെടുത്തിരുന്നു.

ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ്
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് എം മുന്നണിയിലേക്ക് തിരികെ എത്തുമ്പോഴാണ് ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് ലഭിക്കുന്നത്. ജോസ് കെ മാണിക്ക് സീറ്റ് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജോസ് കെ മാണി മുന്നണി വിട്ടതോടെ പാര്‍ട്ടിയുടെ ഉറച്ച ഒരു സീറ്റ് നഷ്ടമാക്കിയെന്ന വികാരം ശക്തമാവുകയും ചെയ്തു.

തോമസ് ചാഴിക്കാടന്‍ രാജിവെക്കില്ല
യുഡിഎഫ് വിട്ടതിന് പിന്നാലെ തന്നെ രാജ്യസഭാംഗത്വം രാജിവെക്കുമെന്ന് ജോസ് കെ മാണി പ്രഖ്യാപിച്ചിരുന്നു. ജോസ് കെ മാണി മാത്രമാണ് രാജിവെക്കുന്നത്. കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ നിന്നുമുള്ള എംപി തോമസ് ചാഴിക്കാടന്‍ പാര്‍ലമെന്‍ററി അംഗത്വം രാജിവെക്കില്ല. ജോസ് കെ മാണി രാജിവെക്കുന്നതോടെ കേരള കോണ്‍ഗ്രസിന് തന്നെ രാജ്യസഭാ സീറ്റ് തിരികെ ലഭിക്കുമെന്നാണ് സൂചനകള്‍.

മാണി സി കാപ്പന് രാജ്യസഭാഗത്വം
നേരത്തെ പാലാ സീറ്റിന് പകരമായി മാണി സി കാപ്പന് രാജ്യസഭാഗത്വം നല്‍കാമെന്ന നിര്‍ദേശം സിപിഎം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ സിറ്റിങ് സീറ്റ് വിട്ടുകൊടുത്ത് എങ്ങോട്ടും ഇല്ലെന്നും രാജ്യസഭയിലേക്ക് ഇല്ലെന്നുമാണ് മാണി സി കാപ്പന്‍ വ്യക്തമാക്കിയത്. ഇതോടെയാണ് രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെ വിട്ടുനല്‍കിയേക്കുമെന്ന സൂചന ശക്തമായത്.

ഇടതുമുന്നണിയുടെ കണക്ക് കൂട്ടല്‍
ഗുജറാത്തിലെ രാജ്യസഭാ ഉപതിരഞ്ഞെടുപ്പുകള്‍ക്കൊപ്പം തന്നെ കേരളത്തിലും ഉപതിരഞ്ഞെടുപ്പ് വരുമെന്നാണ് ഇടതുമുന്നണിയുടെ കണക്ക് കൂട്ടല്‍. അങ്ങനെയെങ്കില്‍ ഇടതുമുന്നണിക്ക് എളുപ്പത്തില്‍ തന്നെ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയും. ചൊവ്വാഴ്ച രാത്രിയോടെ ദില്ലിയിലെത്തിയ ജോസ് കെ മാണി ഇന്ന് തന്നെ രാജിക്കത്ത് കൈമാറിയേക്കുമെന്നാണ് സൂചന.

സീറ്റ് കേരള കോണ്‍ഗ്രസിന്
കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് തിരികെ ലഭിക്കുമെന്നാണ് പാര്‍ട്ടി നേതാക്കളും വ്യക്തമാക്കുന്നത്. കേരള കോണ്‍ഗ്രസ് മുന്നണി മാറിയെത്തിയത് കൊണ്ട് മാത്രം ലഭിക്കുന്ന സീറ്റായതിനാല്‍ അതിന് പാര്‍ട്ടിക്ക് അവകാശമുണ്ടെന്നുമാണ് കേരള കോണ്‍ഗ്രസിന്‍റെ അവകാശവാദം. ഉപതിരഞ്ഞെടുപ്പില്‍ ആരെ മത്സരിപ്പിക്കണമെന്ന ചര്‍ച്ചകളും കേരളകോണ്‍ഗ്രസില്‍ തുങ്ങിയിട്ടുണ്ട്.

സിപിഎം നിര്‍ദേശം
മുതിർന്ന നേതാക്കളായ പി.കെ.സജീവ്, സ്റ്റീഫൻ ജോർജ്, പി.ടി.ജോസ് എന്നിവരുടെ പേരുകള്‍ക്കാണ് കേരള കോണ്‍ഗ്രസില്‍ മുന്‍ഗണന. ഗുജറാത്തിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പിനൊപ്പം കേരളത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ ജോസ് കെ മാണി ഉടന്‍ അംഗത്വം രാജിവെക്കേണ്ടതുണ്ട്. അതിനാല്‍ എത്രയും പെട്ടെന്ന് തീരുമാനം വേണമെന്ന് ജോസ് കെ മാണിക്ക് സിപിഎമ്മും നിര്‍ദേശം നല്‍കിയെന്നാണ് സൂചന.

യുഡിഎഫ് വിമര്‍ശനം
യുഡിഎഫിന്‍റെ ഭാഗമായി ജോസ് കെ മാണി നേടിയ എംപി സ്ഥാനം രാജിവെക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസും യുഡിഎഫും വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജി തീരുമാനം നേരത്തെ തന്നെ എടുത്തിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് രാജി തീരുമാനം ജോസ് കെ മാണി വൈകിപ്പിച്ചത്.

ജോസ് കെ മാണിയെ ചെയർമാന്‍
ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത പാർട്ടി ഭാരവാഹികളുടെ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിട്ടുണ്ട്. കമ്മീഷന്‍ അംഗീകരിച്ച 156 സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ 131 പേർ യോഗത്തിൽ പങ്കെടുത്തിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലടക്കം ഉണ്ടാക്കിയ വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ജോസ് കെ മാണിയുടെ തീരുമാനം.

നിയമസഭാ തിരഞ്ഞെടുപ്പില്‍
അതേസമയം, രാജ്യസഭാഗത്വം രാജിവെക്കുന്ന ജോസ് കെ മാണി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. പാലാ സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെ വിട്ടു നല്‍കുമെന്ന കാര്യം ഉറപ്പായിട്ടുണ്ടെങ്കിലും ജോസ് കെ മാണി എവിടെ മത്സരിക്കുമെന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പാലായില്‍ പ്രഥമ പരിഗണന ജോസ് കെ മാണിക്കാണെങ്കിലും കടുത്തുരുത്തിയും പട്ടികയിലുണ്ട്.

റോഷി അഗസ്റ്റിന്‍ പാലായില്‍
ജോസ് കെ മാണി മത്സരിച്ചില്ലെങ്കില്‍ ഇടുക്കി എംഎല്‍എ ആയ റോഷി അഗസ്റ്റിന്‍ പാലായില്‍ മത്സരിച്ചേക്കും. കടുത്തുരുത്തിയും ജോസ് കെ മാണിയുടെ പരിഗണനയിലുണ്ട്. രണ്ട് മണ്ഡലങ്ങളിലും തികഞ്ഞ വിജയ പ്രതീക്ഷയാണ് കേരള കോണ്‍ഗ്രസിനുള്ളിലുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലത്തിലും വലിയ മുന്നേറ്റം നടത്താന്‍ എല്‍ഡിഎഫിന് സാധിച്ചിരുന്നു.