മലയാളി വീട്ടമ്മയെയും മക്കളെയും മംഗലാപുരം എയര്‍പോര്‍ട്ടില്‍ തടഞ്ഞു!പിന്നെ കരിപ്പൂര്‍ വഴി ദോഹയിലെത്തി
പാസ്‌പോര്‍ട്ട് വ്യക്തമല്ലെന്ന കാരണത്താലാണ് മംഗലാപുരം വിമാനത്താവളത്തില്‍ തടഞ്ഞത്.
കാസര്‍കോട്: ദോഹയിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയ മലയാളി കുടുംബത്തെ തിരിച്ചയച്ചതായി പരാതി. കാസര്‍കോട് മഞ്ചേശ്വരം സ്വദേശിനിയെയും മക്കളെയുമാണ് മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. തുടര്‍ന്ന് യാത്ര മുടങ്ങിയ കുടുംബം രണ്ട് ദിവസത്തിന് ശേഷം കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് ദോഹയിലെത്തിയത്.
മഞ്ചേശ്വരം സ്വദേശിയായ അബ്ദുള്‍ ഖാദറിന്റെ ഭാര്യ ആയിശയേയും മൂന്ന് മക്കളെയുമാണ് പാസ്‌പോര്‍ട്ട് വ്യക്തമല്ലെന്ന കാരണത്താല്‍ മംഗലാപുരം വിമാനത്താവളത്തില്‍ തടഞ്ഞത്. ദോഹയിലെ ഭര്‍ത്താവിന്റെയടുത്തേക്ക് പോകാനിരുന്ന ഇവരെയും മക്കളെയും എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചെന്നും, യാത്ര ചെയ്യാന്‍ അനുവദിക്കാതെ തിരിച്ചയച്ചതായും ആരോപിക്കുന്നുണ്ട്.

പാസ്‌പോര്‍ട്ടില്‍ വ്യക്തതയില്ലെന്നായിരുന്നു മംഗലാപുരത്തെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. തുടര്‍ന്ന് പാസ്‌പോര്‍ട്ട് ഓഫീസിലെത്തി ഡ്യൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ടിനായി അപേക്ഷ നല്‍കിയെങ്കിലും, നിലവിലെ പാസ്‌പോര്‍ട്ടിന് കുഴപ്പമൊന്നുമില്ലെന്നായിരുന്നു പാസ്‌പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥരുടെ വിശദീകരണം. പിന്നീട് രണ്ട് ദിവസത്തിന് ശേഷം ഇതേ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇവര്‍ കരിപ്പൂര്‍ വിമാനത്താവളം വഴി ദോഹയിലെത്തുകയും ചെയ്തു. മംഗലാപുരം വഴിയുള്ള യാത്ര മുടങ്ങിയതില്‍ ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും കുടുംബം ആരോപിച്ചു.












Click it and Unblock the Notifications