'പണം തടഞ്ഞിട്ട് ബിജെപി ന്യായം പറയുന്നു, വലിയ തുകയാണ് വെട്ടിക്കുറച്ചത്'; ശമ്പള പ്രതിസന്ധിയിൽ ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ ശക്തമാവുകയും സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുകയും ചെയ്‌തതിന് പിന്നാലെ കേന്ദ്രത്തിനെതിരെ കടുത്ത വിമർശനവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളത്തിന് ലഭിക്കേണ്ട തുക കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. 13,608 കോടി രൂപ കേരളത്തിന് കിട്ടാനുണ്ട്. കേസ് കൊടുത്തതിന്റെ പേരില്‍ പണം തടഞ്ഞുവെന്നാണ് ധനമന്ത്രിയുടെ ആരോപണം.
'വിഷയത്തിൽ ഡൽഹിയിലേക്ക് സമരത്തിന് പോയി. കേരളത്തിന് വേണ്ടിയുള്ള സമരമാണ് സംഘടിപ്പിച്ചത്. പ്രതിപക്ഷത്തെയും ജനങ്ങളെയും ഒപ്പം കൂട്ടി. അതിനൊപ്പമാണ് ഞങ്ങൾ കോടതിയിലേക്ക് പോയത്. കോടതിയിൽ പോയതിന്റെ പേരിൽ പണം തടയുന്നു എന്ന് പറഞ്ഞാൽ അത് നമ്മൾ ഓരോരുത്തരും, എന്റെയും നിങ്ങളുടെയും മൗലിക അവകാശങ്ങൾ തടയുന്നു എന്നാണ് അർത്ഥം' ധനമന്ത്രി ചൂണ്ടിക്കാട്ടി.

'ശമ്പളത്തിന്റെയും പെൻഷന്റെയും മാത്രം പ്രശ്‌നമല്ല കേരളത്തിലുള്ളത്. ഇവിടുത്തെ ഓരോ പൗരനെയും സംബന്ധിച്ചത്തോളം കാര്യമുണ്ട്. ഏറ്റവും സാധാരണക്കാരായ 62 ലക്ഷം ആളുകൾക്ക് കൊടുക്കുന്ന ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ളവയുണ്ട്. ആ പെൻഷനിൽ അടക്കം എന്ത് സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുക' ധനമന്ത്രി ചോദിച്ചു.
അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണത്തിനായി പണം അനുവദിച്ചാലും പ്രതിസന്ധി ഉടന്‍ തീരില്ലെന്നാണ് സൂചന. പിൻവലിക്കാവുന്ന ശമ്പള തുകയ്ക്ക് ഏർപ്പെടുത്തുമെന്ന് ധനമന്ത്രി അറിയിച്ചു.50000 രൂപക്ക് മുകളിൽ ചെക്ക് മാറാനാകില്ല. ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തും. ശമ്പളത്തിന് മാത്രമല്ല നിക്ഷേപങ്ങൾക്കും ഈ പരിധി ബാധകമായേക്കും.
രണ്ട്-മൂന്ന് ദിവസം കൊണ്ട് ശമ്പളം സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കും. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ കേരളം കൊടുത്ത കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കിഫ്ബി എടുത്ത കടം കേരളത്തിന്റെ കടപരിധിയിൽ ഉൾപ്പെടുത്തരുതെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. ശമ്പളവും പെൻഷനും കൊടുത്താൽ പ്രശ്‌നം തീരില്ലെന്നും ധനമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് ഇന്നേക്ക് നാലാം ദിനമാണ്. ഇടിഎസ്ബി അക്കൗണ്ടിൽ നിലവിലുള്ള പ്രശ്‌നം തീർത്ത് ഇന്ന് ശമ്പളം കിട്ടിത്തുടങ്ങുമെന്നാണ് ധനവകുപ്പ് പറയുന്നത്. മൂന്നാം ശമ്പളദിവസമായ ഇന്ന് കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, സഹകരണം, വ്യവസായം തുടങ്ങി 12 വകുപ്പുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിക്കേണ്ടത്.
എന്നാല്‍ ഇവര്‍ക്ക് പുറമെ ഒന്നും രണ്ടും പ്രവർത്തി ദിവസങ്ങളിൽ ശമ്പളം കിട്ടേണ്ടിയിരുന്നവരും ഉണ്ട്. ശമ്പള വിതരണത്തിന് ആവശ്യമായ തുക ഇന്ന് ഉച്ചയോടെ ട്രഷറിയിലെത്തിക്കാനാണ് ശ്രമം. അതോടെ ഇടിഎസ്ബി അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത് നീക്കും. അതിനിടെ ശമ്പളം അടിയന്തരമായി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ ഇന്ന് രാവിലെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications