റിലീഫ് സാമഗ്രികള്‍ വിമാനത്താവളത്തില്‍ തടയുന്നു; സര്‍ക്കാരിനെതിരെ പ്രതിപക്ഷം, നിവേദനം നല്‍കി
തിരുവനന്തപുരം: സന്നദ്ധ സംഘടനകള്‍ വിദേശത്ത് നിന്ന് അയക്കുന്ന ദുരിതാശ്വാസ വസ്തുക്കള്‍ വിമാനത്താവളത്തില്‍ സര്‍ക്കാര്‍ തടഞ്ഞുവയ്ക്കുകയാണെന്ന് പ്രതിപക്ഷം. വിദേശത്ത് നിന്നെത്തുന്ന വസ്തുക്കള്‍ സര്‍ക്കാര്‍ വഴി മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളൂവെന്ന നിലപാട് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമര്‍പ്പിച്ചു.
സര്‍ക്കാര്‍ വഴി മാത്രം റിലീഫ് വസ്തുക്കള്‍ വിതരണം ചെയ്താല്‍ മതിയെന്നാണ് പുതിയ നിലപാട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിദേശത്ത് നിന്ന് സന്നദ്ധ സംഘടനകളും മറ്റും ഒട്ടേറെ വസ്തുക്കള്‍ ശേഖരിക്കുന്നുണ്ട്. ഇവയുടെ ഇറക്കുമതിക്ക് കസ്റ്റംസ് നികുതി ഇളവുമുണ്ട്. എന്നാല്‍ ഇളവ് ലഭിക്കണമെങ്കില്‍ റിലീഫ് വസ്തുക്കള്‍ സര്‍ക്കാരിന് കൈമാറണമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്ന നിബന്ധന. ഈ നിബന്ധന ഒഴിവാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ഒട്ടേറെ വസ്തുക്കള്‍ വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ സാങ്കേതിക കാരണം പറഞ്ഞ് പുറത്തെടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു.
റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നേരത്തെ സന്നദ്ധ സംഘടനകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇവര്‍ വിദേശത്ത് നിന്നടക്കം ചരക്കുകള്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ ലഭ്യമായ സാമഗ്രികള്‍ പുറത്തേക്ക് കൊണ്ടുവരാന്‍ ഈ സംഘടനകള്‍ക്ക് പോലും സാധിക്കാത്ത സാഹചര്യമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.












Click it and Unblock the Notifications