പെട്രോളിനും ഡീസലിനും രണ്ട് രൂപ കൂടി; ഇന്ന് മുതല്‍ മദ്യത്തിനും പുതിയ വാഹനത്തിനും തീവില
തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്ന് മുതല്‍ സംസ്ഥാനത്ത് ഇന്ധനവില അടക്കം നിരവധി മേഖലകളില്‍ വില വര്‍ധിക്കും. ബജറ്റ് നിര്‍ദേശത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും രണ്ട് രൂപ അധികം കൊടുക്കണം. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ പണം കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ നിര്‍ദേശം വന്നത്.
ഇത് ഇന്നലെ അര്‍ധരാത്രി 12 മണി മുതല്‍ പ്രാബല്യത്തില്‍ വന്നു. നേരത്തെ പെട്രോളിന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ 105-106 എന്നിങ്ങനെയും ഡീസലിന് 94-95 എന്നിങ്ങനെയുമായിരുന്നു വില. ഇത് ഇനി മുതല്‍ 107-108 എന്ന നിലയിലേക്കും 96-97 എന്ന നിലയിലേക്കും എത്തും. ഇതിന് പുറമെ മദ്യം, കെട്ടിട നികുതി, ഭൂമിയുടെ ന്യായവില. വാഹന നികുതി എന്നിവയിലെ വര്‍ധനവും പ്രാബല്യത്തില്‍ വന്നു.

അതേസമയം പുതിയതായി വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി 20 ശതമാനത്തില്‍ നിന്ന് അഞ്ചാക്കി കുറച്ചതും പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഇന്ധന വില വര്‍ധനയോടെ 750 കോടി രൂപ ഖജനാവിലേക്ക് എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 500 മുതല്‍ 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും ആണ് ഇന്ന് മുതല്‍ വര്‍ധിക്കുന്നത്.
ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനത്തിന്റെ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സെന്റിന് ഒരു ലക്ഷം രൂപ ന്യായവില ഉണ്ടായിരുന്ന ഭൂമിക്ക് ഇന്ന് മുതല്‍ 120000 രൂപ ആയി ഉയരും. ഇതിനോട് ആനുപാതികമായി രജിസ്‌ട്രേഷന്‍ ചെലവും ഉയരും. ഒരു ലക്ഷം രൂപ ന്യായവിലയുള്ള ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിന് 2000 രൂപയാകും. അതോടൊപ്പം കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് ആറ് മാസത്തിനകം മറ്റൊരാള്‍ക്ക് കൈമാറുമ്പോഴുള്ള മുദ്രപത്ര നിരക്ക് 5 ശതമാനത്തില്‍ നിന്ന് ഏഴായി വര്‍ധിച്ചു.
കെട്ടിട നികുതിയിലും ഉപനികുതികളിലും അഞ്ച് ശതമാനം വര്‍ധനവ് ആണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. വാഹന നികുതിയും സംസ്ഥാനത്ത് വര്‍ധിച്ചിരിക്കുകയാണ്. രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് രണ്ട് ശതമാനം അധികനികുതി നല്‍കണം. അതിനോടൊപ്പം പുതിയതായി വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഈടാക്കുന്ന ഒറ്റത്തവണ സെസിലും വര്‍ധനവ് പ്രാബല്യത്തില്‍ വന്നു.
Sleep Tips: എല്ലാ ഉറക്കവും ഒരുപോലെയല്ല... നിങ്ങള്‍ ഉറങ്ങുന്നത് ഇങ്ങനെയാണോ..?
ഇരു ചക്രവാഹനങ്ങള്‍ക്ക് 50 നിന്ന് നൂറും മുന്ന്, നാല് ചക്രവാഹനങ്ങള്‍ക്ക് 100 ല്‍ നിന്ന് 200 രൂപയായും ഹെവി വാഹനങ്ങള്‍ 250 ല്‍ നിന്ന് 500 ആയുമായാണ് സെസ് ഉയര്‍ന്നത്. ജുഡീഷ്യല്‍ കോര്‍ട്ട് ഫീ സ്റ്റാമ്പുകളുടെ നിരക്കിലും വര്‍ധനയുണ്ട്. ഇന്ന് മുതല്‍ വാണിജ്യ, വ്യവസായ യൂണിറ്റുകള്‍ക്ക് ബാധകമായ വൈദ്യുതി തീരുവ അഞ്ച് ശതമാനമായി വര്‍ധിക്കുകയാണ്. അതേസമയം ബജറ്റിലെ ചില ഇളവുകളും ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
വില്‍പന നടന്ന ഭൂമി മൂന്ന് മാസത്തിനുള്ളില്‍ വില്‍ക്കുകയാണെങ്കില്‍ ഇരട്ടി സ്റ്റാമ്പ് ഡ്യൂട്ടി നല്‍കണം എന്ന വ്യവസ്ഥ ഒഴിവാക്കിയത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അതോടൊപ്പം 30 ചതുരശ്ര മീറ്ററില്‍ താഴെ വിസ്തീര്‍ണമുള്ള വീട്ടില്‍ താമസിക്കുന്ന ബിപിഎല്‍ കുടുംബം കെട്ടിട നികുതി നല്‍കേണ്ട എന്ന തീരുമാനവും ഇന്ന് മുതല്‍ നിലവില്‍ വരും. അതേസമയം വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് യു ഡി എഫ് ഇന്ന് കരിദിനം ആചരിക്കുകയാണ്.












Click it and Unblock the Notifications