ക്ലീൻചിറ്റില്ല, ശിവശങ്കറിന് കുരുക്ക് മുറുകും; എൻഫോഴ്സ്മെന്റും ചോദ്യം ചെയ്യലിന്!!
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് കുരുക്ക് മുറുകുന്നതായി സൂചന. കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനും സരിത്തിനും സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന കാര്യം തനിക്കറിയില്ലെന്നാണ് ചോദ്യം ചെയ്യലിനിടെ ശിവശങ്കര്‍ എൻഐഎ സംഘത്തോട് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂർ പേരൂർക്കട പോലീസ് ക്ലബ്ബിൽ വിളിപ്പിച്ച് ചോദ്യം ചെയ്തതിന് പിന്നാലെ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരാകാനും ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ഹാജരാകാനാണ് നിർദേശം ആദ്യം കസ്റ്റംസ് സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്.

ക്ലീൻചിറ്റില്ല, കുരുക്ക് മുറുകും
തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണം കടത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് ക്ലീൻചിറ്റില്ല. കേസിൽ ഏറ്റവും ഒടുവിൽ ശിവശങ്കറിനെ ചോദ്യം ചെയ്ത എൻഐഎയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വ്യാഴാഴ്ച അഞ്ച് മണിക്കൂർ ചോദ്യം ചെയ്തതിന് പിന്നാലെ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലെ എൻഐഎ ഓഫീസിലേക്ക് വിളിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അടുത്ത ഊഴം എൻഫോഴ്സ്മെന്റിന്
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആദ്യം കസ്റ്റംസും പിന്നീട് എൻഐഎയും ചോദ്യം ചെയ്തതിന് പിന്നാലെ എൻഫോഴ്സ്മെന്റും ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. ബുധനാഴ്ച വൈകിട്ട് സ്വർണ്ണക്കടത്ത് കേസിൽ രജിസ്റ്റർ ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത്, വിദേത്തുള്ള ഫൈസൽ ഫരീദ് എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇതിന് പിന്നാലെയാണ് ശിവശങ്കറിനെക്കൂടി എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.

കള്ളക്കടത്തിൽ പങ്കില്ല
സ്വപ്ന സുരേഷും സരിത്തുമായി ഉണ്ടായിരുന്നത് സുഹൃത് ബന്ധം മാത്രമാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ശിവശങ്കർ. കള്ളക്കടത്തിനെക്കുറിച്ച് അറിയില്ലെന്നുമാണ് കസ്റ്റംസിനും എൻഐഎയ്ക്കും ശിവശങ്കർ നൽകിയ മൊഴി. കേസിൽ അറസ്റ്റിലായി എൻഐഎ കസ്റ്റഡിയിലുള്ള പ്രതികളിൽ ചിലർ നൽകിയിട്ടുള്ള മൊഴി ശിവശങ്കറിന് എതിരാണെന്നാണ് സൂചന. കള്ളക്കടത്തിന് മുമ്പോ ശേഷമോ ഇക്കാര്യത്തെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്ന് ബോധ്യപ്പെട്ടാൽ അന്വേഷണ സംഘം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും.
Recommended Video

സ്വർണ്ണം വിട്ടുകിട്ടുന്നതിനായി ഇടപെട്ടോ?
യുഎഇ കോൺസുൽ ജനറലിന്റെ പേരിൽ വന്ന ഡിപ്ലോമാറ്റിക് ബാഗേജ് കസ്റ്റംസ് അധികൃതർ പിടിച്ചുവെച്ചതോടെ ഇത് വിട്ടുകിട്ടുന്നതിനായി ശിവശങ്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രറിയുടെ പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. സ്വർണ്ണം ഉൾപ്പെട്ട പാഴ്സൽ വിട്ടുകിട്ടുന്നതിനായി സ്വപ്ന സുരേഷ് ശിവശങ്കറിന് മേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് കരുതുന്നത്. സ്വപ്ന ഡിലീറ്റ് ചെയ്ത ടെലഗ്രാം ചാറ്റ് എൻഐഎ വീണ്ടെടുത്തിരുന്നു. ഇതിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങൾ കൈമാറും
സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ ആവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ജൂൺ ഒന്ന് മുതൽ ജൂലെ 12 വരെയുള്ള സിസിടിവി ദൃശ്യങ്ങൾ എൻഐഎ സംഘത്തിന് കൈമാറാനാണ് ചീഫ് സെക്രട്ടറിയുടെ നിർദേശം. സ്വർണ്ണക്കടത്ത് കേസിൽ ആരോപണവിധേയനായ ശിവശങ്കറിനെക്കുറിച്ച് എൻഐഎ ചീഫ് സെക്രട്ടറിയിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞിരുന്നു. സന്ദീപ് നായരും സ്വപ്ന സുരേഷും അറസ്റ്റിലായതോടെയാണിത്. ഇതിന് പിന്നാലെ അന്വേഷണ സംഘം സെക്രട്ടറിയേറ്റിൽ നേരിട്ടെത്തിയാണ് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെടുന്നത്.

പ്രതികൾ ഓഫീസിൽ നേരിട്ടെത്തിയോ?
സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ കള്ളക്കടത്ത് നടന്ന രണ്ട് മാസത്തിനുള്ളിൽ ശിവശങ്കറിന്റെ ഓഫീസിലെത്തിയെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതോടെയാണ് സെക്രട്ടറിയേറ്റിലെ രണ്ട് മാസത്തെ ദൃശ്യങ്ങൾ എൻഐഎ ആവശ്യപ്പെട്ടത്. ആദ്യം സ്ഥാപിച്ച സിസിടിവിയിൽ 14 ദിവസത്തെ ദൃശ്യങ്ങൾ ശേഖരിക്കാനുള്ള സംവിധാനം മാത്രമാണുണ്ടായിരുന്നത്. എന്നാൽ സോളാർ കേസ് പുറത്തുവന്നതോടെ ആറ് മാസത്തെ ദൃശ്യങ്ങൾ ശേഖരിച്ച് വെക്കണമെന്ന് സോളാർ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഒരു വർഷം വരെയുള്ള ദൃശ്യങ്ങൾ സൂക്ഷിച്ചുവെക്കുന്നതിനുള്ള സാങ്കേതിക സൌകര്യം ഏർപ്പെടുത്തുന്നത്.

ബന്ധമില്ലെന്ന് ആവർത്തിച്ചു
ഐടി വകുപ്പിലെ ജീവനക്കാരിയായിരുന്ന സ്വപ്‌നയെയും സരിത്തിനെയും അറിയാമെന്നാണ് ശിവശങ്കർ അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാൽ സൗഹൃദത്തിനപ്പുറം അവരുടെ ബിസിനസിനെക്കുറിച്ചും മറ്റ് ഇടപാടുകളെക്കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നാണും എന്‍ഐഎക്ക് ശിവശങ്കര്‍ മൊഴി നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരം. ഫോൺ രേഖകളും പ്രതികളുടെ വീടുകളിൽ നിന്ന് പിടിച്ചെടുത്ത രേഖകളും അടിസ്ഥാനമാക്കിയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചോദ്യം ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications