സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ 5 സംസ്ഥാനങ്ങളിലെ തിയറ്ററുകളിൽ പ്രദർശിപ്പിക്കും; 18 ലക്ഷം രൂപ അനുവദിച്ചു
തിരുവനന്തപുരം: കേരളത്തിന് പുറത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തിയറ്ററുകളിൽ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കും. അഞ്ച് സംസ്ഥാനങ്ങളിലെ തിയറ്റുകളിൽ സർക്കാർ പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ 18 ലക്ഷം രൂപ അനുവദിച്ചു. 100 തിയറ്ററുകളിലാണ് പ്രദർശിപ്പിക്കുക. കർണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് ഡൽഹി എന്നിവിടങ്ങളിലെ തിയറ്ററുകളിലാണ് കേരള സർക്കാരിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നത്.
നഗര കേന്ദ്രങ്ങളിലെ 100 തിയറ്ററുകളിലാണ് ഒന്നര മിനിട്ടുള്ള വീഡിയോ പ്രദർശിപ്പിക്കുന്നത്. സെക്രട്ടറിമാർ ഉൾപ്പൊടുന്ന വർക്കിംഗ് ഗ്രൂപ്പിന്റെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. വീഡിയോ തയ്യാറാക്കാൻ ഏജൻസികളെ കണ്ടെത്തും. ചുരിങ്ങിയത് 28 ദിവസം വീഡിയോ പ്രദർശിപ്പിക്കാനാണ് തീരുമാനം. 18 ലക്ഷത്തി 19,843 രൂപയാണ് കഴിഞ്ഞ ദിവസം അനുവദിച്ചത്.

അന്തർ സംസ്ഥാന പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കുമായി നടപ്പ് സാമ്പത്തിക വർഷത്തിൽ 22 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽ നിന്നാണ് തിയറ്റർ പരസ്യങ്ങൾക്കായി മാത്രം 18 ലക്ഷം അനുവദിച്ചത്. സംസ്ഥാന സർക്കാരിന്റെ സവിശേഷമായ നേട്ടങ്ങൾ വികസന - ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതാകും പരസ്യ ചിത്രം. തിയറ്ററുകളിൽ സിനിമ പ്രദർശനം നടത്തുന്ന ക്യൂബ്, യു എഫ് ഒ ഏജൻസികൾ വഴിയായിരിക്കും പദ്ധതി നടപ്പാക്കുന്നതെന്ന് ഉത്തരവിൽ പറയുന്നുണ്ട്.
അതേ സമയം, നവ കേരള സദസ്സിന്റെ പ്രചാരണത്തിന് ഹോർഡിംഗുകൾ വെച്ച വകയിൽ 2 കോടി 46 ലക്ഷം രൂപയും കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. കേരളത്തിൽ ഉടനീളം 364 ഹോർഡിംഗുകളാണ് സ്ഥാപിച്ചിരുന്നത്. കലാ ജാഥ സംഘടിപ്പിച്ചതിന് 48 ലക്ഷം രൂപയും കെ എസ് ആർ ടി സി ബസ്സിലെ പ്രചാരണ പോസ്റ്റർ പതിപ്പിച്ചതിന് 16. 99 ലക്ഷം രൂപയും റെയിൽവേ ജിംഗിസിന് 41. 21 ലക്ഷം രൂപയും ആണ് ചെലവ്.












Click it and Unblock the Notifications