കഴിഞ്ഞ 9 വർഷത്തിനിടെ കേരളത്തിന് ലഭിച്ചത് മൂന്ന് ലക്ഷത്തിലധികം കോടി രൂപയുടെ പദ്ധതി: വി മുരളീധരന്‍
തിരുവനന്തപുരം: കേരളത്തിന് അർഹമായ വിഹിതം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യ പാര്‍ലമന്ററികാര്യ സഹമന്ത്രി വി മുരളീധരൻ. 'ഗ്രാമോത്സവം ' - സംയോജിത ബോധവൽക്കരണ പരിപാടി തിരുവനന്തപുരം ആറ്റിങ്ങലില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ധനകാര്യ കമ്മീഷൻ നൽകുന്ന ശുപാർശയുടെയും മറ്റ് മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്കുള്ള വിഹിതം തീരുമാനിക്കുന്നത്. കേരളത്തിന് അർഹമായ വിഹിതത്തിൽ ഏതെങ്കിലും തരത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിൽ അത് തീർച്ചയായും പരിഹരിക്കപ്പെടുമെന്നും വി മുരളീധരൻ പറഞ്ഞു.
കഴിഞ്ഞ 9 വർഷങ്ങളിൽ മൂന്ന് ലക്ഷത്തിലധികം കോടി രൂപയുടെ പദ്ധതികൾ കേരളത്തിന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിൽ മികച്ച രീതിയിൽ എത്തിക്കുന്നതിൽ ഗ്രാമോത്സവം പോലുള്ള സംയോജിത ബോധവത്കരണ പരിപാടികൾക്ക് പ്രാധാന്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ സംസ്ഥാനങ്ങളെയും ഒരു പോലെ പരിഗണിച്ച് അർഹരായവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുകയാണ് കേന്ദ്ര ഗവണ്മെന്റിന്റെ നയം. സംസ്ഥാനത്തെ നടപടിക്രമങ്ങളാൽ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യം ഗുണഭോക്താക്കൾക്ക് ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നു എന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.
സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കേരള, ലക്ഷദ്വീപ് റീജിയൺ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി പളനിചാമി, നെഹ്‌റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടർ എം അനിൽ കുമാർ, ഐ ഒ ബി ഡെപ്യൂട്ടി ജനറൽ മാനേജർ ജി വി ദയാൽ പ്രസാദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട അപൂര്‍വ ഫോട്ടോ പ്രദര്‍ശനവും വി മുരളീധരൻ വീക്ഷിച്ചു. വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ അദ്ദേഹം ഉദ്‌ഘാടനം ചെയ്തു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷനാണ് ഗ്രാമോത്സവം സംഘടിപ്പിച്ചത്.
ആറ്റിങ്ങല്‍ സണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മൂന്ന് ദിവസത്തെ പരിപാടിയിൽ കേന്ദ്ര ഗവണ്‍മെന്റിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, വികസന പദ്ധതികള്‍, തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. ഇതിന് പുറമെ പൂക്കളം,തിരുവാതിര കളി, നാടന്‍ പാട്ട് തുടങ്ങിയവയിൽ മത്സരങ്ങളും ദേശീയ വിദ്യാഭ്യാസ നയം, സ്റ്റാര്‍ട്ട് അപ്പ് പദ്ധതികളിലെ അവസരങ്ങള്‍ ഏന്ന വിഷയത്തിൽ ക്ലാസ്സുകളും നടക്കും. സ്ത്രി ശാക്തീകരണ പദ്ധതികള്‍ , സ്ത്രീ സുരക്ഷാ നിയമങ്ങൾ തുടങ്ങിവയിലും ബോധവത്കരണ ക്ലാസ് ഉണ്ടാകും. ആധാര്‍ സേവനങ്ങള്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications