ഡീസല്‍ വാഹന നിയന്ത്രണത്തിന് ഹൈക്കോടതി സ്‌റ്റേ
കൊച്ചി: പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഹരിത ട്രിബ്യൂണലിന്റെ ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന വാദം കോടതി തള്ളി.
ദേശീയ ഹരിത ട്രിബ്യൂണല്‍ നിയമപ്രകാരം പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഗണിക്കാന്‍ ഹൈക്കോടതികള്‍ക്ക് വിലക്കുണ്ടെന്നും, ട്രിബ്യൂണല്‍ ഉത്തരവില്‍ ആക്ഷേപമുള്ളവര്‍ സുപ്രീംകോടതിയെ സമീപിക്കണമെന്നും ലോയേഴ്‌സ് എന്‍വയണ്‍മെന്റ് അവേര്‍നസ് ഫോറത്തിന് വേണ്ടി അഡ്വ. സുഭാഷ് ചന്ദ് വാദിച്ചു. എന്നാല്‍ കോടതി ഈ വാദം തള്ളി.

കേസില്‍ ഇടപെടാന്‍ അധികാരമുണ്ടെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് പിബി സുരേഷ് കുമാര്‍ വ്യക്തമാക്കി. ഡീസല്‍ വാഹന നിയന്ത്രണത്തിനെതിരെ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ട്രിബ്യൂണല്‍ ഉത്തരവിന് ഇടക്കാല സ്‌റ്റേ അനുവദിച്ചത്.
സംസ്ഥാനത്ത് പൊതുഗതാഗത, തദ്ദേശ സ്ഥാപനങ്ങള്‍ ഒഴികെ 2000 സിസിക്കു മുകളിലുള്ള പുതിയ ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും ജൂണ്‍ 23 മുതല്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളില്‍ 10 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ ഓടിക്കരുതെന്നുമാണ് ട്രിബ്യൂണല്‍ ഉത്തരവ്.
10 വര്‍ഷം പഴക്കമുള്ള ബസുകള്‍ക്ക് പ്രധാന നഗരങ്ങലില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്താണ് കെഎസ്ആര്‍ടിസി ഹര്‍ജി നല്‍കിയത്. കോടതിവിധിയെ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ സ്വാഗതം ചെയ്തു. വിധി ആശ്വാസകരമാണെന്ന് അദ്ദേഹം പ്രതികരിച്ചു.












Click it and Unblock the Notifications