ബസിൽ മോശം പെരുമാറ്റം ഉണ്ടാകരുത്; വിദ്യാർത്ഥികൾക്ക് പരാതി അറിയിക്കാൻ നമ്പരുമായി മോട്ടോര്‍ വാഹനവകുപ്പ്
തിരുവനന്തപുരം: ബസ് ജീവനക്കാരില്‍ നിന്ന് മോശം പെരുമാറ്റം നേരിട്ടാല്‍ വിദ്യാര്‍ഥികള്‍ക്ക് പരാതിപ്പെടാൻ സാധിക്കും. പരാതികൾ അറിയിക്കാനുളള നമ്പറുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പങ്കുവച്ചു. ചെറിയ വിഭാഗം ബസ് ജീവനക്കാരില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ക്ക് വളരെ മോശം പെരുമാറ്റം ഉണ്ടാകുന്നത്. നിരവധി അനുഭവങ്ങള്‍ വിദ്യാര്‍ഥികള്‍ നേരിടേണ്ടി വരുന്നതായി മോട്ടോര്‍ വാഹനവകുപ്പ് ചൂണ്ടികാട്ടി.
മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നത് ഇങ്ങനെ ; -

രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാണ് നമ്മുടെ കുട്ടികള്‍. കോവിഡ് ദുരിതകാലത്തിനു ശേഷം സ്‌കൂളുകള്‍ തുറന്നതോടെ ഭൂരിപക്ഷം വിദ്യാര്‍ഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ബസ്സുകളെയാണ് ആശ്രയിക്കുന്നത്. ബഹു ഭൂരിപക്ഷം ബസ്സുടമകളും ജീവനക്കാരും വിദ്യാര്‍ഥി കള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും നിയമാനുസൃത സൗജന്യങ്ങളും കൃത്യമായി നല്‍കുന്നുണ്ട്.
എന്നാല്‍ ഒരു ചെറിയ വിഭാഗം ബസ്സ് ജീവനക്കാരില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് വളരെ മോശം അനുഭവങ്ങള്‍ ആണ് ലഭിക്കുന്നത്. ബസ്സില്‍ കയറ്റാതിരിക്കുക..ബസ്സ് പുറപ്പെടും വരെ പുറത്ത് നിര്‍ത്തുക..ഒഴിഞ്ഞ സീറ്റില്‍ പോലും ഇരിക്കാന്‍ അനുവദിക്കാതിരിക്കുക.. ടിക്കറ്റ് കണ്‍സഷന്‍ നല്‍കാതിരിക്കുക.. തുടങ്ങിയവ വിദ്യാര്‍ഥികളോട് ചെയ്യുന്ന വിവേചനം തന്നെയാണ്. ഇത്തരം വിവേചനം കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ബഹു. സംസ്ഥാന ബാലാവകാശ കമ്മീഷനും നിര്‍ദേശിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇത് സംബന്ധിച്ച് തുടര്‍ച്ചയായി പരിശോധനകള്‍ നടത്തി വരികയാണ്. അതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് മേല്‍പ്പറഞ്ഞ വിധത്തിലുള്ള വിവേചനങ്ങള്‍ ബസ്സുകളിലുണ്ടായാല്‍ താഴെപ്പറയുന്ന നമ്പരുകളിലേക്ക് വാട്‌സ് ആപ്പ് വഴി പരാതി അറിയിക്കാവുന്നതാണ്. 1. തിരുവനന്തപുരം 9188961001, 2. കൊല്ലം 9188961002, 3. പത്തനംതിട്ട 9188961003, 4. ആലപ്പുഴ 9188961004, 5. കോട്ടയം 9188961005, 6. ഇടുക്കി 9188961006, 7. എറണാകുളം 9188961007, 8. തൃശ്ശൂര്‍ 9188961008, 9. പാലക്കാട് 9188961009, 10. മലപ്പുറം 9188961010, 11. കോഴിക്കോട് 9188961011, 12. വയനാട് 9188961012, 13. കണ്ണൂര്‍ 9188961013, 14. കാസര്‍ഗോഡ് 9188961014.
അതേസമയം, കുട്ടികളോട് വിവേചനം കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ നിര്‍ദേശിച്ചിരുന്നു. വിദ്യാർഥികളോട് മര്യാദയില്ലാതെ പെരുമാറുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദാക്കുമെന്നാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ വ്യക്തമാക്കിയത്.
ഇത് സംബന്ധിക്കുന്ന ഉത്തരവ് ബാലാവകാശ കമ്മിഷൻ പുറത്ത് ഇറക്കിയിരുന്നു. വിഷയത്തിൽ ട്രാൻസ്പോർട്ട് കമ്മിഷനറും സംസ്ഥാന പൊലീസ് മേധാവിയും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണം. ബാലാവകാശ കമ്മിഷൻ അംഗം റെനി ആന്റണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, വിദ്യാർഥികൾ കൈ കാണിച്ചാൽ ബസ് നിർത്താതെ പോകുന്നു. സീറ്റിൽ ഇരുന്നുള്ള യാത്ര വിദ്യാർഥികൾക്ക് നിഷേധിക്കുന്നു. ഇത്തരം കാര്യങ്ങൾ കുട്ടികളോടുള്ള കടുത്ത വിവേചനവും അവകാശങ്ങളുടെ ലംഘനവുമാണ്. ഈ സംഭവങ്ങൾ ഉണ്ടായാൽ കർശന നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മിഷൻ ട്രാൻസ്പോർട്ട് കമ്മിഷനറോട് നിർദേശിച്ചു.
Recommended Video
ബസിൽ ജീവനക്കാർ അപമര്യാദയായി പെരുമാറുന്നു, കുട്ടികൾക്ക് സ്‌കൂളിലെത്താനുള്ള ബസ് സ്റ്റോപ്പിൽ നിർത്താതെ പോകുന്നു, പരീക്ഷകൾക്ക് സമയത്തിന് എത്താൻ കഴിയുന്നില്ല എന്നീ പരാതികൾ ചുറ്റും നിരവധിയാണ്. ഈ പരാതികൾക്ക് പിന്നാലെയാണ് പുതിയ ഉത്തരവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അതസമയം, ഇടുക്കിയിലെ ടോം ജോസഫ് ബാലാവകാശ കമ്മിഷന് നൽകിയ ഹർജി പരിഗണിച്ചാണ് ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്. സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് യാത്രാ സൗജന്യം നിഷേധിക്കുന്നതും സീറ്റ് ഒഴിഞ്ഞു കിടന്നാലും ഇരിക്കാൻ അനുവദിക്കാത്തതും കമ്മിഷൻ ഗൗരവമായാണ് കാണുന്നതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.












Click it and Unblock the Notifications