ഭക്ഷണം കഴിച്ച അസിസ്റ്റന്റ് കലക്ടര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി
ഹോട്ടലില്‍ നിന്നും വരുത്തിയ വെജിറ്റബിള്‍ ബിരിയാണി കഴിച്ച അസിസ്റ്റന്റ് കലക്ടര്‍ക്ക് ഭക്ഷ്യവിഷബാധ. ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ തൈരും പഴകിയ ഭക്ഷണവും കണ്ടെത്തി.
വടകര: ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് കലക്ടര്‍ക്ക് ഭക്ഷ്യവിഷബാധ. ഹോട്ടല്‍ അടച്ചു പൂട്ടാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. വടകരയിലെ ബ്ലൂ ഡയമണ്ട് ഹോട്ടലില്‍ നിന്നും വാങ്ങിയ വെജിറ്റബിള്‍ ബിരിയാണി കഴിച്ചപ്പോഴാണ് അസിസ്റ്റന്റ് കലക്ടര്‍ ഇന്‍പശേഖരനാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് റെസ്റ്റ് ഹൗസിലെത്തിയ അദ്ദേഹം ഹോട്ടലില്‍ നിന്നും പാര്‍സല്‍ വരുത്തിയ ഭക്ഷണമാണ് കഴിച്ചിരുന്നത്. തിരിച്ചു കോഴിക്കോട്ടേക്ക് പോകുന്നതിനിടെ അസ്വസ്ഥത തോന്നിയ അദ്ദേഹം ഉള്ള്യേരി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തി വൈദ്യസഹായം തേടിയതിനു ശേഷമാണ് യാത്ര തുടര്‍ന്നത്.
ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളും കാലാവധി കഴിഞ്ഞ തൈരും കണ്ടെത്തി. ഹോട്ടലില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി മലാപ്പറമ്പിലെ ലാബിലേക്ക് കൈമാറി. സാമ്പിള്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. അടുക്കളയുടെ അറ്റകുറ്റപ്പണി നടത്തി വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ ഹോട്ടല്‍ അടച്ചു പൂട്ടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹോട്ടല്‍ ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ച് മുന്‍പും ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് വരുമ്പോള്‍ ഹോട്ടലുകാര്‍ കരുതിയിരിക്കും. പരിശോധനയില്‍ നോട്ടീസ് നല്‍കിയ പല ഹോട്ടലുകളും ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അജിനോമോട്ടോ, കാലാവധി കഴിഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങളൊക്കെ ഹോട്ടലുകാര്‍ ഉപയോഗിക്കുന്നുണ്ട്. ഇടയ്ക്കിടെ നടത്തുന്ന മിന്നല്‍ പരിശോധനയില്‍ ഇതൊക്കെ വ്യക്തമായിട്ടുണ്ട്. കൃത്യമായ ഇടവേളകളില്‍ ഇത്തരം ഹോട്ടലുകള്‍ പരിശോധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ അധികൃതര്‍ ശ്രമിച്ചാലേ ഈ പ്രശ്‌നം പരിഹരിക്കപ്പെടുകയുള്ളൂ.












Click it and Unblock the Notifications