യുഡിഎഫുമായി സഖ്യമുണ്ട്, പ്രാദേശിക തീരുമാനമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി, യുഡിഎഫിന് ഗുണം ചെയ്യും!!
കോഴിക്കോട്: യുഡിഎഫില്‍ അനുദിനം വിവാദമായി കൊണ്ടിരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം തന്നെ യുഡിഎഫുമായി സഖ്യമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ദേശീയ തലത്തില്‍ നിന്ന് തന്നെ സഖ്യം വേണ്ടെന്ന നിര്‍ദേശമാണ് ലഭിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രനും കെസി വേണുഗോപാലും സഖ്യത്തെ തള്ളുകയും ചെയ്തിരുന്നു. കെ മുരളീധരനും എംഎം ഹസനും ഈ സഖ്യത്തെ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി തന്നെ സഖ്യം സ്ഥിരീകരിക്കുന്നത്.

അതേസമയം പ്രാദേശികമായ സഖ്യമാണ് ഉണ്ടാക്കിയതെന്ന് ഹമീദ് വാണിയമ്പലം പറയുന്നു. വെല്‍ഫെയറുമായി ഉണ്ടാക്കിയ സഖ്യം യുഡിഎഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സഖ്യമുണ്ടെന്ന് മറച്ചുവെക്കേണ്ട ആവശ്യമില്ലെന്ന് മുരളീധരന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് യുഡിഎഫിന് സഹായം ലഭിച്ചിരുന്നു. അവര്‍ മതേതര നിലപാട് എടുക്കുന്നത് കൊണ്ടാണ് ധാരണയുണ്ടാക്കാന്‍ തീരുമാനിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.
ദേശീയ തലത്തിലെ അടക്കം ധാരണകള്‍ക്ക് വിരുദ്ധമായിട്ടാണ് കോണ്‍ഗ്രസ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിരുന്നത്. കെപിസിസി അധ്യക്ഷന്‍ അടക്കം സഖ്യമില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടയിലാണ് മുരളീധരന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. ദേശീയ തലത്തില്‍ ബിജെപി ഇത് വലിയ പ്രചാരണമാക്കുമെന്ന് നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പരസ്യമായ സഖ്യം വേണ്ടെന്ന് തീരുമാനിച്ചത്. അതേസമയം തിരഞ്ഞെടുപ്പില്‍ വലിയ ആത്മവിശ്വാസമുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലബാറിലും കേരളത്തിലാകമാനം യുഡിഎഫ് തൂത്തുവാരുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ജനങ്ങള്‍ക്ക് പ്രതീക്ഷ യുഡിഎഫില്‍ മാത്രമാണ് ഉള്ളത്. ഭരണവിരുദ്ധ വികാരം കേരളത്തില്‍ പ്രകടമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായ ജനവിധിയായിരിക്കും ഇത്തവണത്തേതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇടതുഭരണത്തില്‍ സമസ്ത മേഖലയിലുള്ളവരും നിരാശരാണ്. ജനങ്ങളുടെ പ്രതിഷേധം വോട്ടെടുപ്പില്‍ കാണാനാവുമെന്നും അദ്ദേഹം പഞ്ഞു. 14 ജില്ലകളിലും യുഡിഎഫ് തൂത്തുവാരും. ഇവിടൊക്കെ വോട്ടര്‍മാരുമായി സംസാരിച്ചതില്‍ നിന്ന് ചിത്രം വ്യക്തമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications