കേരളത്തില്‍ കാലവര്‍ഷം നാല് ദിവസം നേരത്തെ എത്തും... മേയ് 31 മുതല്‍ മഴയെന്ന് കാലാവസ്ഥാ വകുപ്പ്
ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 31 ഓടെ കേരളത്തിലെത്താന്‍ സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രാജ്യത്തിന്റെ കാര്‍ഷിക അധിഷ്ഠിത സമ്പദ്വ്യവസ്ഥയ്ക്ക് നിര്‍ണായകമായ നാല് മാസത്തെ മഴക്കാലത്തിന് കളമൊരുക്കുന്നത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷമാണ്. സാധാരണഗതിയില്‍ ജൂണ്‍ നാലോടെയാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കാറുള്ളത്.
എന്നാല്‍ ഇത്തവണ നേരത്തെ കാലവര്‍ഷം ആരംഭിക്കാന്‍ സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. അതേസമയം ഇത് വളരെ നേരത്തെ അല്ല എന്നും സാധാരണ തീയതിക്ക് അടുത്താണ് എന്നും ഐഎംഡി ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു. കഴിഞ്ഞ 150 വര്‍ഷമായി കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിക്കുന്ന തീയതി പലപ്പോഴും വ്യത്യസ്തമാണ്.

1918 ലെ കാലവര്‍ഷം മേയ് 11 നാണ് ആരംഭിച്ചത്. ഇതാണ് ഇതുവരെയുള്ളതില്‍ നേരത്തെ എത്തിയ കാലവര്‍ഷം. ഏറ്റവും വൈകിയത് 1972 ജൂണ്‍ 18 ന് ആണ് എന്നും ഐഎംഡി ഡാറ്റയില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 8 നും 2022 ല്‍ മെയ് 29 നും 2021 ല്‍ ജൂണ്‍ 3 നും 2020 ല്‍ ജൂണ്‍ 1 നും ആയിരുന്നു കാലവര്‍ഷം ആരംഭിച്ചത്. ആഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തോടെ ലാ നിനയ്ക്ക് അനുകൂലമായ സാഹചര്യങ്ങളോടെ ഇന്ത്യയില്‍ മണ്‍സൂണ്‍ സീസണില്‍ സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കുമെന്ന് കഴിഞ്ഞ മാസം ഐ എം ഡി പ്രവചിച്ചിരുന്നു.
ഏപ്രിലില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കൊടുംചൂടാണ് അനുഭവപ്പെട്ടത്. പരമാവധി താപനില നിരവധി സംസ്ഥാനങ്ങളിലെ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും ആരോഗ്യത്തെയും ഉപജീവനത്തെയും സാരമായി ബാധിക്കുകയും ചെയ്തു. ചൂട് കൂടിയത് വൈദ്യുതി ശൃംഖലകളെും ദോഷകരമായി ബാധിക്കുകയും ജലാശയങ്ങള്‍ വറ്റിവരളുകയും ചെയ്തിരുന്നു. ഇത് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വരള്‍ച്ച പോലുള്ള അവസ്ഥകള്‍ക്ക് കാരണമായി.
അതിനാല്‍ രാജ്യത്തിന് വലിയ ആശ്വാസമാണ് സാധാരണയിലും കവിഞ്ഞ മണ്‍സൂണ്‍ മഴയുടെ പ്രവചനം. മണ്‍സൂണ്‍ ഇന്ത്യയുടെ കാര്‍ഷിക ഭൂപ്രകൃതിക്ക് നിര്‍ണായകമാണ്. കൃഷിയിടത്തിന്റെ 52 ശതമാനവും ഇതിനെ ആശ്രയിക്കുന്നു. രാജ്യത്തുടനീളമുള്ള വൈദ്യുതി ഉല്‍പ്പാദനത്തിന് പുറമെ കുടിവെള്ളത്തിന് നിര്‍ണായകമായ ജലസംഭരണികള്‍ നികത്തുന്നതിനും ഇത് നിര്‍ണായകമാണ്.
ജൂണ്‍, ജൂലൈ മാസങ്ങള്‍ കാര്‍ഷിക മേഖലയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട മണ്‍സൂണ്‍ മാസങ്ങളായി കണക്കാക്കപ്പെടുന്നു, കാരണം ഖാരിഫ് വിളകളുടെ ഭൂരിഭാഗം വിതയ്ക്കലും ഈ കാലയളവില്‍ നടക്കുന്നു. നിലവില്‍ എല്‍ നിനോ അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തോടെ ലാ നിന ആരംഭിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എല്‍ നിനോ - മധ്യ പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ ആനുകാലിക താപനമാണ്.
ഇത് ഇന്ത്യയിലെ ദുര്‍ബലമായ മണ്‍സൂണ്‍ കാറ്റുമായും വരണ്ട അവസ്ഥയുമായും ബന്ധപ്പെട്ടിരിക്കുന്നു. ലാ നിന - എല്‍ നിനോയുടെ വിപരീതമാണ്. ഇക്കാരണത്താല്‍ മണ്‍സൂണ്‍ കാലത്ത് സമൃദ്ധമായ മഴയ്ക്ക് കാരണമാകുന്നു.












Click it and Unblock the Notifications