റോബിൻ ബസിനെ വിടാതെ എംവിഡി; ഇത്തവണ പിഴയടപ്പിക്കാൻ എത്തിയത് പുലർച്ചെ
പത്തനംതിട്ട: കോയമ്പത്തൂരിൽ നിന്ന് തിരിച്ചെത്തിയ റോബിൻ ബസിനെതിരെ വീണ്ടും നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ബുധനാഴ്‌ച പകൽ പിഴയീടാക്കാൻ എത്താതിരുന്ന എംവിഡി ഉദ്യോഗസ്ഥർ വ്യാഴാഴ്‌ച പുലർച്ചെ ഒരു മണിക്ക് 7500 രൂപ പിഴയിടുകയായിരുന്നു. ഒരു പകൽ മുഴുവൻ ബസ് അവിടെ ഉണ്ടായിരുന്നിട്ടും പുലർച്ചെ ബസുടമ ഗിരീഷ് ഇല്ലാതിരുന്ന നേരത്താണ് എംവിഡി ഉദ്യോഗസ്ഥർ പിഴയീടാക്കാനായി എത്തിയത്.
പെർമിറ്റ് ലംഘനത്തിന്റെ പേരിലാണ് പിഴയീടാക്കിയതെന്നാണ് ബേബി ഗിരീഷ് അറിയിച്ചു. മുൻപ് നൽകിയ മറ്റൊരു ചെലാനിലെ 7500 രൂപയും കൂടെ വാങ്ങിയിട്ടുണ്ട്. ബസിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട ഫേസ്‌ബുക്ക് പോസ്‌റ്റ് പങ്കുവച്ച മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് പുലർച്ചെ പരിശോധന നടന്നതെന്ന പ്രത്യേകതയുമുണ്ട്.

ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ചെങ്ങന്നൂർ-പമ്പ സർവീസ് തടയാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും ഗിരീഷ് ആരോപിക്കുന്നു. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനകളുടെ ബുദ്ധിമുട്ടുകൾ കൂടാതെയായിരുന്നു ഇന്നലെ റോബിൻ ബസ് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ബസിൽ യാത്ര ചെയ്യാനായി എത്തിയിരുന്നു. കോടതി വിധിയുള്ളതിനാൽ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ എവിടെയും ബസ് തടഞ്ഞു പരിശോധിച്ചിരുന്നില്ല. തമിഴ്‌നാട്ടിൽ നിന്ന് വിട്ടയച്ച ബസിന് കേരളത്തിൽ വൻ വരവേൽപ്പാണ് ലഭിച്ചത്.
അതേസമയം, തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് റോബിൻ ബസ് പിടികൂടിയത്. തൊടുപുഴയ്ക്ക് സമീപം വെച്ച് കേരള എംവിഡി ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധിച്ചു. 7500 രൂപ പിഴയിട്ടിരുന്നു. പിന്നീട് ഒരിടത്തും പരിശോധന ഉണ്ടായില്ല.
എന്നാൽ വാളയാറും കടന്ന് ഉച്ചയോടെ കോയമ്പത്തൂരിൽ എത്തേണ്ട ബസ് യാത്രക്കാരെ ഉൾപ്പെടെ മോട്ടോർ വാഹന വകുപ്പിന്റെ ഗാന്ധിപുരം സെൻട്രൽ ഓഫീസിലേക്ക് മാറ്റുകയായിരുന്നു.
ഇതിനിടെ റോബിൻ ബസിന് ബദലായി കെഎസ്ആർടിസി പ്രത്യേക കോയമ്പത്തൂർ സർവീസ് ആരംഭിച്ചിരുന്നു. 5 മണിക്കാണ് റോബിൻ ബസ് പുറപ്പെടുന്നതെങ്കിൽ അരമണിക്കൂർ നേരത്തെ 4.30നാണ് കെഎസ്ആർടിസി ലോ ഫ്ലോർ പുറപ്പെടുന്നത്.
ആദ്യം യാത്രക്കാരില്ലാതെ കാലിയായിട്ടാണ് ബസ് പത്തനംതിട്ടയിൽ നിന്ന് സർവ്വീസ് ആരംഭിച്ചതെങ്കിലും പിന്നീട് ബസിൽ യാത്രക്കാരെത്തി. രാവിലെ 4:30ന് പുറപ്പെട്ട് റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്നത്. 11.30ന് ബസ് കോയമ്പത്തൂരിലെത്തി.












Click it and Unblock the Notifications