മദ്യപിച്ച് വാഹനം ഓടിക്കുന്നവരാണോ ? ; ഊതിക്കാൻ തയ്യാറായി പൊലീസുണ്ട്; ഡിജിപിയുടെ നിർദ്ദേശം
തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ കേരള പോലീസ് രംഗത്ത്. ഇതിന്റെ ഭാഗമായി വാഹന പരിശോധന വീണ്ടും തുടങ്ങുകയാണ്. കൊവിഡ് വൈറസ് വ്യാപനം കണക്കിലെടുത്ത് കേരളത്തിൽ വാഹന പരിശോധനകൾ നിർത്തി വച്ചിരുന്നു. എന്നാൽ, ഈ പരിശോധനകൾ ആണ് വീണ്ടും പുനരാരംഭിക്കുന്നത്.
കേരളത്തിൽ കൊവിഡ് കുറയുന്ന സാഹചര്യത്തിലാണ് നടപടി. ഇത് സംബന്ധിച്ച് ഡി ജി പി അനിൽ കാന്ത് നിർദ്ദേശം നൽകി. നിർദ്ദേശ പ്രകാരം വാഹന പരിശോധന ഇന്ന് മുതൽ ആരംഭിക്കും.

ആൽക്കോമീറ്ററും ബ്രത്ത് അനലൈസറും ഉപയോഗിച്ച് കൊണ്ടുള്ള പരിശോധന ആണ് പൊലീസ് നടത്തുക. ജില്ലാ പൊലീസ് മേധാവികൾക്ക് ഡി ജി പി നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ എല്ലാം പിൻവലിച്ചതായി കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ ആണ് ഡി ജി പിയുടെ നിർദ്ദേശം.
രാത്രികാല വാഹന പരിശോധനയും മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനയും ആണ് ഇനി മുതൽ നടക്കുക. കഴിഞ്ഞ രണ്ട് വർഷമായി പോലീസിന്റെ നേതൃത്വത്തിൽ വാഹന പരിശോധനകൾ എല്ലാം തന്നെ നിർത്തിവച്ചിരുന്നു.
Recommended Video

ഇത് വാഹന അപകടങ്ങൾ കൂട്ടാൻ ഇടയായതായും റിപ്പോർട്ടുണ്ട്. പ്രധാനമായും മദ്യപിച്ച് വാഹനം ഓടിച്ച് രാത്രികാലങ്ങളിൽ അപകടത്തിൽ പെടുന്നവരുടെ എണ്ണത്തിൽ ആണ് വർധനവ് ഉണ്ടായിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർ ആണ് ഇക്കാര്യം പറയുന്നത്.
രാത്രി കാല പരിശോധനകൾ വീണ്ടും ആരംഭിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിന് പിന്നാലെ ആണ് വാഹന പരിശോധന വീണ്ടും ആരംഭിക്കാൻ ഡി ജി പി നിർദ്ദേശം നൽകിയത്. ബ്രത്ത് അനലൈസറിന്‍റെയോ, ആൽക്കോമീറ്ററിന്‍റെയോ പരിശോധനയ്ക്ക് വാഹനമോടിക്കുന്ന വ്യക്തി തയ്യാറായില്ല എങ്കിൽ വൈദ്യ പരിശോധന നടത്തം.
അതേ സമയം, രണ്ട് വർഷമായി പരിശോധനാ യന്ത്രങ്ങൾ കൃത്യമായി പ്രവർത്തിക്കാത്ത സാഹചര്യവുമുണ്ട്. അതിനാൽ തന്നെ പരിശോധനാ യന്ത്രങ്ങൾ കൃത്യമായി ഉപയോഗിക്കാൻ കഴിയുമോ എന്ന ആശങ്കയും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. യോഗത്തിൽ വെള്ളിയാഴ്ചകളിൽ പരേഡും പുനരാരംഭിക്കാൻ ഡി ജി പി നിർദ്ദേശം നൽകി. അതേ സമയം, മാസ്ക് ഉള്‍പ്പെടെ ഉളള കോവിഡ് നിയമ ലംഘനത്തിന് ഇനി പരിശോധന ഉണ്ടാകില്ല.












Click it and Unblock the Notifications