താനൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി: കേരള പൊലീസ് നാട്ടിലെത്തിക്കും
മുംബൈ: മലപ്പുറം താനൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. മുംബൈ ലോണോവാലയില്‍ നിന്നാണ് പ്ലസ് ടു വിദ്യാർത്ഥികളായ പെണ്‍കുട്ടികളെ കണ്ടെത്തിയത്. താനൂർ ദേവദാസ് സ്കൂളിലെ വിദ്യാർത്ഥികളും അടുത്ത സുഹൃത്തുക്കളുമായ പെണ്‍കുട്ടികളെ കഴിഞ്ഞ ദിവസം കാണാതാകുകയായിരുന്നു. തുടർന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ മുംബൈയില്‍ എത്തിയതായി മനസ്സിലാക്കി.
അന്വേഷണത്തിന്റെ രണ്ടാം ദിവസം പെണ്‍കുട്ടികള്‍ സഞ്ചരിക്കുന്ന റൂട്ട് കൃത്യമായ ലൊക്കേറ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചു. തുടർന്ന് കേരള പൊലീസ് നൽകിയ വിവരങ്ങൾ പിന്തുടർന്ന് റെയിൽവെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തുന്നത്. കേരള പൊലീസ് ലോണാവാലയിൽ ഇറങ്ങാൻ ആവശ്യപ്പെട്ടു. തുടക്കത്തിൽ പൊലീസിനോട് സഹകരിക്കാതിരുന്ന ഇവർ ഒടുവിൽ സമ്മതിക്കുകയായിരുന്നു. വിവരം കേരള പൊലീസ് റെയില്‍വേ പൊലീസിനേയും അറിയിച്ചു. തുടർന്ന് ചെന്നൈ - എഗ്മോർ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥികളെ റെയില്‍ വേ പൊലീസ് കസ്റ്റഡിയിലെടുത്തു. റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിലാണ് നിലവില്‍ കുട്ടികള്‍.

കുട്ടികളെ കണ്ടെത്തുന്നതിനായി ഇന്ന് പുലർച്ചെ കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘം മുംബൈയിലേക്ക് പുറപ്പെടാനിരിക്കുകയായിരുന്നു. ഈ സംഘം പൂർണ്ണമായി അല്ലെങ്കിലും കുട്ടികളെ നാട്ടിലേക്ക് എത്തിക്കുന്നതിനായി ഏതാനും പൊലീസുകാർ മുംബൈയ്ക്ക് പോകും. റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിൽ യാത്ര തുടരുകയായിരുന്ന കുട്ടികളെ പൂനെയിൽ ഇറക്കിയിരിക്കുകയാണ്. വിമാനമാർഗ്ഗം യാത്ര ചെയ്യുന്ന കേരള പൊലീസ് രാവിലെ എട്ട് മണിയോടെ മുംബൈയില്‍ എത്തും. താനൂർ എസ് ഐയും രണ്ട് പൊലീസുകാരും നെടുമ്പാശ്ശേരി വഴി വിമാനത്തിലാണ് മുംബൈയിലേക്ക് പോകുന്നത്.
ബുധനാഴ്ച ഉച്ചയോടെ പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും സ്കൂളിലേക്ക് ഇറങ്ങിയ വിദ്യാര്‍ത്ഥിനികളെയാണ് കാണാതാകുന്നത്. മൊബൈല്‍ സ്വിച്ച് ഓഫ് ആകുന്നതിന് മുന്‍പായി ഇരുവരുടേയും ഫോണില്‍ ഒരേ നമ്പറില്‍ നിന്ന് കോള്‍ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. എടവണ്ണ സ്വദേശിയായ റഹീം അസ്‌ലത്തിന്റെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നായിരുന്നു കോളുകള്‍ വന്നിരുന്നത്. ഈ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ മഹാരാഷ്ട്രയിലാണ് കാണിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചത്.
മുംബൈയില്‍ എത്തിയ പെണ്‍കുട്ടികള്‍ സലൂണില്‍ എത്തി മുടിമുറിച്ചെന്ന് കണ്ടെത്താന്‍ സാധിച്ചതും അന്വേഷണത്തില്‍ നിർണ്ണായകമായി. ഹെയര്‍ ട്രീറ്റ്‌മെന്റിനായി പതിനായിരം രൂപയാണ് പെണ്‍കുട്ടികള്‍ സലൂണില്‍ ചെലവഴിച്ചിരുന്നത്. പെണ്‍കുട്ടികള്‍ക്കൊപ്പം മുംബൈയില്‍ എത്തിയ റഹീം അസ്‌ലം ഇതിനിടെ കേരളത്തിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.












Click it and Unblock the Notifications