ഒത്തുതീര്‍പ്പിന് തയ്യാറല്ല; ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ 21 മുതല്‍ സമരമെന്ന് ബസ്സുടമകള്‍
തിരുവനന്തപുരം: ഇന്ധന വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് 21 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിക്കുമെന്നും ഉടമകള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടാതെയുള്ള ബസ് ചാര്‍ജ് വര്‍ധനവ് വേണ്ടെന്ന് കൊച്ചിയില്‍ ചേര്‍ന്ന ബസ് ഉടമ സംയുക്ത സമര സമിതി വ്യക്തമാക്കി.
ഇരുപത്തിയൊന്നിന് മുമ്പ് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുളള യാതൊരു ഒത്തുതീര്‍പ്പിനും തങ്ങള്‍ തയ്യാറല്ലെന്നും ഉടമകള്‍ പറഞ്ഞു. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ പോലും അംഗീകരിച്ചതാണെന്നും എന്നിട്ടും ബസ് ചാര്‍ജ് വര്‍ധനക്ക് സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഉമടകള്‍ പറയുന്നു. ഒരു മാസംകൊണ്ട് പരിഹാരം കാണുമെന്നാണ് ഗതാഗത മന്ത്രി പറഞ്ഞത് എന്നാല്‍ ഒതു തീരുമാനവും ആകാത്തതിനാലാണ് ശക്തമായ സമരവുമായി രംഗത്തിറങ്ങേണ്ടി വന്നതെന്ന് ഉടമകള്‍ പറഞ്ഞു. അതേസമയം ബസ് യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുമ്പോള്‍ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വരുത്തരുതെന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യം. കഴിഞ്ഞ ദിവസം ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുമായും ചര്‍ച്ച നടത്തിയിരുന്നു.

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ആറ് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. എന്നാല്‍ ഇത്ര വര്‍ധന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ബസ് ചാര്‍ജ് വര്‍ധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ മിനിമം കണ്‍സെഷന്‍ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാര്‍ശയാണ് നല്‍കിയിരിക്കുന്നത്.
12 രൂപയാക്കണമെന്നാണ് ഉടമകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ 10 രൂപയാക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.അതേസമയം ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്റണി രാജു നാളെ നടത്താനിരുന്ന ചര്‍ച്ച മാറ്റിവെച്ചു. ഡിസംബര്‍ ഒന്‍പതിന് വൈകുന്നേരം നാലിന് തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്ന ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇന്ധന വില വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് വിദ്യാര്‍ത്ഥി സംഘടനകളുമായും ചര്‍ച്ച നടത്തിയിരുന്നു ഇക്കാര്യത്തില്‍ അഭിപ്രായം ആരായുന്നതിനാണ് ബസ് നിരക്ക് നിര്‍ദ്ദേശിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്റണി രാജു ചര്‍ച്ച വിളിച്ചത്.












Click it and Unblock the Notifications