രണ്ട് ദിവസം കൂടി പെരുമഴ; രണ്ട് ജില്ലകളിൽ അതിശക്തമായ മഴ, അടുത്ത മണിക്കൂറിൽ ഈ ജില്ലകളിൽ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ. ഇന്ന് രണ്ട് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേ സമയം, അടുത്ത മൂന്ന് മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
അതേ സമയം കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോ മീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഉയർന്ന തിരമാല ജാഗ്രത നിർദേശം
കേരള തീരത്ത് ( തിരുവനന്തപുരം ) ഇന്ന് രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തമിഴ്നാട് തീരത്ത് ( കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി ) ഇന്ന് രാത്രി 11. 30 വരെ 1. 0 മുതൽ 1. 2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചത്. ലക്ഷദ്വീപ് തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യ തൊഴിലാളികളും തീരദേശ വാസികളും പ്രത്യേക ജാഗ്രത പാലിക്കുക.
അതേ സമയം, ഇത്തവണ കാലവർഷം പിൻവാങ്ങൽ വൈകിയിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് പിൻവാങ്ങിയത്. രാജ്യത്ത് ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെ ലഭിച്ച മഴ വിവര പട്ടിക പുറത്ത് വന്നിട്ടുണ്ട്. കാലവർഷം ഏറ്റവും കൂടുതൽ ലഭിച്ചിരിക്കുന്നത് ഗോവയിലാണ്. മൂന്ന് മാസംം 4401 മില്ലി മീറ്റർ മഴ ലഭിച്ചു. കേരളം അഞ്ചാം സ്ഥാനത്താണ്. 1748 മില്ലി മീറ്റർ മഴയാണ് ജൂൺ, ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലായി ലഭിച്ചത്. ഇപ്പോഴും മഴ തുടരുകയാണ്. നാളെയും രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് ഉണ്ട്.












Click it and Unblock the Notifications