സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ഇന്ന് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ജില്ലകൾക്ക് പ്രത്യേക മുന്നറിയിപ്പില്ലെങ്കിലും മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശം ഉണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് തിരുവനന്തപുരത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.
ഇന്നലെ ജില്ലയിൽ ഓറഞ്ച് അലർട്ടായിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നതായി കളക്ടർ അറിയിച്ചു. തിരുവനന്തപുരം താലൂക്കിലെ കൊഞ്ചിറവിള യു. പി. എസ്, വെട്ടുകാട് എൽ. പി. എസ്, ഗവണ്മെന്റ് എം. എൻ. എൽ. പി. എസ് വെള്ളായണി എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. നേരത്തെ ചിറയിൻകീഴ് താലൂക്കിലെ മാമം അംഗൻവാടിയിൽ ക്യാമ്പ് തുറന്നിരുന്നു. നാല് ക്യാമ്പുകളിലായി 80 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്.

കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും ഇന്ന് അവധിയാണ്.കോട്ടയം നഗരസഭയിലെ സെന്റ് ജോൺസ് യു.പി സ്കൂൾ, ഗവൺമെന്റ് യുപി സ്കൂൾ കല്ലുപുരയ്ക്കൽ, ഗവൺമെന്റ് എൽ പി സ്കൂൾ പുളിനാക്കൽ, തിരുവാർപ്പ് പഞ്ചായത്തിലെ സെന്റ്മേരിസ് എൽ പി സ്കൂൾ, തിരുവാർപ്പ് എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ കിളിരൂർ എന്നീ സ്കൂളുകൾക്കാണ് അവധി. ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ചേർത്തല, ചെങ്ങന്നൂർ താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുംകളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ജാർഖണ്ഡിനും അതിനോട് ചേർന്ന വടക്കൻ ഛത്തിസ്ഗഡിനും മുകളിൽ ന്യൂനമർദവും മധ്യ മഹാരാഷ്ട്രയ്ക്ക് മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായാണ് മഴ പ്രതീക്ഷിക്കുന്നത്.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications