തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയും കാറ്റും; മരം വീണ് രണ്ട് മരണം, കനത്ത നാശനഷ്ടങ്ങള്‍
പത്തനംതിട്ട: തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയിലും കാറ്റിലും കനത്ത നഷ്ടം. മധ്യകേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിലും ശക്തമായ മഴ പെയ്തു. പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളില്‍ മരണം വീണ് രണ്ട് മരണവും സംഭവിച്ചു. കൊട്ടാരക്കരയില്‍ റബ്ബര്‍ മരം വീണ് വീട്ടമ്മയാണ് മരിച്ചത്. ഇഞ്ചക്കാട് സ്വദേശിനി ലളിതകുമാരി (62) ആണ് മരിച്ചത്. മഴയ്ക്ക് ശേഷം വീട്ടിന് പുറത്തേക്കിറങ്ങിയപ്പോള്‍ രണ്ട് റബ്ബര്‍ മരങ്ങള്‍ കടപുഴകി വീഴുകയായിരുന്നു. ഉടന്‍ തന്നെ ലളിതകുമാരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
അടൂരില്‍ മരണം വീണ് സ്‌ക്കൂട്ടര്‍ യാത്രക്കാരനാണ് മരിച്ചത്. നെല്ലിമുകള്‍ സ്വദേസി മനു മോഹന്‍ (32) ആണ് മരിച്ചത്. ചൂരക്കോട് കളത്തട്ട് ജംഗഷനിലായിരുന്നു അപകടം. സ്‌കൂട്ടറില്‍ പോകുകയായിരുന്ന മനുവിന്റെ ദേഹത്ത് മരം വീഴുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ മനു മരണപ്പെട്ടു. ഈ പ്രദേശത്തെ ഗതാഗതം തടസപ്പെട്ട നിലയിലാണ്.

കനത്ത മഴയില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണിരുന്നു. ഏനാത്ത് കാറ്റില്‍ വീടിന്റെ മേല്‍ക്കൂര പറന്നുപോയി. പൊലിക്കോട് പെട്രോള്‍ പമ്പിന്റെ ആറ് വീടുകളുടെയും മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. ആയൂരില്‍ കശുവണ്ട് ഫാക്ടറിയുടെ മേല്‍ക്കൂര പറന്ന് മറ്റൊരു വീടിന് മുകളില്‍ വീണു. വീട്ടിലുള്ളവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കൊട്ടാരക്കര റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്ന ഭാഗത്ത് മരങ്ങള്‍ കടപുഴകി വീണ് ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്.
അതേസമയം, അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
2023 ഏപ്രില്‍ 04 മുതല്‍ 08 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണെന്നതിനാല്‍ കാര്‍മേഘം കണ്ടു തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണം. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.












Click it and Unblock the Notifications