സംസ്ഥാനത്ത് മഴ കുറയില്ല, പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും, 5 ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ മഴയ്ക്ക് ശമനമുണ്ടാവില്ല. ഇന്നും മഴ തുടരും. വരും ദിവസങ്ങളിലും കനത്ത മഴ തന്നെ ഉണ്ടാവും. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം ജൂലായ് 19ഓടെ രൂപപ്പെട്ടേക്കാം. ഈ സാഹചര്യത്തിലാണ് മഴ കനക്കുക. ഇന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ, തൃശൂര്‍ കോട്ടയം, ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും ഇന്ന് അവധിയാണ്. അതേസമയം സംസ്ഥാനത്താകെ വലിയ നാശനഷ്ടങ്ങലാണ് മഴയെ തുടര്‍ന്നുണ്ടായിരിക്കുന്നത്. എല്ലാ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മലയോര-തീരദേശ മേഖലകളിലാണ് ജാഗ്രതാ നിര്‍ദേശമുണ്ട്. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. അതേസമയം അഞ്ച് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മഞ്ഞ അലര്‍ട്ട് ഏഴ് ജില്ലകളിലുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ടുള്ളത്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച അഞ്ച് ജില്ലകളില്‍ അടുത്ത 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ മഴ വരെ ലഭിക്കും.
അതേസമയം വ്യാപകമായ മണ്ണിടിച്ചിലാണ് പലയിടത്തുമുള്ളത്. വയനാട് കല്‍പ്പറ്റ ബൈപ്പാസില്‍ മണ്ണിടിഞ്ഞ് വീണു. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. കണ്ണൂര്‍ പാല്‍ചുരം ഒന്നാം വളവിലും മണ്ണിടിഞ്ഞു. ഒരു ഭാഗത്തെ മണ്ണ് നീക്കിയിട്ടുണ്ട്. വാഹനങ്ങള്‍ കടത്തിവിട്ട് തുടങ്ങിയിട്ടുണ്ട്.
മലയോര മേഖലകളില്‍ ജാഗ്രത വേണമെന്നും കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തെക്കന്‍ ഛത്തീസ്ഗഡിനും വിദര്‍ഭക്കും മുകളിലായി ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ പാത്തിയും നിലനില്‍ക്കുന്നുണ്ട്.
വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റന്നാള്‍ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ 8.45 സെന്റിമീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്തത്. 22ന് ശേഷം മഴയ്ക്ക് തീവ്രതയേറും.
കുറഞ്ഞ സമയം കൊണ്ട് കനത്ത പെയ്യുമെന്നാണ് പ്രവചനം. മലവെള്ളപാച്ചിലും മിന്നല്‍ പ്രളയങ്ങളും ഇതേ തുടര്‍ന്നുണ്ടാവാം. മഴക്കെടുതിയില്‍ വിവിധ ജില്ലകളിലായി ഇന്നലെ മാത്രം എട്ട് പേരാണ് മരിച്ചത്. ഒരാളെ കാണാതായി. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കൂടിയ ജലനിരപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications