കനത്ത മഴയും കാറ്റും, വൈദ്യുതി കേബിള്‍ പൊട്ടിവീണു; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
തൊടുപുഴ/കൊച്ചി: അപ്രതീക്ഷിതമായി രാത്രിയോടെ പെയ്ത കനത്ത മഴയില്‍ എറണാകുളത്ത് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കനത്ത കാറ്റിലും മഴയിലും ഇടപ്പള്ളിയില്‍ ഇലക്ട്രിക് കേബിളുകള്‍ പൊട്ടിയതിനെ തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചത്. വൈകിട്ട് 7.03ന് എറണാകുളം നോര്‍ത്തില്‍ നിന്ന് യാത്ര തിരിച്ച ജനശതാബ്ദി എക്‌സ്പ്രസ് 7.13 ആയപ്പോഴേക്കും പിടിച്ചിട്ടു.
രണ്ടര മണിക്കൂറിലേറെയാണ് ഇടപ്പള്ളിക്ക് സമീപം ട്രെയിന്‍ പിടിച്ചിട്ടത്. ഇടയ്ക്ക് ഇതിനകത്ത് വൈദ്യുതി ബന്ധവും നഷ്ടമായതോടെ ചൂട് കാരണം യാത്രക്കാര്‍ ട്രാക്കിലിറങ്ങി. പുതുക്കലവട്ടത്ത് ട്രാക്കില്‍ നിര്‍ത്തിയിട്ട തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് ഡീസല്‍ എഞ്ചിന്‍ ഘടിപ്പിച്ച് മുന്നോട്ട് നീങ്ങി. തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പ്രസ് രണ്ട് മണിക്കൂറിലേറെ കളമശ്ശേരിയിലും ചെന്നൈ മെയില്‍ ഒരു മണിക്കൂറിന് അടുത്ത് എറണാകുളം നോര്‍ത്തിന് സമീപവും പിടിച്ചിട്ടു.

7.40 ന് പുറപ്പെടേണ്ട എറണാകുളം-ഗുരുവായൂര്‍ പാസഞ്ചറും പുറപ്പെടാന്‍ വൈകി. 8.55ന് എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ എത്തേണ്ടിയിരുന്ന യശ്വന്ത്പൂര്‍ ഗരീബരഥ് ഒരു മണിക്കൂറോളം വൈകിയാണ് ഒാടുന്നത്. 7.49 ന് പുറപ്പെടേണ്ടിയിരുന്ന എറണാകുളം ഗുരുവായൂര്‍ പാസഞ്ചറും വൈകുകയാണ്. ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണ് കൊച്ചിയില്‍ ശക്തമായ മഴ പെയ്തത്.
പലയിടത്തും മഴയിലും കനത്ത കാറ്റിലും മരങ്ങള്‍ ഒടിഞ്ഞും കടപുഴകിയും ട്രാക്കുകള്‍ക്ക് സമീപിത്തെ വൈദ്യുത ലൈനുകളിലേക്ക് വീണു. വൈക്കപ്രയാറിലും കിഴക്കേനടയിലും മരങ്ങള്‍ കടപുഴകിയും കൊമ്പൊടിഞ്ഞും വീണു. വൈക്കത്ത് പലയിടത്തും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതോടെ നഗരങ്ങളില്‍ അടക്കം വൈദ്യുതി നിലച്ചു. നാല് മണിക്കൂറിനിടെ മൂന്ന് ട്രെയിനുകള്‍ മാത്രമാണ് ആലുവ-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തിയത്.
കളമശേരിക്ക് അടുത്ത് മരം മുറിഞ്ഞ് വീണ് വൈദ്യുതി ലൈനുകള്‍ പൊട്ടിയതാണ് ട്രെയിനുകള്‍ വൈകാന്‍ കാരണമെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്. അതേസമയം നിലവില്‍ തകരാര്‍ പരിഹരിച്ചതായാണ് വിവരം. ഇടുക്കിയിലെ ലോറേഞ്ചിലും ശക്തമായ മഴയാണ് പെയ്യുന്നത്. തൊടുപുഴയില്‍ കനത്ത മഴയിലും ശക്തമായ കാറ്റിലും മരം വീണ് വീട് തകര്‍ന്നു. ജില്ലയിലെ മലയോര മേഖലയിലും ഇടവിട്ട് മഴ പെയ്യുകയാണ്. കരുണാപുരത്ത് മരം കടപുഴകി വീണു.
അതേസമയം സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ വേനല്‍ മഴ ലഭിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനോട് അനുബന്ധിച്ച് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 9 ന് മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 10 ന് ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട് ആയിരിക്കും.
ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.












Click it and Unblock the Notifications