Kerala Rain Update: സംസ്ഥാനത്ത് മഴ കനക്കുന്നു, വിവിധ ജില്ലകളിൽ അലർട്ട്, ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ ശക്തമാകുന്നു. ഇന്നും നാളെയുമായി ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ ആലപ്പുഴ, കാസര്‍കോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
അതിനിടെ കണ്ണൂർ ശ്രീകണ്ഠാപുരത്ത് ഇടിമിന്നലേറ്റ് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരണപ്പെട്ടു. അസം സ്വദേശിയായ ജാസ് നസ്രി, ഒഡിഷ സ്വദേശിയായ രാജേഷ് മഹാനന്ദിയ എന്നിവരാണ് മരിച്ചത്. ഇരുവരും ചെങ്കൽ ക്വാറിയിലെ തൊഴിലാളികൾ ആയിരുന്നു. മിന്നലേറ്റ് പരിക്ക് പറ്റിയ അസം സ്വദേശി ഗൌതം ആശുപത്രിയിൽ ചികിത്സയിലാണ്.
അടിമാലിയിൽ ശക്തമായ മഴയെ തുടർന്ന് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം. രാത്രി എട്ട് മണിയോടെ ഉണ്ടായ അപകടത്തിൽ ജീവാപായങ്ങളൊന്നുമില്ല. വീട്ടിലുണ്ടായിരുന്ന അരുൺ, ഭാര്യ, കുഞ്ഞ് എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി. അരുണിനെ മണ്ണിനടിയിൽ നിന്നാണ് രക്ഷപ്പെടുത്തിയത്. എറണാകുളം ജില്ലയിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വരുന്ന 5 ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന അറിയിപ്പ്.

വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. അറിയിപ്പുകൾ ഇങ്ങനെ:
15/10/2025 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
16/10/2025 & 17/10/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
18/10/2025 : പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാം.
മാത്രമല്ല, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ) തീരങ്ങളിൽ 1.0 മുതൽ 1.1 മീറ്റർ വരെയും; കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ 1.0 മുതൽ 1.2 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദേശിച്ചിരിക്കുകയാണ്.












Click it and Unblock the Notifications