സംസ്ഥാനത്ത് മഴ പിന്നോട്ടില്ല; ഇന്ന് പരക്കെ മഴ പെയ്യാൻ സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു. ഇന്ന് പരക്കെ മഴ പെയ്യാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നത്. മഴ സാധ്യത കണക്കിലെടുത്ത് ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്.
വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായാണ് കേരളത്തിൽ മഴ ശക്തമാവുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഒക്ടോബർ 9 വരെ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയും അതിന് കാരണമാണ്.

നാളെയും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്ന മൂന്ന് വടക്കൻ ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇത്. എന്നാൽ മലപ്പുറത്തിന് പകരം നാളെ കാസർഗോഡ് ജില്ലയിലാണ് മഴ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പുകൾ കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.
തിങ്കൾ, ചൊവ്വ ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. തിങ്കളാഴ്‌ച തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ചൊവ്വാഴ്‌ചയാവട്ടെ മലപ്പുറം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചത്. അതായത് 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. നിലവിൽ വടക്കൻ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് കൂടുതലായി പുറപ്പെടുവിച്ചിട്ടുള്ളത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
അതേസമയം, ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മഴ മുന്നറിയിപ്പിൽ പറയുന്നത്. അതുകൊണ്ട് തന്നെ ഇടിമിന്നലിൽ ജാഗ്രത പാലിക്കണം. തുറസായ സ്ഥലത്ത് പരമാവധി നിൽക്കാതെ വീടുകൾക്കുള്ളിലേക്ക് മാറാൻ ശ്രമിക്കണം. വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ അതിൽ തന്നെ ഇരിക്കുന്നതാവും ഉചിതം. വീട്ടുപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.












Click it and Unblock the Notifications