സംസ്ഥാനത്ത് മഴ തുടരും; അടുത്ത മണിക്കൂറുകളിൽ 7 ജില്ലകളിൽ മഴ സാധ്യത, ശക്തമായ കാറ്റും ഉയർന്ന തിരമാലയും
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്ക്ക് പുറമേ ഈ ജില്ലകളിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് വിവരം. കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് വരും മണിക്കൂറുകളിൽ മഴ സാധ്യത പ്രവചിക്കപ്പെടുന്നത്.
ഈ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യത ഉണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകളും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നുണ്ട്, ജാഗ്രത പാലിക്കാനാണ് നിർദ്ദേശം.

അതേസമയം, ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ഈ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് ജില്ലയിലെ വിവിധ മേഖലകളിൽ മഴ തുടങ്ങിയിരുന്നു.
ശക്തമായ രീതിയിൽ പെയ്‌തില്ലെങ്കിലും ഇടത്തരം മഴയാണ് പലയിടത്തും കിട്ടിയത്. ഇത് രാത്രി വൈകുവോളം നീണ്ടു. രാവിലെയോടെ ശമനം ഉണ്ടായെങ്കിലും മഴ സാധ്യത കുറഞ്ഞിട്ടില്ല. ജില്ലയിൽ പലയിടത്തും മൂടിക്കെട്ടിയ അന്തരീക്ഷമാണ് ഉള്ളത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് കരുതുന്നത്.
അതിനിടെ നിന്ന് കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്.
കടൽക്ഷോഭം രൂക്ഷമാവാൻ ഇടയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കാനും നിർദ്ദേശമുണ്ട്. മത്സ്യതൊഴിലാളികളുടെ ബോട്ടുകൾ, മറ്റ് യാനങ്ങൾ എന്നിവ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നിലവിലെ സാഹചര്യത്തിൽ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.
കേരള-കർണാടക തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മത്സ്യബന്ധത്തിന് വിലക്ക് ഏർപ്പെടുത്തിയത്.












Click it and Unblock the Notifications