ഇടുക്കി ഡാം നാളെ തുറക്കും; 8 മണിക്കൂറിൽ വെള്ളം ഏലൂരിലെത്തും,അതീവ ജാഗ്രത, ആശങ്ക വേണ്ടെന്ന് കളക്ടർ
ഇടുക്കി; ഇടുക്കി ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും. ജലനിരപ്പ് 2382.88 എത്തിയതോടെയാണ് തീരുമാനം. നിലവിൽ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ ആകെ സംഭരണ ശേഷിയുടെ 82.89 ശതമാനം ആണ് ഇപ്പോൾ ജലനിരപ്പ്.പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഡാം തുറന്നാൽ അഞ്ചു മുതൽ എട്ടു മണിക്കൂറിൽ വെള്ളം ആലുവാപ്പുഴയിലൂടെ ഏലൂരിലെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Recommended Video
അതേസമയം ഇടുക്കി ഡാം തുറന്നാലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ജില്ലാ കളക്ടർ ഡോ രേണു രാജ് പറഞ്ഞു. നിലവിൽ ശക്തമായ മഴ മാറി നിൽക്കുകയും നീരൊഴുക്ക് കുറയുകയും ചെയ്ത സാഹചര്യത്തിൽ ഡാം തുറക്കേണ്ടി വന്നാലും കുറഞ്ഞ അളവിൽ ആയിരിക്കും വെള്ളം പുറത്തേക്ക് ഒഴുകുന്നത്.500 ക്യൂമെക്സ് (ക്യൂബിക് മീറ്റർ പെർ സെക്കന്റ്) ജലം വരെ തുറന്ന് വിട്ടാൽ പെരിയാറിൽ കാര്യമായി വ്യത്യാസമുണ്ടാവാനിടയില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത്രയും ജലം തുറന്ന് വിടേണ്ട സാഹചര്യമില്ലെന്നും കളക്ടർ പറഞ്ഞു.

2021 ഇൽ 100 ക്യൂമെക്സ് ജലമാണ് ഇടുക്കി ഡാമിൽ നിന്ന് തുറന്നു വിട്ടത്. ലോവർ പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ സംഭരിക്കുകയും വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്ത ശേഷം 40 ക്യൂമെക്സ് ജലം മാത്രമാണ് താഴേക്ക് ഒഴുകിയെത്തിയത്.
ഇടമലയാർ ഡാമിന് മുകളിലുള്ള തേനാർ ഡാം പ്രദേശത്തു ശക്തമായ മഴ തുടർന്ന സാഹചര്യത്തിൽ 2021ൽ ഇടമലയാർ ഡാമിൽ നിന്നും 100 ക്യൂമെക്സ് ജലം അന്ന് പുറത്തേക്ക് വിട്ടിരുന്നു. 140 ക്യൂമെക്സ് ജലം അന്ന് പെരിയാറിൽ അധികമായി ഒഴുകിയിട്ടും കാലടി മേഖലയിൽ അഞ്ചു സെന്റിമീറ്റർ മാത്രമാണ് ജലനിരപ്പ് ഉയർന്നത്. മറ്റു പ്രദേശങ്ങളിൽ കാര്യമായ മാറ്റം ദൃശ്യമായില്ല.

നിലവിൽ മുല്ലപ്പെരിയാർ ഡാമിൽ നിന്ന് 2221 ക്യൂസെക്‌സ്( 62.89 ക്യൂമെക്സ് ) ജലമാണ് തുറന്ന് വിടുന്നത്. ഇടമലയാർ ഡാമിൽ അലെർട്ടുകൾ നിലവിലില്ല. മാർത്താണ്ഡവർമ്മ പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് 2.11 മീറ്ററും കാലടിയിൽ 3.73 മീറ്ററും മംഗലപ്പുഴ ഭാഗത്തു 1.95 മീറ്ററുമാണ്. ഈ സ്ഥലങ്ങളിൽ എല്ലാം ജലനിരപ്പ് അപകട നിലക്ക് താഴെയുമാണ്. ഇടുക്കി ഡാമിൽ നിന്ന് ജലം എത്തുന്ന ഡാമുകളും പെരിയാർ നദിയും ഉദ്യോഗസ്ഥരുടെ പൂർണ നിരീക്ഷണത്തിൽ ആണ്. ഇടുക്കി, എറണാകുളം ജില്ലകളിലെ വിവിധ വകുപ്പുകളും ഉദ്യോഗസ്ഥരും വിവരങ്ങൾ വിലയിരുത്തി നിരീക്ഷിക്കുകയാണെന്നും കളക്ടർ അറിയിച്ചു.

ജലനിരപ്പ് 161.5 മീറ്റർ കടന്നതോടെ ഇടമലയാർ ഡാമിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നിലവിലെ സാഹചര്യത്തിൽ ഡാം തുറക്കേണ്ട സ്ഥിതി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് കെ.എസ്.ഇ.ബി, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതായും കളക്ടർ വ്യക്തമാക്കി. ജലനിരപ്പ് 162.5 മീറ്റർ എത്തിയാൽ മാത്രമേ തുറക്കുന്നതിനെ കുറിച്ച് തീരുമാനിക്കുകയുള്ളൂ. ഡാമിന്റെ പരമാവധി നിരപ്പ് 171 മീറ്റർ ആണ്.ഡാമിന്റെ വൃഷ്ടി പ്രദേശത്തു മഴ മാറി നിൽക്കുകയും ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്തതിനാൽ പരമാവധി നിലയിലേക്ക് ജലനിരപ്പ് ഇപ്പോൾ ഉയരാനുള്ള സാധ്യതയില്ല എന്നാണ് വിലയിരുത്തൽ.ഇടമലയാർ ഡാം തുറക്കേണ്ടി വന്നാൽ വെള്ളം ആദ്യമൊഴുകി എത്തുന്നത് ഭൂതത്താൻകെട്ടിലേക്കാണ്. ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും നിലവിൽ തുറന്നിരിക്കുകയാണ്. പെരിയാറിലെ ജലനിരപ്പ് കഴിഞ്ഞ ദിവസങ്ങളേക്കാൾ താഴ്ന്ന നിലയിലാണെന്നും കളക്ടർ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്.കോഴിക്കോട്, ഇടുക്കി, വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് അലർട്ട്. നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് ഉള്ളത്. അതിതീവ്ര മഴയുടെ മുന്നറിയിപ്പില്ലേങ്കിലും ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന കർശന നിർദ്ദേശവും ഉണ്ട്.












Click it and Unblock the Notifications