മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്ന് ഓരോ മാസവും 10000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും
തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്ന് ഓരോ മാസവും 10000 രൂപ വീതം സംഭാവന നല്‍കാന്‍ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. ഒരു വര്‍ഷത്തേക്കാണ് മന്ത്രിമാര്‍ തങ്ങളുടെ ശമ്പളത്തിന്റെ വിഹിതം നല്‍കുക.

അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണത്തില്‍ കാലതാമസം ഉണ്ടാകാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടാകരുത് എന്ന് നിര്‍ദേശം നല്‍കി. പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുകയും പുരോഗതി എല്ലാ വര്‍ഷവും ജനങ്ങള്‍ക്കു മുന്നില്‍ വയ്ക്കുകയും ചെയ്യുന്ന രീതിയാണ് കഴിഞ്ഞ സര്‍ക്കാര്‍ അവലംബിച്ചത്. ഈ സര്‍ക്കാരും ഇതേ രീതി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രധാന പ്രഖ്യാപനങ്ങളായ അതീവ ദാരിദ്ര്യനിര്‍മാര്‍ജനം, സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസില്‍ വരാതെ തന്നെ ലഭ്യമാക്കല്‍, ഗാര്‍ഹിക ജോലിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കല്‍, ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സേവനങ്ങളും മറ്റാവശ്യങ്ങളും അവരുടെ വീട്ടുപടിക്കല്‍ എത്തിക്കുന്നത് എന്നിവയടക്കം സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ള കര്‍മ്മപരിപാടികള്‍ എല്ലാം തന്നെ സമയബന്ധിതമായും ഫലപ്രദമായും നടപ്പാക്കാന്‍ സെക്രട്ടറിമാര്‍ മുന്‍കൈയെടുക്കണം എന്ന് യോഗത്തില്‍ വ്യക്തമാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications