സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും; ക്ലാസുകള്‍ ഉച്ചവരെ മാത്രം, വൈകീട്ട് വരെ നീട്ടുന്ന കാര്യം പിന്നീട്
തിരുവനന്തപുരം: കൊവിഡ് കേസുകള്‍ രൂക്ഷമായതിനെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും. സ്‌കൂളുകള്‍ വീണ്ടും തുറക്കുമ്പോള്‍ ക്ലാസുകല്‍ ഉച്ചവരെ മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സ്‌കൂള്‍ തുറക്കല്‍ മുന്‍ മാര്‍ഗരേഖ പ്രകാരമായിരിക്കുമെന്നും ക്ലാസുകള്‍ വൈകീട്ട് വരെ നീട്ടുമെന്ന കാര്യം കൂടുതല്‍ ആലോചനയ്ക്ക് ശേഷം മാത്രമേ തീരുമാനിക്കുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.
ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി യോഗം ചേരും തയ്യാറെടുപ്പുകള്‍ പൂര്‍ക്കിയാക്കിയ ശേഷമായിരിക്കും മുഴുവന്‍ കുട്ടികളെയും സ്‌കൂളില്‍ എത്തിക്കുക. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നാളെ യോഗം ചേരുന്നുണ്ട്. പതിനാലാം തീയതി ഒന്ന് മുതല്‍ ഒമ്പത് ക്ലാസ് വരെ ക്ലാസുകള്‍ ആരംഭിക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തിപ്പെടുത്താനും കൂടുതല്‍ പേരിലേക്ക് എത്തിക്കാനുമാണ് ആലോചനയെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം, സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഡി ഡി, ആര്‍ ഡി ഡി, എ ഡി, ഡി ഇ ഒ തലത്തിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ഓണ്‍ലൈന്‍ യോഗമാണ് ചേര്‍ന്നത്.
ഫെബ്രുവരി 14 മുതല്‍ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ളാസുകള്‍ വീണ്ടും ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു.
കഴിഞ്ഞ തവണ സ്‌കൂള്‍ തുറക്കുമ്പോള്‍ പുറത്തിറക്കിയ മാര്‍ഗരേഖ അനുസരിച്ചു തന്നെയാകും ഇത്തവണയും സ്‌കൂളുകള്‍ തുറക്കുക. നിശ്ചയിച്ച പാഠഭാഗങ്ങളില്‍ എത്ര പഠിപ്പിച്ചു എന്ന കാര്യം യോഗം വിലയിരുത്തി. എസ് എസ് എല്‍ സിയില്‍ ഏതാണ്ട് 90% വും ഹയര്‍ സെക്കണ്ടറിയില്‍ 75 % വും നിശ്ചയിച്ച പാഠഭാഗങ്ങള്‍ പഠിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. അധ്യാപകരിലെ കോവിഡ് ബാധ മൂലം പഠനം തടസപ്പെടുന്നുണ്ടെങ്കില്‍ ദിവസവേതന നിരക്കില്‍ താല്‍ക്കാലിക അധ്യാപകരെ വെക്കാവുന്നതാണ്. ആഴ്ചയിലൊരിക്കല്‍ വിദ്യാലയങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലകളിലും ജില്ലകള്‍ അത് ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കണം. ഓഫ്ലൈന്‍, ഓണ്‍ലൈന്‍ രൂപത്തില്‍ ക്ളാസുകള്‍ ഉണ്ടാകും. പരീക്ഷാ തീയതികളില്‍ മാറ്റമില്ല.
അതേസമയം, കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി പൊതുപരീക്ഷയുള്ള 10, 12 ക്ലാസുകളിലെ റിവിഷന്‍ ഭാഗങ്ങളുടെ പ്രത്യേക ഓഡിയോ ബുക്കുകളുടെ പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. പത്താം ക്ലാസിലെ മുഴുവന്‍ വിഷയങ്ങളുടെയും റിവിഷന്‍ ക്ലാസുകള്‍ ആകെ പത്ത് മണിക്കൂറിനുള്ളില്‍ കുട്ടികള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന രൂപത്തിലുള്ള ഓഡിയോ ബുക്കുകളായിട്ട് പോര്‍ട്ടലില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ലഭ്യമാക്കുന്നത്. കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് പദ്ധതി വിശദീകരിച്ചു.
ഓരോ വിഷയവും ശരാശരി ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്ലസ് ടു ക്ലാസുകളുടെ ഓഡിയോ ബുക്കുകളും ഫെബ്രുവരി 21 മുതല്‍ ലഭ്യമായിത്തുടങ്ങും. എംപി3 ഫോര്‍മാറ്റിലുള്ള ഓഡിയോ ബുക്കുകള്‍ ഒരു റേഡിയോ പ്രോഗ്രാം കേള്‍ക്കുന്ന പ്രതീതിയില്‍ എല്ലാവര്‍ക്കും കേള്‍ക്കാനും വളരെയെളുപ്പം ഡൗണ്‍ലോഡ് ചെയ്യാനും സോഷ്യല്‍ മീഡിയ വഴിയും മറ്റും മുഴുവന്‍ കുട്ടികള്‍ക്കും പങ്കുവെക്കാനും കഴിയുന്ന തരത്തിലുള്ള സൗകര്യം ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്. ക്യു.ആര്‍. കോഡ് വഴിയും ഓഡിയോ ബുക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ആവശ്യമുള്ളവര്‍ക്ക് ഹൈടെക് പദ്ധതികളുടെ ഭാഗമായി സ്‌കൂളുകളില്‍ ഒരുക്കിയിട്ടുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കാനും കൈറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെതന്നെ കാഴ്ചപരിമിതര്‍ക്ക് ഉപയോഗിക്കാനായി സ്വതന്ത്ര സോഫ്റ്റ്വെയറിലുള്ള 'ഓര്‍ക്ക' സ്‌ക്രീന്‍ റീഡിംഗ് സോഫ്റ്റ്വെയര്‍ കൈറ്റ് സ്‌കൂളുകളിലേക്കുള്ള ലാപ്ടോപ്പുകളില്‍ ലഭ്യമാക്കുകയും മുഴുവന്‍ കാഴ്ച പരിമിതരായ അധ്യാപകര്‍ക്കും പ്രത്യേക ഐ.സി.ടി. പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. ഫസ്റ്റ്ബെല്‍ ക്ലാസുകളും ഈ വിദ്യാര്‍ത്ഥികള്‍ ഒരു പരിധിവരെ കേള്‍ക്കുന്നുണ്ട്. എന്നാല്‍ പൂര്‍ണമായും ശബ്ദരൂപത്തിലുള്ള ഓഡിയോ ബുക്കുകള്‍ കാഴ്ച്ചപരിമിതരായ കുട്ടികള്‍ക്ക് വളരെയേറെ പ്രയോജനപ്പെടും.












Click it and Unblock the Notifications