കേരള സ്റ്റോറി സംപ്രേക്ഷണം ചെയ്യരുതെന്ന് മുഖ്യമന്ത്രി; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ യുഡിഎഫ്
കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച 'കേരള സ്റ്റോറി'യെന്ന സിനിമ പ്രദർശിപ്പിക്കുമെന്ന തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തിൻറെ ഔദ്യോഗിക വാർത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.
പരസ്പര സാഹോദര്യത്തിൽ വിവിധ മതവിഭാഗത്തിൽപ്പെട്ടവർ ഒരുമയോടെ ജീവിക്കുന്ന പ്രദേശമാണ് കേരളം. ലോകത്തിനു മുമ്പിൽ തലയുയർത്തി നിൽക്കുന്ന കേരളത്തെ അപഹസിക്കാനും മതസ്പർദ്ധ വളർത്തുവാനും ലക്ഷ്യമിട്ട് സംഘപരിവാർ തലച്ചോറിൽ ഉടലെടുത്ത കുടിലതയുടെ ഉൽപ്പന്നമാണ് ഈ സിനിമ .

അതി ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ രാജ്യത്തിന് തന്നെ മാതൃകയായ,നീതി ആയോഗിന്റെ അടക്കമുള്ള വിവിധ സൂചികളിൽ മുൻപന്തിയിൽ ഉള്ള കേരളത്തെ സോമാലിയ എന്ന് വിളിച്ച് ആക്ഷേപിച്ചവർ ഇപ്പോൾ മതം മാറ്റത്തിന്റെ കേന്ദ്രം എന്ന് പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്.
സംഘപരിവാർ സ്ഥിരമായി പ്രചരിപ്പിക്കുന്ന നുണകളും അപര വിദ്വേഷവും അടിസ്ഥാനമാക്കിയ സിനിമക്കെതിരെ വ്യാപകമായ പ്രതിഷേധം നേരത്തെ തന്നെ ഉയർന്നുവന്നതാണ്. സംഘപരിവാറിന്റെ വർഗീയ അജണ്ടക്കനുസരിച്ചു പ്രവർത്തിക്കുന്ന കളിപ്പാവയായി ദൂരദർശനെ പോലെയുള്ള പൊതുമേഖലാ സ്ഥാപനം മാറരുത്. ബിജെപി സ്ഥാനാർത്ഥികൾക്കായി വർഗീയ പ്രചാരണം നടത്താനുള്ള ഏജൻസി അല്ല ദൂരദർശൻ.
ഏപ്രിൽ 5 ന് ഈ സിനിമ സംപ്രേക്ഷണം ചെയ്യുമെന്ന അറിയിപ്പ് കേരളത്തെയാകെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. വർഗീയ ധ്രുവീകരണത്തിനായി നടത്തുന്ന ഇത്തരം വിധ്വംസക നീക്കങ്ങളെ മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമ പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു.
'കേരളത്തെ കുറിച്ചുള്ള അസത്യങ്ങള്‍ കുത്തി നിറച്ച 'കേരള സ്‌റ്റോറി' എന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിൻമാറണം. അസത്യങ്ങളുടെ കെട്ടുകാഴ്ചയായ 'കേരള സ്‌റ്റോറി' പ്രദര്‍ശിപ്പിക്കുന്നതിലൂടെ മതേതര സമൂഹത്തിനുള്ളില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ഭരണകൂടം നടപ്പക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഭിന്നിപ്പിന്റെ രാഷ്ട്രീയം കേരളത്തില്‍ ചിലവാകില്ലെന്നു ബോധ്യമായ സാഹചര്യത്തിലാണ് സംഘപരിവാര്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ദൂരദര്‍ശനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത്യ ഇത് യാതൊരു തരത്തിലും അംഗീകരിക്കാനാകില്ല.ഇത് പെരുമാറ്റച്ചട്ട ലംഘനമാണ്. നടപടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും'; വിഡി സതീശൻ പറഞ്ഞു.












Click it and Unblock the Notifications