സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു; അടുത്ത നാല് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, അലർട്ട് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തിരിച്ചുവരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത നാല് ദിവസം കേരളത്തിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എന്നാൽ ഇന്നും നാളെയും കേരളത്തിൽ പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ല. നാളെ മുതൽ ഇടിമിന്നലോട് കൂടിയ മഴ വരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്.
തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമായേക്കും എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും തന്നെ കാര്യമായ മഴ മുന്നറിയിപ്പുകൾ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്നില്ല. എന്നാൽ നവംബർ ഒന്ന് മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ഉൾപ്പെടെയുള്ള മഴ മുന്നറിയിപ്പുകൾ കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.

പുതുക്കിയ മഴ മുന്നറിയിപ്പുകൾ അനുസരിച്ച് നവംബർ ഒന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിലുണ്ടാവുക. നവംബർ 2ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും നവംബർ 3ന് തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് നിലവിലുണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ഈ ജില്ലകളിൽ പ്രസ്‌തുത മഴ മുന്നറിയിപ്പുകൾ നിലവിലുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് പൊതുവെ ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. മഴയോടൊപ്പം ഇടിമിന്നൽ കൂടി വരാൻ സാധ്യത ഉള്ളതിനാൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.
അതിനിടെ കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ തന്നെ ഇന്നും പലയിടത്തും മഴ മാറി നിന്നു. വടക്കൻ ജില്ലകളിൽ കോഴിക്കോട് രണ്ട് മൂന്ന് ദിവസങ്ങളായി കാലാവസ്ഥ ഇതേപടി തുടരുകയാണ്. ജില്ലയിലെ മലയോര മേഖലകളിലും കാര്യമായ മഴ പെയ്‌തിരുന്നില്ല.
അതേസമയം, മഴയ്‌ക്കൊപ്പം ഇടിമിന്നലിന് കൂടി സാധ്യത ഉള്ളതിനാൽ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. ഇടിമിന്നൽ സാഹചര്യങ്ങൾ വരികയാണെങ്കിൽ കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തണം. പരമാവധി വീടുകൾക്ക് ഉള്ളിൽ തന്നെ തുടരുകയാണ് ഉചിതം. കാറുകൾ ഉൾപ്പെടെ മൂടിക്കെട്ടിയ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ അതിനുള്ളിൽ തന്നെ നിൽക്കുക. കൂടാതെ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കാതിരിക്കുക.












Click it and Unblock the Notifications